ചക്രച്ചിറകിലേറി വാനമ്പാടികള്‍ വരുന്നു...പാട്ടിന്‍ പാലാഴി തീര്‍ക്കാന്‍

വീല്‍ചെയര്‍ ഉരുട്ടി സംഗീതത്തിന്‍െറ ലോകത്തേക്ക് ഒരുകൂട്ടം വാനമ്പാടികള്‍ കടന്നു വരുന്നു, നാട്ടില്‍ പാട്ടിന്‍െറ പാലാഴി തീര്‍ക്കാന്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍നിന്നാണ് ‘മ്യൂസിക് വീല്‍സ്’ എന്ന പേരില്‍ സാന്ത്വനം ഓര്‍ക്കസ്ട്ര ഗായകസംഘം എത്തുന്നത്. അരക്കു താഴെ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന 15ഓളം പേരുള്‍പ്പെടുന്ന ട്രൂപ്പാണ് ‘മ്യൂസിക് വീല്‍സ്’. ബദറുസ്സമാന്‍ മൂര്‍ക്കനാട്, ഷംസുദ്ദീന്‍ പൂപ്പലം, ഉദയന്‍ പാങ്ങ്, ഫാരിസ് കോട്ടക്കല്‍, ഫൗസിയ എടക്കര എന്നിവരുടെ നേതൃത്വത്തിലാണ് ഗായകസംഘം പ്രവര്‍ത്തിക്കുക. 
ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ പ്രവാസികളുടെ ‘സാന്ത്വനം’ വാട്സ്ആപ് കൂട്ടായ്മ സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ മ്യൂസിക് വീല്‍സിന്‍െറ പ്രഖ്യാപനം നടന്നു. ഇതേ വേദിയില്‍ ഇവരുടെ ആദ്യ ഗാനമേളയും അരങ്ങേറി. വിരഹവും വേദനയും സ്നേഹവും നന്മയും കൊരുത്ത് ഇവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ സദസ്സില്‍നിന്ന് ഹര്‍ഷാരവം മുഴങ്ങി. വര്‍ഷങ്ങളായി ഇവരുടെ സ്വപ്നമായിരുന്നു ഗാനമേള ഗായകസംഘം രൂപവത്കരിക്കുക എന്നത്. കഴിഞ്ഞ കുറേക്കലമായി ഇരുട്ട് നിറഞ്ഞ നാല് ചുമരുകള്‍ക്കുളില്‍ ജീവിതം തളിനീക്കുന്നവരായിരുന്നു ഇവര്‍. പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന ‘സാന്ത്വനം’ ക്യാമ്പുകളിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നതും കൂട്ടായ്മ രൂപവത്കരിക്കാന്‍ തീരുമാനിക്കുന്നതും. ക്യാമ്പുകളില്‍ പാട്ടുപാടിയവരില്‍നിന്ന് മികവ് പുലര്‍ത്തിയവരെ തെരഞ്ഞെടുത്താണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. സംഘത്തിലെ ഒരാളും ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ളെങ്കിലും നല്ല രീതിയില്‍തന്നെ പാടാന്‍ കഴിവുള്ളവരാണ്. ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്ത് പാട്ട് പാടിയവരും കൂട്ടത്തിണ്ട്. ജീവിതം ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാതെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്കിറങ്ങി ചെറിയ തോതില്‍ വരുമാനമുണ്ടാക്കുകയെന്നതും കുട്ടായ്മയുടെ ലക്ഷ്യമാണ്. നിലവില്‍ കരോക്കെ ഗാനമേളയാണ് അവതരിപ്പിക്കുന്നതെങ്കിലും ഭാവിയില്‍ ഓര്‍ക്കസ്ട്ര തുടങ്ങാന്‍ ആലോചനയുള്ളതായും പൊതുസമൂഹത്തിന്‍െറ സഹായസഹകരണം തങ്ങള്‍ക്കാവശ്യമാണെന്നും ട്രൂപ്പിലെ അംഗം ബദറുസ്സമാന്‍ മൂര്‍ക്കനാട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.