ഗാനാലാപനത്തിലൂടെ കലാവസന്തത്തെ  തിരികെ ചോദിച്ച് മന്ത്രി

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.... ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം.... ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ഉത്സവംകൂടി....എനിക്കിനിയൊരു ഉത്സവം കൂടി....തന്‍െറ പ്രസംഗം ഒരു ഗാനത്തോടെ  അവസാനിപ്പിക്കാമെന്ന് പറഞ്ഞ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കൊട്ടാരം വില്‍ക്കാനുണ്ട് എന്ന സിനിമയിലെ ഗാനം ആലപിച്ച് നിറഞ്ഞുതുളുമ്പിയ ‘നിള’യിലെ ജനസാഗരത്തിന്‍െറ നിറഞ്ഞ കൈയടി നേടിയത്. ഇനിയൊരു ജന്മം കൂടി എന്ന വരി മാറ്റിപ്പാടി കലോത്സവത്തെ ഒരിക്കല്‍ കൂടി കണ്ണൂരിലത്തെിക്കുമോ  എന്ന ചോദ്യമുന്നയിച്ചാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മുഖ്യസംഘാടകനും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി കാണികളുടെ കൈയടി നേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്ത കലോത്സവ സമാപന ചടങ്ങിലാണ്  മന്ത്രി പാട്ടുംപാടി കാണികളെ കൈയിലെടുത്തത്. കലോത്സവം പ്രഖ്യാപിച്ചതുമുതല്‍ ഒരു മാസമായി കണ്ണൂരില്‍ ക്യാമ്പ് ചെയ്താണ് കടന്നപ്പള്ളിയും സംഘാടകരും ഈ വര്‍ഷത്തെ കലാമേളയെ വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ചരിത്രത്തിലാദ്യമായി ഗ്രീന്‍ പ്രോട്ടോകള്‍ കൃത്യമായി പാലിച്ച കലോത്സവമെന്ന ഖ്യാതിയും കണ്ണൂരിന് സ്വന്തം. കലോത്സവത്തിന്‍െറ മൂന്നാം നാളില്‍ ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുണ്ടായ ഹര്‍ത്താലുമൊഴിച്ചാല്‍ കലാമേള സമ്പൂര്‍ണ വിജയം തന്നെയായിരുന്നു. കലോത്സവത്തിനത്തെിയ പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഭക്ഷണം ലഭ്യമാക്കാനും വാഹനസൗകര്യമേര്‍പ്പെടുത്താനും ഞൊടിയിടയില്‍ തീരുമാനം കൈക്കൊണ്ട സ്വാഗതസംഘത്തിന് നൂറില്‍ നൂറ് മാര്‍ക്കും എ ഗ്രേഡും നല്‍കാന്‍ അന്യജില്ലകളില്‍ നിന്നത്തെിയ മത്സരാര്‍ഥികളും രക്ഷിതാക്കളും മറന്നില്ല. പതിവില്‍നിന്ന് വിപരീതമായി കണ്ണൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും ഫെസ്റ്റ് ഓട്ടോ ബെസ്റ്റ് ഓട്ടോ എന്ന സ്വാഗതസംഘത്തിന്‍െറ കാമ്പയിനെ നെഞ്ചേറ്റിയതും കലാപ്രേമികള്‍ക്ക് ആശ്വാസമേകി. ജില്ലയിലെ മുഴുവന്‍ യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും കുടിവെള്ള വിതരണത്തിനും ഗതാഗത നിയന്ത്രണത്തിനും വളന്‍റിയര്‍മാരായി സേവനം നടത്തിയും കലാമേളയുടെ വിജയത്തിന്‍െറ മാറ്റുകൂട്ടി. കൃത്യനിര്‍വഹണം കാര്യക്ഷമമായി ഏറ്റെടുത്ത പൊലീസും ഏല്‍പിച്ച ജോലികള്‍ ഭംഗിയായി നിര്‍വഹിച്ച അധ്യാപക-അനധ്യാപക-ഉദ്യോഗസ്ഥ സംഘടനകളും ഏഴുദിവസമായി നടന്ന മേളയോടൊപ്പം ജീവിക്കുകയായിരുന്നു.  

Tags:    
News Summary - ramachandran kadannappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT