???. ??. ???????? ?????????????? ???????????? ??????? ??????????? ???????

ശുദ്ധ സംഗീതം കണക്കെ വിശുദ്ധനായൊരാള്‍...

കര്‍ണാടക സംഗീതത്തിലെ വലിയൊരു വാഗേയകാരനായിരുന്നു ഡോ. മംഗലംപള്ളി ബാലമുരളീ കൃഷ്ണയെന്ന അതുല്യ സംഗീതപ്രതിഭ. വാക്കുകളും ആലാപനവും ഒരേപോലെ വശഗതമായ യഥാര്‍ഥ പ്രതിഭ. സ്വന്തം വരികള്‍ സ്വയം ചിട്ടപ്പെടുത്തി സ്വന്തം ശബ്ദത്തില്‍ സംഗീതലോകത്തിന് എണ്ണമറ്റ ഗീതകങ്ങളായി അദ്ദേഹം സമര്‍പ്പിച്ചു.

16ാമത്തെ വയസ്സില്‍ 72 മേളകര്‍ത്താ രാഗങ്ങളിലും കീര്‍ത്തനങ്ങള്‍ രചിച്ച് അതിശയം തീര്‍ത്ത സംഗീത മഹാദ്ഭുതമായിരുന്നു ബാലമുരളീ കൃഷ്ണ സാര്‍. പാരമ്പര്യമായി കിട്ടിയ വരദാനമായിരുന്നു അദ്ദേഹത്തിന് സംഗീതം. അമ്മയും അച്ഛനും സംഗീതത്തില്‍ ജ്ഞാനമുള്ളവര്‍. ഗായകരുടെ കുലത്തില്‍ പിറന്നുവീണ പതിനഞ്ചാം നാള്‍ അമ്മയെ നഷ്ടമായ ബാലമുരളീകൃഷ്ണക്ക് അച്ഛനായിരുന്നു ആദ്യ പാഠങ്ങള്‍ ചൊല്ലിക്കൊടുത്തത്. പിന്നീട് ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ നാലാമത്തെ കണ്ണിയായിരുന്ന പാരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലുവാണ് ബാലമുരളീകൃഷ്ണയിലെ സംഗീതപ്രതിഭയെ കണ്ടെടുത്ത് ലോകത്തിന് സമ്മാനിച്ചത്.

വയലിന്‍, വിയോള, മൃദംഗം, ഗഞ്ചിറ എന്നീ സംഗീത ഉപകരണങ്ങളും അദ്ദേഹം അനായാസമായി കൈകാര്യം ചെയ്തു. വയലിനെക്കാള്‍ കുറച്ചുകൂടി വലുപ്പമുള്ള സംഗീത ഉപകരണമാണ് വിയോള. അന്താരാഷ്ട്ര നിലവാരത്തില്‍ വിയോള വായിച്ചിരുന്ന, നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ഒരേയൊരു സംഗീത സംവിധായകന്‍ ബാലമുരളീകൃഷ്ണ സാറായിരുന്നുവെന്ന് സംശയമില്ലാതെ പറയാം. മികച്ച വയലിനിസ്റ്റ് കൂടിയായിരുന്നതിനാല്‍ പാടുമ്പോള്‍ അതിന്‍െറ ഗുണം അദ്ദേഹത്തില്‍ തെളിഞ്ഞുനിന്നു. സ്വരസ്ഥാനങ്ങള്‍ക്കു വ്യക്തമായ ഊന്നല്‍ നല്‍കി പാടുന്നതായിരുന്നു അദ്ദേഹത്തിന്‍െറ രീതി.

പരമ്പരാഗത ശൈലികളുടെ കടുകിട തെറ്റാത്ത ചാലുകളിലൂടെ പാടിപ്പോകുന്നതിനുപകരം തന്‍േറതായ വഴികള്‍ ആവോളം വെട്ടി മുന്നോട്ടുപോകാന്‍ സംഗീതത്തില്‍ അദ്ദേഹത്തിന് ഒന്നും തടസ്സമായിരുന്നില്ല. അദ്ദേഹത്തിന്‍െറ സംഗീതത്തെ അതേപടി അനുകരിച്ച് പാടിയവര്‍ നിരവധിപേരുണ്ടായിട്ടുണ്ട്. ആന്ധ്രക്കാരനായ നുക്കാനച്ചിന്ന സത്യനാരായണയെ പോലുള്ള ഒട്ടേറെപ്പേര്‍. പക്ഷേ, ബാലമുരളീകൃഷ്ണ ഒന്നേയുള്ളൂ.

നാല് സ്ഥായികളില്‍ താരസ്ഥായിയില്‍ വളരെ അനായാസമായി പാടാനുള്ള അദ്ദേഹത്തിന്‍െറ മികവിനു മുന്നില്‍ സംഗീതലോകം പ്രണമിച്ചുനിന്നിട്ടുണ്ട്. അത്രക്കും ശബ്ദപൂര്‍ണതയായിരുന്നു അദ്ദേഹത്തിന്‍േറത്. വയലിനിസ്റ്റുകൂടിയായിരുന്നതിനാല്‍ കച്ചേരികളില്‍ വയലിന്‍ വായിക്കുന്നവരോട് അദ്ദേഹത്തിന് പ്രത്യേകമായ ഒരിഷ്ടമുണ്ടായിരുന്നു. പത്തു വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്‍െറ കച്ചേരിയില്‍ വയലിന്‍ വായിച്ചത്.

തിരുവനന്തപുരത്ത് കുതിരമാളികയില്‍ നടന്ന കച്ചേരിയിലായിരുന്നു അത്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ രാമവര്‍മത്തമ്പുരാന്‍ സംഘടിപ്പിച്ചതായിരുന്നു ആ കച്ചേരി. കാവിരാഗം, ഹംസവിനോദിനി രാഗം തുടങ്ങിയവയില്‍ കണ്ടത്തെിയ പുതിയ ആവിഷ്കാരങ്ങളായിരുന്നു ആ കച്ചേരിയില്‍ നിറഞ്ഞുനിന്നത്. സ്വാതിതിരുനാള്‍ രചിച്ച അപൂര്‍വ കൃതികള്‍ സ്വന്തം ശൈലിയില്‍ ചിട്ടപ്പെടുത്തിയാണ് അന്ന് പാടിയത്.

എന്‍െറ വയലിന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. കഴിഞ്ഞ 30 വര്‍ഷം ഒപ്പം വായിച്ച അനുഭവമാണ് ഈ ആദ്യ വായനയില്‍ കിട്ടിയതെന്ന് അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ എന്‍െറ ജീവിതത്തിലെ അപൂര്‍വ ഭാഗ്യമാണ്. ഒത്തിരി കച്ചേരികള്‍ക്ക് ഒപ്പം വായിക്കണമെന്ന് പറഞ്ഞെങ്കിലും നാലഞ്ച് കച്ചേരികളില്‍ കൂടിയേ വായിക്കാന്‍ കഴിഞ്ഞുള്ളൂ.

പയ്യന്നൂരിലെ കോത്താങ്കരയില്‍ ഒരു സ്വാമിജിയുടെ ആശ്രമത്തില്‍ നടന്ന കച്ചേരിയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം വായിച്ചിരുന്നു. ചാരുകേശി രാഗത്തില്‍ അദ്ദേഹം പാടിയതിന് അതേപോലെ ഞാന്‍ വായിച്ചത് സാറിന് ഒത്തിരി ഇഷ്ടമായി. സ്റ്റേജില്‍ ഇരുന്ന് അത് തുറന്നുപറഞ്ഞ് കൈയടിക്കാനും ‘ഞാന്‍ പാടിയപോലെ വായിച്ചു’ എന്ന് പറയാനും അദ്ദേഹം മടികാണിച്ചില്ല. ആര്‍ട്ടിസ്റ്റിന്‍െറ വലുപ്പ ചെറുപ്പത്തെ അദ്ദേഹം വകവെച്ചിരുന്നില്ല.

ഏറ്റവും ഒടുവില്‍ കേരളത്തില്‍ വന്നത് ഈ വര്‍ഷം ജനുവരി 23ന് തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ കാനാടി ചാത്തന്‍ മഠത്തിലെ കച്ചേരിക്കായിരുന്നു. അന്ന് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ടായിരുന്നു. പക്ഷേ, ശാരീരത്തില്‍ ഒരു അസ്വാസ്ഥ്യവും കാണാനുണ്ടായിരുന്നില്ല. എല്ലാവരും കൂടി പിടിച്ചാണ് അദ്ദേഹത്തെ സ്റ്റേജില്‍ കയറ്റിയത്. പാടിത്തുടങ്ങിയപ്പോള്‍ 86 വയസ്സിന്‍െറ വിവശതകളൊക്കെ അദ്ദേഹത്തില്‍നിന്ന് പറന്നുപോകുന്ന പോലെ തോന്നി.

എന്‍െറ അച്ഛന്‍ എന്‍. സുബ്രഹ്മണ്യന്‍ ശര്‍മയും ബാലമുരളീകൃഷ്ണ സാറിനൊപ്പം അറുപതുകളില്‍ വയലിന്‍ വായിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും അദ്ദേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. നാരദന്‍െറ വേഷം സിനിമയില്‍ അഭിനയിക്കുകപോലും ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അദ്ദേഹത്തിന്‍െറ അഭിനയവും കാണാനായി. ‘സ്വാതിതിരുനാള്‍’ എന്ന സിനിമയിലെ പാട്ടിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും മലയാളികള്‍ അദ്ദേഹത്തിന് നല്‍കി ആദരിച്ചു.

‘ഭരതം’ എന്ന സിനിമയില്‍ യേശുദാസിനൊപ്പം അദ്ദേഹം പാടിയതാണെന്നു തോന്നുന്നു ഒടുവില്‍ മലയാള സിനിമയില്‍ പാടിയത്. കര്‍ണാടക സംഗീതത്തിന് അദ്ദേഹത്തിന്‍െറ വിയോഗം തീര്‍ക്കുന്ന നഷ്ടം ചെറുതല്ല. ശുദ്ധസംഗീതംപോലെ ശുദ്ധമനുഷ്യനുമായിരുന്നു അദ്ദേഹം.

(ഡോ. ബാലമുരളീകൃഷ്ണയുടെ കച്ചേരികളില്‍ വയലിന്‍ വായിച്ചിട്ടുള്ള സംഗീതജ്ഞനാണ് ലേഖകന്‍)

തയാറാക്കിയത്: കെ.എ. സൈഫുദ്ദീന്‍

Tags:    
News Summary - sacred as pure music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT