77 അതിശയരാഗങ്ങൾ VIDEO

നാടൻ ഈണങ്ങൾക്ക്​ വേണ്ടിയുള്ള സൗന്ദര്യവും ലാളിത്യവും സമന്വയിക്കുന്ന അതിശയരാഗത്തിന്​ ഇത്​ 77ാം ജീവിതകാലം. സംഗീതത്തി​​​​​െൻറ ആത്മാവ് തൊട്ടറിഞ്ഞ പെരിയരാജ​, ഇസൈജ്​ഞാനി ഇളയരാജ​ ഇന്ന്​ 77​​​​​െൻറ നിറവിൽ​.

ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത്​ സമാനതകളില്ലാത്ത ഇടം സ്വന്തമാക്കിയ ഇളയരാജക്ക്​ തമിഴകം ആദരപൂർവം നൽകിയ വിളിപ്പേരാണ്​ ഇസൈജ്​ഞാനി. പല തലമുറകൾ നെഞ്ചിലേറ്റിയ ഈ വിശേഷണത്തിനപ്പുറമൊന്ന്​ ജനപ്രിയ സംഗീതത്തി​​​​​െൻറ ചക്രവർത്തിക്ക്​ നൽകാനുമില്ല. 

കടുത്ത ശാസ്ത്രീയ സംഗീതത്തിന്‍റെ കാഠിന്യത്തിൽ നിന്നും ദക്ഷിണേന്ത്യന്‍ സിനിമാപാട്ടുകളെ നാടോടി ഈണത്തിന്‍റെ മധുരത്തിലേക്കു നയിച്ചാണ്​ ഇളയരാജ ആസ്വാദക മനസുകളിൽ ഇടംനേടിയത്​. തമിഴ് നാടന്‍പാട്ടുകളുടെ സുവർണശേഖരത്തിൽ നിന്നുള്ള ശീലുകളിൽ പാശ്ചാത്യസംഗീതത്തി​​​​​െൻറ താളവും ലയവും വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള പുതുപുത്തന്‍ ശൈലിയിലൂടെ ഇളയരാജ തമിഴ് സിനിമാലോകത്തി​​​​​െൻറ പ്രിയങ്കരനായി. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ആത്മാവ്​ തുളുമ്പുന്ന ഈണങ്ങളെ തമിഴകം അഭിമാനത്തോടെ ഏറ്റുപാടുകയും ചെയ്​തു. 

ഇളയരാജയും (വലത്തേയറ്റം) സഹോദരങ്ങളും
 

1943 ജൂൺ രണ്ടിന് തമി‍ഴ്നാട് തേനി ജില്ലയിലെ പന്നൈപുരത്തിൽ ഡാനിയൽ രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ജനിച്ച ഡാനിയല്‍ രാസയ്യ കടന്നുവന്ന വഴികൾ എളുപ്പമായിരുന്നില്ല. നാടോടി ഗായകസംഘത്തി​​​​​െൻറ കൂടെ പാടി നടന്ന കുട്ടിക്കാലവും കൊടുംപട്ടിണിയുടെ കൗമാരവും പിന്നിട്ടാണ്​ സിനിമ സംഗീതത്തി​​​​​െൻറ രാജസിംഹാസനത്തിലേക്ക്​ ഇളയരാജ കയറിയിരുന്നത്​.

മൂത്ത സഹോദരൻ പാവലർ വരദരാജനാണ്​ സംഗീത വഴിയിലൂടെ ഇളയരാജയെ നയിച്ചത്​. രാസയ്യയുടെ തൊട്ടു മൂത്ത ചേട്ടന്‍ ഭാസ്‌കറും അനുജൻ അമര്‍സിങ്ങും ചേർന്ന പാവലർ സഹോദരങ്ങൾ ഒരുകാലത്ത്​ കമ്യൂണിസ്​റ്റ്​ പാർട്ടി യോഗങ്ങളിലെ അനിവാര്യ സാന്നിധ്യമായിരുന്നു. ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ ഇവർക്ക്​ അവസരം ലഭിച്ചു.

വര്‍ഷത്തില്‍ 265 ദിവസവും കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു അവർ. 1961നും 1968 നുമിടയില്‍ ഇരുപതിനായിരത്തിലേറെ വേദികൾ ഈ നാൽവർ സംഘം കീഴടക്കി. 1968ലാണ്​ രാസയ്യയും പിന്നീട്​ ഗംഗൈ അമരനായി മാറിയ അമർസിങും ഭാഗ്യം തേടി മദ്രാസിലെത്തുന്നത്​. സലില്‍ ചൗധരിയുടെയും ധൻരാജ്​ മാസ്​റ്ററുടെയും സഹായിയായ ശേഷമാണ്​ 1976ല്‍ സ്വന്തമായി ‘അന്നക്കിളി’യിൽ ഈണം നൽകിയത്​. പിന്നെയെല്ലാം ചരിത്രം.

‘അന്നക്കിളി’ മുതല്‍തന്നെ ഇളയരാജയുടെ ജൈത്രയാത്ര തുടങ്ങിയെന്നു പറയാം. പിന്നീടുള്ള മൂന്നു ദശാബ്ദത്തോളം തമിഴ്സിനിമയിലെ അനിവാര്യതയായിരുന്നു അദ്ദേഹം. ഇളയരാജയില്ലെങ്കില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത അവസ്ഥ വരെയുണ്ടായി. പോസ്​റ്ററുകളിൽ നായകന്മാരുടേതി​​​​​െൻറ തുല്യപ്രാധാന്യത്തോടെ ഇളയരാജയുടെ ചിത്രവും ഇടംപിടിച്ചു. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന്​ സംഗീതസംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ രംഗപ്രവേശത്തോടെയാണ്. 

നാലര പതിറ്റാണ്ടിലേറെയായി ആ സംഗീതയാത്ര തുടരുകയും ചെയ്യുന്നു. ആയിരത്തിലധികം സിനിമകളിലേതടക്കം 7,500ലേറെ പാട്ടുകൾ ഇളയരാജയുടേതായി പിറന്നു.  തമിഴ്​, മലയാളം, കന്നഡ, തെലുങ്ക്​, ഹിന്ദി സിനിമാഗാനങ്ങൾക്ക്​ പുറമേ ആൽബങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ഇളയരാജ ഈണം പകർന്നു.

1993ൽ അദ്ദേഹം ക്ലാസ്സിക് ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ മെഡലോടെ ഡിപ്ലോമ നേടി. ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ടയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനെന്ന ബഹുമതിയും രാജക്ക്​ സ്വന്തം. 1991ൽ അദ്ദേഹം സംഗീതം നൽകിയ ‘ദളപതി’യിലെ ‘റക്കമ്മ കയ്യെ തട്ട്’ എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തിയിരുന്നു.

നിരവധി അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ നാല് തവണ ദേശീയ പുരസ്കാരങ്ങൾക്കും അർഹനായി. ഇതിൽ മൂന്നു തവണ മികച്ച സംഗീത സംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. കേരള സർക്കാറി​​​​​െൻറ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറി​​​​​െൻറ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ആറ് തവണയും ഇളയരാജയെ തേടി എത്തിയിട്ടുണ്ട്.

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്​കാരങ്ങൾ നൽകി രാജ്യവും ഇളയരാജയെ ആദരിച്ചു​.  ‘പഞ്ചമുഖി’ എന്ന സ്വന്തം രാഗവും ‘തിരുവാസഗം’ എന്ന സിംഫണിയും മാത്രം മതി ഇളയരാജയെ സംഗീത ലോകത്തി​​​​​െൻറ തമ്പുരാനായി അടയാളപ്പെടുത്താൻ. ഇളയരാജയ്ക്കു മാത്രം കഴിയുന്ന മാന്ത്രിക ഈണങ്ങളാണ്​ അദ്ദേഹത്തെ എന്നും വേറിട്ട്​ നിർത്തുന്നത്​. 2020ൽ ഇറങ്ങിയ ‘സൈക്കോ’ എന്ന സിനിമയിലും മാസ്​മരികതയുടെ ഈ രാജസ്​പർശം അനുഭവിപ്പിച്ച്​ മുന്നേറുകയാണ്​ ഈണങ്ങളുടെ പെരിയരാജ.  

 

Full View
Tags:    
News Summary - Music director Ilayaraja turns 77 -Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT