ദേവകലയുടെ തംബുരു ശ്രുതിയിൽ

ഡിസംബറില്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലെ ‘ഋതുശലഭമേ...’ എന്ന ഗാനം ഉദയ് രാമചന്ദ്രന്‍ എന്ന ഗായകന്‍ പാടുന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായിക ശ്രേയ ഘോഷാലുമൊത്താണ്. 1998, 99, 2000 വര്‍ഷങ്ങളില്‍ എം.ജി സര്‍വകലാശാല കലോത്സവങ്ങളില്‍ ലളിതഗാന മത്സരത്തില്‍ വിജയിയായ ഉദയ് പടിപടിയായാണ് സിനിമാരംഗത്ത് ചുവടുവെച്ചത്. ഈ ഗാനം ശ്രദ്ധേയമായതിന്‍െറ ത്രില്ലിലാണ് ഉദയ് രാമചന്ദ്രന്‍ എന്ന വൈക്കം സ്വദേശി. 
ദേവരാജന്‍ മാഷിന്‍െറ തംബുരു

സംഗീത പാരമ്പര്യമുള്ള ഉദയ് സംഗീതം ഗൗരവമായി പഠിച്ചിട്ടാണ് ഗാനരംഗത്തേക്ക് വന്നത്. ദേവരാജന്‍ മാഷിന്‍െറവരെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വം ഗായകരിലൊരാളുമാണ്. ദേവരാജന്‍മാഷിന്‍െറയടുത്തുനിന്ന് പാട്ടുപഠിക്കാനും അവസരം ലഭിച്ചു. ഉദയിന്‍െറ വല്യച്ഛന്‍ വൈക്കം ദേവരാജന്‍ അറിയപ്പെടുന്ന മൃദംഗവിദ്വാനും ദേവരാജന്‍ മാഷിന്‍െറ സുഹൃത്തുമാണ്. അദ്ദേഹം ഉദയ് പാടിയ ഒരു കാസറ്റ് ദേവരാജന്‍ മാഷിന്‍െറയടുത്ത് കേള്‍ക്കാന്‍ കൊടുത്തു. അന്നത് കേള്‍ക്കാന്‍ കഴിയാതിരുന്ന മാഷിനെ ഉദയിന്‍െറ പാട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് തേടിയത്തെി. 

ഒരു വര്‍ഷത്തിനുശേഷം ദേവരാജന്‍ മാഷിന്‍െറ സപ്തതിയോടനുബന്ധിച്ച് കോഴിക്കോട് ദേവരാജന്‍ നൈറ്റ്. അവിടെ ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍’,‘ ഇന്ദ്രവല്ലരി പൂചൂടിവരും’, ‘യവനസുന്ദരി’ തുടങ്ങിയ പാട്ടുകള്‍ പാടിയത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. മാഷിന്‍െറ ഭാര്യ വിളിച്ചു. മാഷിന് പാട്ടുകളിഷ്ടമായി. അദ്ദേഹത്തെ പോയി കാണണമെന്ന് അവര്‍ പറഞ്ഞു. അദ്ദേഹം വൈക്കത്ത് ഒരു പരിപാടിക്ക് വന്നപ്പോള്‍ പോയി കണ്ടു. കാസറ്റ് കൊടുത്തയച്ചെങ്കിലും പാട്ടു കേട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നീയൊരു പാട്ട് പാട് ഞാന്‍ ഉറങ്ങുമോ എന്ന് നോക്കാം എന്നാണ് മാഷ് അന്ന് പറഞ്ഞത്. അദ്ദേഹത്തിന്‍െറ കട്ടിലിന് താഴെയിരുന്ന് പാടി. പാടിയത് അദ്ദേഹത്തിന്‍െറ ‘കേരളം... കേരളം’ എന്ന ഗാനം. കേട്ടുകഴിഞ്ഞ് അദ്ദേഹം  ആ പാട്ടിന്‍െറ നൊട്ടേഷന്‍ പറഞ്ഞു തരാം എന്നു പറഞ്ഞ് രണ്ടു മണിക്കൂര്‍ കൊണ്ട് പലതും പഠിപ്പിച്ചു. പഠിക്കാനായി ചെന്നൈയില്‍ വരണം എന്നും പറഞ്ഞു. 
പിന്നീട് മാഷിന് സുഖമില്ലാതാവുകയും വിടചൊല്ലുകയുമായിരുന്നു. അദ്ദേഹത്തെ എന്നും മാനസഗുരുവായാണ് ഈ ഗായകന്‍ കാണുന്നതും.  മാഷിന് പണ്ട് ആരോ സമ്മാനിച്ച തംബുരു അദ്ദേഹം വൈക്കം ദേവരാജന് സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്‍െറ കൈയില്‍നിന്ന് ഉദയിന് അതു ലഭിച്ചു. ആ തംബുരു ഈ യുവഗായകന്‍ നിധിപോലെ സൂക്ഷിക്കുന്നു. 

ഭക്തിഗാനങ്ങളിലൂടെ
സിനിമയില്‍ എത്തിയിട്ട് അധികകാലം ആയിട്ടില്ളെങ്കിലും നിരവധി ഭക്തിഗാനങ്ങളിലൂടെയും ആല്‍ബം ഗാനങ്ങളിലൂടെയും യൂട്യൂബിലെ റീമേക് ഗാനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഈ ഗായകന്‍. അഞ്ഞൂറിലേറെ ഗാനങ്ങള്‍ ഇതിനോടകം പാടിയിട്ടുണ്ട്. സംഗീതാചാര്യന്മാരായ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്‍െറയും ടി.എസ്. രാധാകൃഷ്ണന്‍െറയും വിദ്യാധരന്‍ മാഷിന്‍െറയും നിരവധി ആല്‍ബങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചിരുന്നു. ടി.എസ്. രാധാകൃഷ്ണന്‍െറ ‘ശരവണപ്രിയന്‍’, ‘പുഷ്പാര്‍ച്ചന’ തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രദ്ധേയമായി. അജ്മല്‍ സംവിധാനം നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ ‘ഡോക്ടര്‍ ഇന്നസെന്‍റ്’ എന്ന സിനിമയിലെ ‘സ്നേഹം പൂക്കും തീരം’ ആണ് ആദ്യ ഗാനം.

തൃപ്പൂണിത്തുറ ശ്രുതി ഓര്‍ക്കസ്ട്രയില്‍ പാടുന്ന കാലയളവിലാണ്  ഭക്തിഗാനങ്ങള്‍ക്ക് ട്രാക്ക് പാടാനുള്ള അവസരങ്ങള്‍ ഉദയിനെ തേടിയത്തെുന്നത്. മലയാളത്തിലെ എല്ലാ പ്രശസ്ത ഗായകര്‍ക്കുവേണ്ടിയും ഉദയ് ട്രാക്ക് പാടിയിട്ടുണ്ട്. കൈരളി ടി.വിയിലെ ഗന്ധര്‍വസംഗീതം പരിപാടിയുടെ ആദ്യ സീസണില്‍ ഫൈനല്‍ റൗണ്ടിലത്തൊനും കഴിഞ്ഞു. രാജീവ് ഒ.എന്‍.വി, കെ.എം. ഉദയന്‍, എം.ജി അനില്‍, സന്തോഷ് വര്‍മ തുടങ്ങിയ സംഗീതസംവിധായകര്‍ ഈണമിട്ട ആല്‍ബങ്ങള്‍ക്കുവേണ്ടിയും പാടി. ചെറിയപ്രായം മുതല്‍തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങിയ ഉദയിന്‍െറ ആദ്യഗുരു അച്ഛന്‍െറ ജ്യേഷ്ഠന്‍ വി.എന്‍. രാജനായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി മ്യൂസിക് അക്കാദമിയില്‍നിന്ന് ഗാനഭൂഷണം നേടി. തുടര്‍ന്ന് കര്‍ണാടക സംഗീതത്തില്‍ എന്‍.പി. രാമസ്വാമിയുടെയും താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെയും ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഉസ്താദ് ഫൈയാസ് ഖാന്‍െറയും മോഹന്‍കുമാറിന്‍െറയും കീഴില്‍ ഉന്നത ശിക്ഷണം. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും അവതരിപ്പിക്കുന്നു. 

ഹൈദരാബാദില്‍ നടന്ന സൗത്ത് സോണ്‍ ഇന്‍റര്‍ യൂനിവേഴ്സിറ്റി കലോത്സവത്തിലും കോഴിക്കോട് നടന്ന ദേശീയ ഇന്‍റര്‍ യൂനിവേഴ്സിറ്റി കലോത്സവത്തിലും ലളിതഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ശ്രദ്ധേയമായ നേട്ടമാണ്. 98ല്‍ ഗായകന്‍ വി. ദേവാനന്ദ് ചിട്ടപ്പെടുത്തിയ ‘ആവണി പൗര്‍ണമി മുഖം നോക്കുവാനത്തെും’ എന്ന പ്രശസ്തമായ ലളിതഗാനമാണ് ഉദയ് എന്ന ഗായകനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചത്. വൈക്കത്തപ്പന്‍ അന്നദാന ട്രസ്റ്റിന്‍െറ കലാസാംസ്കാരിക വിഭാഗത്തിനൊപ്പമായിരുന്നു സ്റ്റേജ് പരിപാടികളില്‍ ആദ്യം പാടിത്തുടങ്ങിയത്. കേരളത്തിനകത്തും വിദേശത്തുമായി യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ബിജിബാല്‍, ഗണേഷ് സുന്ദരം, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ് തുടങ്ങിയ ഗായകര്‍ക്കൊപ്പവും നിരവധി സ്റ്റേജ് ഷോകള്‍ നടത്തിവരുന്നു. 
2013ല്‍ കുവൈത്തിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷനായ 98.4 യു.എഫ്.എം, ആകാശവാണി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ഉദയ് സംഗീതസംവിധാനരംഗത്തുമുണ്ട്. കൂടാതെ, സ്വന്തം സംഗീതത്തിലും അല്ലാതെയും ഉദയ് ചെയ്ത കവര്‍ ആല്‍ബങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ ഹിറ്റാണ്. വിദ്യാസാഗറിന്‍െറ പ്രശസ്തമായ ‘മലരേ മൗനമാ...’ ഗാനം സ്വന്തം ശൈലിയില്‍ പ്രോഗ്രാം ചെയ്തു പുറത്തിറക്കിയിരുന്നു. ഫേസ്ബുക്കിലും യൂട്യൂബിലും ഒരുപാടുപേര്‍ ഇതിനോടകം ഇത് കണ്ടു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസിക്കുന്നു. ഭാര്യ: ഇന്ദു. മകള്‍: ദിയ
പ്രധാന ഗാനങ്ങള്‍
മേലെ ദൂരെ വാനില്‍ (ചിത്രം: ഒരു മലയാളം കളര്‍പടം, സംഗീതം മിഥുന്‍ ഈശ്വര്‍), കുസൃതി കുപ്പായക്കാരാ (ചിത്രം: മൈ ഗോഡ്ര, സംഗീതം: ബിജിബാല്‍), ഓര്‍മകള്‍ക്കൊപ്പം (നമ്പൂതിരി യുവാവ് @43), സ്നേഹം പൂക്കും (ചിത്രം: ഡോക്ടര്‍ ഇന്നസെന്‍റാണ്), ഏക് ബാര്‍ ദേഖോ (ഓപ്പറേഷന്‍ ദുര്യോധന), രാഗം തേടും (രാജമുദ്ര).

Tags:    
News Summary - songs of uday ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT