മരണം വരെ സംഗീതവിദ്യാര്‍ഥി –യേശുദാസ്

ചെന്നൈ: സംവിധായകന്‍ ബി.  ഉണ്ണികൃഷ്ണന്‍െറ പുതിയ പടത്തിന്‍െറ പാട്ട് റെക്കോഡിങ് വേളയിലാണ് പദ്മവിഭൂഷണിലൂടെ രാജ്യം മൂന്നാമതും ആദരിച്ചതായി ഗാനഗന്ധര്‍വന് വിവരം ലഭിക്കുന്നത്. സ്റ്റുഡിയോ ഉത്സവപ്പറമ്പുപോലാകാന്‍ അധിക സമയം വേണ്ടിവന്നില്ല. സിനിമയുടെ നിര്‍മാതാവ് തമിഴ്നാട് സ്വദേശിയായ വെങ്കിടേശിന്‍െറ നേതൃത്വത്തില്‍ മധുരം പങ്കിട്ടു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങള്‍ പ്രതികരണത്തിനായി കാത്തുനില്‍ക്കുന്നെന്ന് അറിഞ്ഞിട്ടും പാട്ട് പൂര്‍ത്തീകരിച്ചാണ് ഗാനഗന്ധര്‍വന്‍ സ്റ്റുഡിയോ വിട്ട് സംസാരിക്കാന്‍ ഇരുന്നത്. സംഗീതരംഗത്ത് പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നീ മൂന്ന് ബഹുമതികളും ലഭിച്ച ഏക മലയാളിയും ഒരുപക്ഷേ ഭാരതീയനും എല്ലാവരുടെയും ദാസേട്ടനായിരിക്കും.

‘‘വലിയൊരു അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഒരുപാട് ഗുരുക്കന്മാരുടെ അനുഗ്രഹം ഇതിലുണ്ട്. സംഗീതമേഖലയില്‍ എനിക്കു മുമ്പ് ഒരുപാട് പ്രഗല്ഭര്‍ കടന്നുപോയിട്ടുണ്ട്. അന്നൊന്നും ഇത്തരം അംഗീകാരങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് ലഭിച്ചില്ല എന്നു പറഞ്ഞ് അവരാരും നിസ്സാരരല്ല. ഭാരതം ഒന്നാകെ തന്ന സ്നേഹത്തിനും പ്രാര്‍ഥനക്കും നന്ദിയുണ്ട്. ജീവിതത്തില്‍ എപ്പോഴും വിദ്യാര്‍ഥിയായിരിക്കാനാണ് ആഗ്രഹിക്കുന്നത്. മരണംവരെ സംഗീതം പഠിക്കുന്ന വിദ്യാര്‍ഥിയായി തുടരും. മരണത്തിലേക്ക് പോകുംവരെ വിദ്യാര്‍ഥിയായിരിക്കണമെന്ന ഖുര്‍ആന്‍ വചനം എപ്പോഴും മനസ്സിലുണ്ട്. സംഗീതം തേടി 60കളില്‍ മദ്രാസിലത്തെുമ്പോള്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. ലക്ഷ്യത്തിലത്തെുമ്പോള്‍ നാം നമ്മെ മറക്കരുത്.

അഹങ്കാരം പാടില്ളെന്ന് ഞാന്‍ എന്നോടും മക്കളോടുപോലും പറയാറുണ്ട്. എളിമ നിറഞ്ഞതായിരിക്കണം ജീവിതം. സന്തോഷത്തിന്‍െറ ഈ വേളയില്‍ എല്ലാവരോടും പറയാനുള്ളത് ഒറ്റ കാര്യം മാത്രം. ചെറിയ കാര്യങ്ങള്‍ക്കുവേണ്ടി തമ്മില്‍ കലഹിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ചിന്തിക്കണം. ജാതി, രാഷ്ട്രീയം എന്നിവക്കുവേണ്ടി സ്വന്തം സഹോദരങ്ങളെ ഇല്ലാതാക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. ഹിംസാത്മകത നിലനില്‍ക്കുമ്പോള്‍ പൂര്‍വിക പാരമ്പര്യം പറഞ്ഞ് ഊറ്റംകൊള്ളുന്നത് നിരര്‍ഥകമാണ്. എല്ലാവരും സ്നേഹത്തിന്‍െറ പ്രവാചകരായി മാറണം. സമയവും കാലവും നല്ലതിനുവേണ്ടി ചെലവഴിക്കാന്‍ മാറ്റിവെക്കണം. എല്ലാവരും സഹോദരങ്ങളാണ്. എല്ലാവരും ഒരുമിച്ച് ജീവിക്കുന്നു.

എല്ലാവരെയും സ്വീകരിച്ച ഭാരതീയ പാരമ്പര്യമാണ് നമുക്കുള്ളത്. അതിനാലാണ് എല്ലാവര്‍ക്കും ഇവിടെ സസുഖം കഴിയാന്‍ സാധിക്കുന്നത്’’ -യേശുദാസ് പറഞ്ഞു. കേരളത്തിലെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം ബുധനാഴ്ച രാവിലെ ചെന്നൈയിലത്തെിയ ദാസേട്ടന്‍ ക്ഷീണംപോലും മറന്നാണ് സ്റ്റുഡിയോയിലേക്ക് പോയത്.

Tags:    
News Summary - singer kj yesudas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT