??? ??????? ???????? ?????? ??? ??????

ഓമലാളേ... നിന്നെയോർത്ത്... (അഭിമുഖം)

കണ്ണൂരിലെ റാസ റസാഖും തിരുവനന്തപുരത്തെ ഇംതിയാസ് ബീഗവും കേരളം പ്രതീക്ഷയോടെ നോക്കുന്ന സ്നേഹത്തോടെ കേൾക്കുന്ന വിരഹത്തോടെ ഓർക്കുന്ന പ്രണയ ശബ്ദങ്ങളാണ്. ഗസലിന്‍റെ മാസ്മരിക ലോകത്തെ കൊച്ചിണക്കുരുവികൾ മാത്രമാണ് തങ്ങളെന്ന് സ്നേഹത്തോടെ പറഞ്ഞുവെക്കുന്നു. ഓമലാളേ... എന്ന മ്യൂസിക് കൺസേർട്ടുമായി കോഴിക്കോടെത്തിയ റാസയുടെ ജീവിതത്തിലൂടെ...

ജനനം, പഠനം, സംഗീതം ?
കണ്ണൂർ കക്കാടാണ് ജനിച്ചു വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ തന്നെ ആയിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബമൊന്നും അല്ലായിരുന്നെങ്കിലും ആസ്വാദകരും പ്രോത്സാഹനം തരുന്നവരുമായിരുന്നു ഉപ്പയും ഉമ്മയും. ഔപചാരികമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും കീബോർഡും ഹാർമോണിയവുമായി പരിചയപ്പെടാൻ ചെറുപ്പത്തിലേ സാധിച്ചു. പിന്നീട് വളരുന്നതിനനുസരിച്ച് സംഗീതത്തിലുള്ള താൽപര്യവും വർധിച്ചു. പക്ഷേ ജോലി, ജീവിതം എന്നിവക്കായുള്ള നെട്ടോട്ടത്തിൽ സംഗീതത്തെ കുറച്ചുനാളേക്ക് ഹൃദയത്തിൽ നിന്ന് ഇറക്കിവെക്കേണ്ടി വന്നെങ്കിലും അത് ആഴങ്ങളിൽ വേരാഴ്ത്തുകയാണുണ്ടായത്. അങ്ങിനെ അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സംഗീതത്തിൽ തന്നെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഓമലാളേ... എന്ന ഒറ്റ ഗാനമാണല്ലോ റാസ-ബീഗം ദമ്പതികളെ കേരളത്തിലിത്രയും പ്രശസ്തരാക്കിയത്, ആ പാട്ടോർമ്മകൾ പങ്കുവെക്കാമോ?
യൂനുസ് സലീം എന്ന എന്‍റെ ബാല്യകാല സുഹൃത്താണ് 'ഓമലാളെ നിന്നെയോര്‍ത്ത്/ കാത്തിരിപ്പിന്‍ സൂചി മുനയില്‍/ മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത് /ഞാന്‍ നിനക്കൊരു മാല തീര്‍ത്തു' എന്ന വരികള്‍ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയത്. പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ് 2012ല്‍ ഞാന്‍ ഐല്‍ഐനില്‍ ജോലി ചെയ്യുമ്പോള്‍ ഈ വരികള്‍ അവന്‍ എനിക്ക് അയച്ചുതന്നു. അന്ന് അതിനങ്ങനെ പ്രത്യേക ട്യൂണൊന്നും കൊടുത്തിട്ടില്ലായിരുന്നു. പിന്നെ അവിടെ ഒറ്റക്കിരിക്കുമ്പോള്‍ ഹാര്‍മോണിയം എടുത്തു പാടിപ്പാടി അനുപല്ലവിയൊക്കെ മറ്റൊരു സ്റ്റൈല്ലില്‍ ആക്കി ഭാര്യ ഇംതിയാസ് ബീഗത്തിന് അയച്ചു കൊടുത്തു. അവളത് സൂക്ഷിച്ച് വെക്കുകയും 2015ല്‍ വീട്ടിലെത്തി കുടുംബവുമായി ഈ പാട്ടുപാടുന്ന സമയത്ത് മോളത് കേട്ട് ഏറ്റുപാടുകയും ഇംതിയാസ് ഞങ്ങളറിയാതെ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അത് വൈറലാവുകയും, ഈ പാട്ട് ആരുടേതാണ്? ബാബുക്കയുടേതാണോ? മുഴുവന്‍ ലഭിക്കുമോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു.

അങ്ങനെയാണ് ആ പാട്ട് ഇത്രമേല്‍ ആളുകളിലെത്തുന്നത്, ആരാധകരുണ്ടാകുന്നത്. മനോഹരമായ വരികളാണ് ആ പാട്ടിന്‍റെ ആത്മാവ്. യൂനുസിന്‍റെ ഏറ്റവും മികച്ച വരികളാണ് ഇതെന്നെനിക്ക് തോന്നാറുണ്ട്. പിന്നീട് ഐപാഡില്‍ മ്യൂസിക് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഹെഡ്‌ഫോണ്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത് മുഴുവനാക്കി. അതുകൊണ്ടുള്ള റോ സ്വഭാവം ആ പാട്ടിനുണ്ട്. കൂടാതെ പഴയ കാലപാട്ടുകളുടെ സൗണ്ട് ഡിസൈന്‍ ആണതില്‍ ഉപയോഗിച്ചിട്ടുള്ളത്. അതും ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണമായി. പിന്നീട് കേട്ട പലരും നല്ല അഭിപ്രായം പറയുകയും ഏറ്റെടുക്കുകയും ചെയ്തു. മ്യൂസിക്കിനേക്കാളും വരികളാണ് എനിക്കതില്‍ ഇഷ്ടമായത്. അതുകൊണ്ടു തന്നെ ആ വരികള്‍ നമ്മുടെ ഇടപെടല്‍ കൊണ്ട് മരിച്ച് പോകരുതെന്ന് കരുതി പരമാവധി മിനിമല്‍ രീതിയിലാണ് മ്യൂസിക് ചെയ്ത്.

സംഗീതലോകത്തെ തുടക്കം എങ്ങിനെയാണ്?
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. വളരെ സാധാരണക്കാരായ ഉപ്പയും ഉമ്മയും തന്ന പ്രോത്സാഹനം മാത്രമായിരുന്നു കൈമുതല്‍. ഒരു ചിത്രക്കാരനാകുക എന്നതായിരുന്നു ചെറുപ്പത്തിലെ വലിയ സ്വപ്നം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപ്പ സമ്മാനിച്ച കാസിയോ കീബോര്‍ഡ് നല്ലൊരു തുടക്കമായി. പിന്നീട് ഉപ്പയുടെ സുഹൃത്ത് മൊഹമ്മൂദിന്‍റെ അടുത്ത് പോയി ഹാര്‍മോണിയം കുറച്ചൊക്കെ പഠിച്ചു. പിന്നീട് വോക്കലില്‍ ഹാര്‍മോണിയം തന്നെ ഗുരുവായി മാറി.

അങ്ങനെയിരിക്കെ ഒരു മഴക്കാലത്ത് നാട്ടിലെ ക്ലബ്ബില്‍ വെച്ചുകേട്ട ഗസല്‍ കാന്തം പോലെ അവിടേക്ക് ആകര്‍ഷിപ്പിച്ചു. അവിടെ നീളം കുറഞ്ഞ കഷണ്ടിയുള്ള ഒരാള്‍ ഒരു മൂലയില്‍ കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അയാളോടാരോ പാട്ടു പാടുമോന്ന് ചോദിച്ചപ്പോള്‍ ഹാര്‍മോണിയത്തിന്‍റെ അടുത്തു വന്നു പറഞ്ഞു ഞാന്‍ പെട്ടി വായിച്ചാണ് പാടാറെന്ന്. മുഹമ്മദെന്നാണ് പേരെന്നും കോഴിക്കോടാണ് വീടെന്നും പറഞ്ഞ് ജഗ് ജീത് സിങ്ങിന്‍റെ പ്രസിദ്ധമായ 'തും നഹീ..' പാടിത്തിമിര്‍ത്തു. അയാളുടെ കോഡുകളും കോഡിന്‍റെ ഒപ്പമുള്ള ശബ്ദവും ആ ദിനത്തെ അവിസ്മരണിയമാക്കി.

പിന്നീട് അയാളെക്കുറിച്ചു ഒരുപാട് അന്വേഷിച്ചു. തലത്ത് മൊഹുമ്മൂദിന്‍റെ വീട്ടില്‍ വോക്കല്‍ ട്രൈനിങ് കിട്ടിയ ആളാണദ്ദേഹമെന്നും മുഹമ്മദ് എന്നാണ് പേരെന്നും അറിഞ്ഞു. ഇപ്പോഴും ഈ കോഴിക്കോട് നഗരത്തില്‍ വരുമ്പോള്‍ അയാളെ കണ്ടെത്തി ഗസല്‍ കേള്‍ക്കണമെന്ന ആഗ്രഹം മനസില്‍ നിറയുന്നുണ്ട്. കണ്ടെത്താനായിരുന്നെങ്കില്‍...? ആദ്യകാലങ്ങളില്‍ ബാലുമുരളീ കൃഷ്ണ, യേശുദാസ് ഒക്കെയായിരുന്നു ഹീറോസെങ്കില്‍ പിന്നീട് ക്ലബ്ബിലെ സഹവാസം കൊണ്ട് ഹിന്ദി ഗസല്‍, ഖവാലി ഗാനങ്ങളെ പരിചയപ്പെട്ടു. ഗസല്‍ പാടാനുള്ള ആഗ്രഹം ശക്തമാവുകയും ചെയ്തു.

പ്രണയാര്‍ദ്ര ഗീതങ്ങളുടെ സൃഷ്ടാവെന്ന നിലക്ക് പ്രണയജീവിതം ഒന്ന് പറയാമോ?
പ്രണയമാദ്യവും എപ്പോഴും പാട്ടിനോട് തന്നെയായിരുന്നു. അങ്ങനെയിരിക്കെ ആ പാട്ടിനെ ഏറ്റെടുക്കുന്ന ഒരാളെ കണ്ടപ്പോള്‍ അയാളോട് പ്രണയമായി. ഗസലിനെ ഇഷ്ടപ്പെടുന്ന, ഹാര്‍മോണിയം വായിച്ച് പാടുന്ന ഇംതിയാസിനെ കണ്ണൂരില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. പ്രണയം തുറന്നു പറഞ്ഞു. പ്രണയ സന്ദേശങ്ങള്‍ ടെക്സ്റ്റ് മെസേജുകളിലും കത്തെന്ന പോലെ കൈമാറി. ഗസല്‍ എന്ന മാധ്യമം തന്നെ പ്രണയ സംവേദനത്തിന്‍റെ ഏറ്റവും വലിയ രീതിയാണ്.

പ്രണയകാലത്തെ ഇഷ്ടമാര്‍ന്ന പാട്ടേതാണ്?
ആ കാലത്തെ മറക്കാനാകാത്ത ഒരു പാട്ടായിരുന്നു ഷഹബാസ്‌ക്കയുടെ സജിനി. പ്രണയിനിയോട് പിണങ്ങിയിരിക്കുമ്പോള്‍ ഇതിലെ വരികള്‍ പാടിയും മെസേജ് അയച്ച് കാത്തിരുന്നത് വളരെ ആര്‍ദ്രമായ ഓര്‍മ്മകളാണ്. പ്രണയിക്കുന്നവര്‍ ഗസല്‍ വരികൾ പഠിക്കുന്നത് എത്ര മനോഹരമായിരിക്കും.

ഗസല്‍ ധാരകളെ കുറിച്ച്?
നോര്‍ത്ത് ഇന്ത്യയില്‍ ഗസല്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഒത്തുചേരുന്ന വേളകളിലവര്‍ ഗസല്‍ വരികള്‍ പരസ്പരം പറഞ്ഞിരിക്കും. മുഗള്‍ പാരമ്പര്യത്തിന്‍റെ ബാക്കി പത്രമാണത്. ഗസല്‍ ഉര്‍ദുഭാഷയുടെ കള്‍ച്ചറാണ്. വിരഹവുമായി ബന്ധപ്പെട്ട നിര്‍മ്മല ഗീതങ്ങളാണവ. ഹിന്ദുസ്ഥാനിയുടെ ധാരാളം ശാഖകളിലൊന്നു മാത്രമാണ് ഗസല്‍ (സാഹിത്യത്തിന് പ്രധാന്യം കൊടുക്കുന്നു). പുതിയ തലമുറ യൂടൂബിന്‍റെ സാധ്യതകളെ ഉപയോഗിച്ച് ഗസല്‍ ധാരാളമായി കേള്‍ക്കുകയും വരികള്‍ ശ്രദ്ധിക്കുകയും മലയാളത്തില്‍ ഇത്തരം ഗസലുകള്‍ വേണമെന്ന് ആഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ മലയാള ഗസല്‍ എന്ന് പറയുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ഗസലിന്‍റെ സ്വഭാവമുള്‍ക്കെള്ളുന്ന ഭാവഗീതങ്ങൾ എന്നാണ്. എന്‍റെ പാട്ട് കേട്ട് ഗസലിന്‍റെന്റെ ലോകത്തേക്ക് പുതിയ തലമുറ പ്രവേശിക്കുന്നത് വളരെ സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്.


ഹിന്ദുസ്ഥാനി സംഗീത ലോകത്തെക്കുറിച്ച് പറയാമോ?
ഹിന്ദുസ്ഥാനി ഒരുപാട് വലിയ ലോകമാണെന്ന് പറഞ്ഞുവല്ലോ. തുമരി, ഘയാല്‍ തുടങ്ങിയ ഒരുപാട് വകഭേദങ്ങളുണ്ടതിന്. അതുപോലെ പല പല ഖരാനകള്‍ തനതായ സംഗീതം പഠിപ്പിക്കുന്നുണ്ട്. ഞാന്‍ ഹിന്ദുസ്ഥാനി ആര്‍ടിസ്റ്റിനെ ബെയ്‌സ് ചെയ്താണ് കേള്‍ക്കാറ്. ബഡേ ഗുലാം അലിഖാന്‍, കൗശിക് ചക്രവര്‍ത്തി, റാഷിദ് ഖാന്‍, ജഗ് ജിത്ത് സിങ്, കിഷോരി അമോല്‍ക്കര്‍, മെഹ്ദി ഹസ്സന്‍ സാഹിബ്, ഗുലാം അലി തുടങ്ങിയ മാസ്‌റ്റേഴ്‌സിനെ ഒക്കെ കേട്ട് ലഹരി കയറിക്കഴിഞ്ഞാല്‍ നമ്മളൊക്കെ ഇന്‍സ്‌പൈയേഡായി മാറും. കളങ്കമില്ലാത്ത പരിശുദ്ധ ശബ്ദമാണവരുടേത്. ശബ്ദത്തിന്‍റെ പലതരം ഡൈനാമിക്‌സ് അവര്‍ എത്രയോ നാള്‍ മുന്‍പേ ഉപയോഗിച്ചിരിക്കുന്നു!

ഡല്‍ഹിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കുമാര്‍ ഗന്ധര്‍വ്വ എന്ന മഹാനായ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍റെ മകനുണ്ട് പണ്ഡിറ്റ് മുകുള്‍ ശിവപുത്ര. അയാല്‍ പാടുന്നത് കേട്ടാല്‍ നാമൊക്കെ തകര്‍ന്നു പോകും. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതമൊക്കെ ഒരുപോലെ വഴങ്ങുന്ന അയാള്‍ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കാതെ യാചകനെ പോലെ ജീവിക്കുകയാണുണ്ടായത്. അങ്ങിനെയങ്ങിനെ ഇതിഹാസ സമാനമായ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ നാട്ടിലാണ് നാം ജീവിച്ചിരിക്കുന്നത് എന്നതുതന്നെ സൗഭാഗ്യമാണ്.

അടുത്തിടെ മരിച്ച അന്ന പൂര്‍ണ്ണാദേവി ഇതുപോലെ ഒരു ലെജൻഡ് ആയിരുന്നല്ലോ, അവരുടെ സംഗീതത്തെക്കുറിച്ച്?
അന്ന പൂര്‍ണ്ണാ ദേവി പ്രസിദ്ധ സംഗീതജ്ഞനായ അലാവുദ്ദീന്‍ ഖാന്‍റെ മകളാണ്. 14ലധികം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനറിയാവുന്ന ഇന്ത്യയുടെ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. മകളാവട്ടെ സുര്‍ബഹാര്‍ എന്ന ഏറ്റവും ബുദ്ധിമുട്ടേറിയ സംഗീതോപകരണത്തില്‍ അഗ്രഗണ്യയായിരുന്നു. ഹരിപ്രസാദ് ചൗരസ്യയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടവര്‍ക്ക്. ശിഷ്യനാവാന്‍ ശ്രമിച്ച് മടുത്ത ചൗരസ്യക്ക് അവസാനം ഒരു അപോയ്‌മെന്‍റ് ലഭിച്ചു. അവരെ നേരില്‍ കണ്ടപ്പോള്‍ ഏതു കൈകൊണ്ടാണ് പുല്ലാംകുഴൽ വായിക്കുന്നതെന്ന് ചോദിച്ചു. വലതു കൈ കൊണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ ഇടതു കൈ കൊണ്ട് വായിക്കാന്‍ പഠിക്കാന്‍ പറഞ്ഞ് തിരിച്ചു വിട്ടതും ചൗരസ്യ ഇടതുകൈ കൊണ്ടുള്ള പുല്ലാംകുഴല്‍ വാദ്യകല സ്വായത്തമാക്കി ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു എന്നതാണത്.

ഖവാലി സംഗീതത്തെ കുറിച്ച്?
ഖവാലികൾ സൂഫി പ്രകീര്‍ത്തനങ്ങളാണ്, പ്രവാചകനെ കുറിച്ചുള്ളവ. ഖവാലി എന്ന് കേള്‍ക്കുമ്പോള്‍ സമം നുസ്‌റത്ത് ഫത്തേഹ് അലിഖാന്‍ എന്നാണ് പറയാറ്. ഫത്തേഹ് അലി ഖാന്‍റെ മകനെന്ന നിലയില്‍ അദ്ദേഹം കൃത്യമായി അത് ചെയ്തിട്ടുണ്ട്. അദ്ദേഹം നിമിഷാര്‍ദ്ധങ്ങളില്‍ സ്വരങ്ങളില്‍ വരുത്തുന്ന മാറ്റം നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്.

മലയാളത്തിലെ ഗസല്‍ സംഗീതജ്ഞരെ കുറിച്ച്?
മലയാളത്തിലെ ഗസല്‍ എന്നാല്‍ ബാബുരാജ് അല്ലാതെ വേരൊരു മുഖം ഓര്‍മ്മയില്‍ വരില്ല. അലഞ്ഞു തിരിഞ്ഞു നടന്ന് സ്ട്രഗിള്‍ ചെയ്ത് നേടിയതാണ് ആ ജ്ഞാനം. അത്രയും സ്ട്രഗിള്‍ ചെയ്യാന്‍ ഇപ്പോഴത്തെ ആളുകള്‍ക്കാവില്ല എന്നതു കൊണ്ടാണ് പുതിയ ഗസല്‍ സംഗീതജ്ഞര്‍ വരാത്തത്. ജെറി അമല്‍ ദേവ്, ജോണ്‍സണ്‍ മാഷ് എന്നിവരുടെ സംഗീതമിഷ്ടമാണ്. ജോണ്‍സണ്‍ മാഷുടെ 'സ്വര്‍ണ്ണ മുകിലേ' വലിയ ഇഷ്ടമുള്ള പാട്ടാണ്. ബാബുരാജ് സ്ട്രഗിള്‍ ചെയ്ത് സംഗീതം
അഭ്യസിച്ച കാലത്തെ പോലെയുള്ള സാഹചര്യമാണോ ഇവിടെ ഇപ്പോഴുള്ളത്. അവരൊക്കെ 8-11 മണിക്കൂര്‍ റിയാസ് (സാധകം) ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അത്രയും മൂലധനവും അറിവും ഇന്നുള്ള ആളുകള്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടാണ്. പുതിയ തലമുറയില്‍ ഹരീഷ് (അകം ബാന്‍ഡ്) അതുപോലെ ഹംബള്‍ ഷെയിന്‍ (ഗസല്‍ ഖവാലി), സിറാജ് അമൽ, മജ്ജരി, ഇമാം മജ്ബൂര്‍, മജ്ബൂറിന്‍റെ ജേഷ്ഠന്‍ അക്ബര്‍ ഇവരൊക്കെ നല്ല ഗായകരാണ്. ഏതു കലാകാരനാവട്ടെ 'ഏതൊരു വ്യക്തിക്കും കൃത്യമായി ഒരു റോൾ ഉണ്ട്. ഈ ലോകത്ത് അത് കൃത്യമായി ചെയ്യാനുള്ള ശ്രമങ്ങളാണ് നാം നടത്തത്തേണ്ടത്. അത് ലഭ്യമായാല്‍ പിന്നീട് ജീവിക്കാനുള്ളതൊക്കെ അതു തന്നോളും.

Full View കുടുംബത്തെക്കുറിച്ച്?
മോളും ഭാര്യയും ഉമ്മയും ഉപ്പയും ജേഷ്ഠനും പെങ്ങളും അനിയനും ചേർന്നതാണ് കുടുംബം. ഭാര്യ ഇംതിയാസ് ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. ഉപ്പയാണവളുടെ ആദ്യ ഗുരു. കുട്ടിക്കാലം തൊട്ട് ഗസലുകൾ കേൾക്കാൻ ഭാഗ്യം ലഭിച്ച ബീഗത്തിന് ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ ശാസ്ത്രീയ സംഗീതത്തിലും ഹിന്ദുസ്ഥാനിയിൽ കണ്ണൂരുള്ള വിജയപ്രഭുവിൽ നിന്നും പ്രാഥമിക പരിശീലനം ലഭിച്ചു. നാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഞാൻ കോഴിക്കോട്ടെ ഇർഷാദിയ കോളജിൽ ഡിഗ്രി പഠിച്ചു. അതിനു ശേഷം മർട്ടി മീഡിയ പഠിച്ച് ഗൾഫിൽ ജോലിക്കു പോയി. നീണ്ട 5 വർഷം അവിടെ ജോലി ചെയ്തു. പിന്നെ അവിടുത്തെ ജോലി ചെയ്യാൻ പറ്റാത്തവിധം സംഗീതം ആത്മാവിൽ നിറഞ്ഞപ്പോൾ നാട്ടിലേക്കു തന്നെ തിരിച്ചു വന്നു. അപ്പോഴെല്ലാം സഹപ്രവർത്തകർ പറയുമായിരുന്നു "നിങ്ങളുടെ ഫീൽഡ് ഇതല്ല എന്ന്. അതിനിടെയാണ് ഇഷാം അബ്ദുൽ വഹാബ് എന്ന സംഗീത സംവിധായകൻ എന്‍റെ പാട്ട് കേട്ട് ഫോൺ വിളിച്ച് "നിങ്ങളുടെ ലോകം സംഗീതത്തിലാണെന്നും നിങ്ങളതാണ് ചെയ്യേണ്ടതെന്നും പറഞ്ഞത്". അത് തിരിച്ചു വന്ന് സംഗീതം മുഴുവൻ സമയം സ്വീകരിക്കാൻ പ്രചോദനമായി. നാട്ടിൽ വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചതിലുമധികം പ്രോത്സാഹനമാണ് ലഭിച്ചത്. ഈ നടക്കാൻ പോകുന്നത് ഏകദേശം 30ാമത്തെ കൺസേർട്ടാണ്. ഗസൽ ലൈവ് കൺസേർട്ടുകളിൽ എത്ര ചെറിയ ഓഡിയൻസ് ആണെങ്കിലും ആളുകളുമായി നേരിട്ട് സംവേദനം സാധ്യമാകും.

Full View

പുതിയ തലമുറയോട് പറയാനെന്താണുള്ളത്?
എന്‍റെ കൺസേർട്ടുകൾക്ക് പ്രധാന ഓഡിയൻസായി വരുന്നതിലധികവും യൂത്ത് ആണ്. ആദ്യകാലങ്ങളിൽ നാട്ടിലൊക്കെ 40 കഴിഞ്ഞവരായിരുന്നു ആസ്വാദകർ. സംഗീതം ഇഷ്ടപ്പെടുന്നവർക്ക് സ്നേഹം മാത്രമേ മറ്റുള്ളവർക്ക് നൽകാനാകൂ. പക്ഷേ ലഹരിക്കടിമപ്പെട്ട് ജീവിതം നശിപ്പിക്കരുത് 'നമ്മുടെ ഏതൊരു കഴിവും നമ്മുടേതല്ല. അത് സമൂഹത്തിനുള്ളതാണ്. സമൂഹത്തിനു വേണ്ടി നമ്മളെ ഏൽപ്പിക്കുന്ന ഒരു സാധനം മാത്രമാണത്. പാടാനുള്ള കഴിവ് നമുക്കുണ്ടെങ്കിൽ അത് പല ആളുകൾക്ക് സ്വാന്തനമാക്കുന്നുവെങ്കിൽ അത് നമ്മൾ ചെയ്തിരിക്കണം. ആ ഒരു ബോധ്യമുള്ളവർ നമ്മുടെ ശരീരത്തിനെയോ നമ്മുടെ ശബ്ദത്തിനേയോ നമ്മുടെ ജീവിതത്തിനേയോ നശിപ്പിക്കുന്ന ഒന്നിലും ഇടപെടില്ല.

Full View

മകൾ പാടുമോ?
മകൾ സൈനബ ഉൽ യുസ്റ പാട്ടൊക്കെ പെട്ടന്ന് പഠിക്കുന്നുണ്ട്. പാട്ടെപ്പോഴും കേൾക്കുന്നതു കൊണ്ടാവണം അവൾ ഇപ്പോൾ ചിത്രകാരിയാക്കണം എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ എനിക്കും ചിത്രകാരനാകാനായിരുന്നു ഇഷ്ടം. പിന്നെയാണ് സംഗീതത്തിൽ താൽപര്യം വന്നത്. അവൾക്ക് താൽപര്യമുള്ളത് അവൾ പഠിക്കട്ടെ, അതു കൊണ്ടു തന്നെ യാതൊരു വിധ ക്ലാസുകളിലും വിട്ടിട്ടില്ല. സാഹചര്യങ്ങളും പ്രോത്സാഹനവും മാർഗ നിർദ്ദേശങ്ങളും കെടുക്കാറുണ്ട് എന്ന് മാത്രം.

Full View

കോഴിക്കോട്ടെ ആരാധകരോട് എന്തെങ്കിലും പറയാനുണ്ടോ?'
ഒന്നോ രണ്ടോ പാട്ടു കൊണ്ടാണ് മലയാളികൾ എന്നെ ഏറ്റെടുത്തത്. അത് എനിക്ക് തരുന്ന പ്രതീക്ഷ വലുതാണ്. ഗസലിനോടുള്ള ഇഷ്ടം കോഴിക്കോട്ടുക്കാരിൽ വലുതാണ്. നല്ല വരികളും നല്ല സംഗീതവും കേൾക്കാനുള്ള പുതിയ ജനറേഷന്‍റെ താൽപര്യം സന്തോഷ പ്രദമാണ്. എല്ലാവർക്കും സ്നേഹം.

Tags:    
News Summary - Raaza Razaq and Beegum Beegom Raaza and Beegom Gazal -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT