വർണവിവേചനത്തിനെതിരേ പോരാടിയ പാട്ടുകാരൻ, ജോണി ക്ലെഗ്ഗ് അന്തരിച്ചു

കേപ്ടൗൺ: വർണവിവേചനത്തിനെതിരേ പാട്ടിലൂടെ പടപൊരുതിയ ബ്രിട്ടീഷ് വംശജനായ ദക്ഷിണാഫ്രിക്കൻ സംഗീതജ്ഞൻ ജോണി ക്ലെഗ ്ഗ് അന്തരിച്ചു. പാശ്ചാത്യ സംഗീതവും ആഫ്രിക്കൻ സംഗീതവും കൂട്ടിക്കലർത്തിയ ജോണി ക്ലെഗ്ഗിന്‍റെ പാട്ടുകൾ കറുത്തവന ോടുള്ള വിവേചനത്തിനെതിരായ മൂർച്ചയേറിയ വിമർശനമായിരുന്നു. പാൻക്രിയാറ്റിക് അർബുദത്തെ തുടർന്നാണ് അന്ത്യം. 2015 മുതൽ ക്ലെഗ്ഗ് ചികിത്സയിലായിരുന്നു.

ഗായകനെന്നതിന് പുറമേ പാട്ടെഴുത്തുകാരനായും ഗിറ്റാറിസ്റ്റായും നരവംശ ശാസ്ത് രജ്ഞനായും തിളങ്ങിയ ജോണി ക്ലെഗ്ഗിന് ലോകമെമ്പാടും ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിക്കാനായി. ലോകത്തിന് മുന്നിൽ വർ ണവിവേചനത്തോടുള്ള പ്രതിരോധമായി ക്ലെഗ്ഗിന്‍റെ പാട്ടുകൾ നിലകൊണ്ടു.

'വൈറ്റ് സുലു' എന്ന പേരിൽ അറിയപ്പെട്ട ജോണി ക്ലെഗ്ഗ് ദക്ഷിണാഫ്രിക്കൻ വിമോചന നായകൻ നെൽസൺ മണ്ഡേലയെ പ്രകീർത്തിച്ച് ഒരുക്കിയ 'അസിംബൊനാങ്ക' എന്ന പാട്ട് വർണവിവേചനത്തിനെതിരായ അന്താരാഷ്ട്ര ആഹ്വാനമായി.

ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെള്ളക്കാർ കടുത്ത വംശീയവും വർണപരവുമായ വിവേചനം നടപ്പാക്കിയ 1980കളിൽ ജോണി ക്ലെഗ്ഗിന്‍റെ 'സുലു' പാരമ്പര്യ സംഗീതം നിരോധനങ്ങളെ അതിജീവിച്ചു നിന്നു.

വർണവിവേചനത്തിന്‍റെ നാളുകളിൽ ഞങ്ങൾക്ക് ചെന്നെത്താനുള്ള വിവേചനരഹിതമായ ആഫ്രിക്കയെ കാണിച്ചുതന്ന ജാലകങ്ങളായിരുന്നു ക്ലെഗ്ഗിന്‍റെ പാട്ടുകളെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ പറഞ്ഞു.

1953ൽ ബ്രിട്ടനിലെ ലങ്കാഷെയറിലാണ് ജോണി ക്ലെഗ്ഗ് ജനിച്ചത്. ആറാം വയസ്സിൽ ക്ലെഗ്ഗിന്‍റെ കുടുംബം ദക്ഷിണാഫ്രിക്കയിലെത്തി. തുടർന്ന് സുലു സംഗീതധാരയിൽ ആകൃഷ്ടനാവുകയായിരുന്നു. ഗിറ്റാർ വായനയിൽ ജോണി ക്ലെഗ്ഗിനുള്ള കഴിവ് സിഫോ മച്ചൂനു എന്ന സംഗീതജ്ഞൻ തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് 'ജുലൂക്ക' എന്ന മ്യൂസിക് ബാൻഡ് തുടങ്ങി. 1985ൽ ജോണി ക്ലെഗ്ഗ് 'സവൂക്ക' എന്ന മറ്റൊരു ബാൻഡും തുടങ്ങി. മിരിയം മക്കേബ, ബ്രെൻഡ ഫാസി, ഹ്യൂഗ് മസേക്കല തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞരുമായി ക്ലെഗ്ഗ് ഒന്നിച്ചുപ്രവർത്തിച്ചു.

നരവംശശാസ്ത്രത്തിലും ജോണി ക്ലെഗ്ഗിന്‍റെ പഠനങ്ങളുണ്ടായിരുന്നു. സുലു സംസ്കാരത്തിനെ കുറിച്ച് അദ്ദേഹം പഠനങ്ങൾ നടത്തി. സുലു സംസ്കാര ബിംബങ്ങളെ തന്‍റെ പാട്ടുകളിലേക്ക് പകർത്തി.

Full View

1987ലാണ് ക്ലെഗ്ഗ് തന്‍റെ ഏറ്റവും പ്രസിദ്ധമായ 'അസിംബൊനാങ്ക' പാട്ട് അവതരിപ്പിക്കുന്നത്. റോബൻ ദ്വീപിലെ തടവറയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ വിമോചന നായകനും കറുത്തവർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റുമായ നെൽസൺ മണ്ഡേലയെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ക്ലെഗ്ഗിന്‍റെ പാട്ട്. മണ്ഡേലയുടെ ഫോട്ടോകൾ പോലും നിരോധിച്ച കടുത്ത സെൻസർഷിപ്പിന്‍റെ കാലത്ത് ക്ലെഗ്ഗ് പാട്ടിലൂടെ പ്രതിരോധം തീർത്തു.

1999ൽ ഫ്രങ്ക്ഫർട്ടിൽ ക്ലെഗ്ഗ് അസിംബൊനാങ്ക അവതരിപ്പിക്കുമ്പോൾ സാക്ഷാൽ നെൽസൺ മണ്ഡേല തന്നെ അദ്ദേഹത്തോടൊപ്പം പാടാനെത്തി.

വർണവിവേചനത്തിനും അടിമത്തത്തിനുമെതിരായ ദക്ഷിണാഫ്രിക്കൻ പോരാട്ട ചരിത്രത്തിൽ എങ്ങും ജോണി ക്ലെഗ്ഗിന്‍റെ പാട്ടുകൾ ഉയർന്നുകേൾക്കാം.

Tags:    
News Summary - outh African Singer Johnny Clegg died -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT