‘കടലല പാടി.. കരളും പാടി, കദനം നിറയും ഗാനങ്ങൾ, ആകാശമകലെ.. ആശയുമകലെ...’ -ഇരുൾ പടർന്ന വഴികളിലിരുന്ന് പൊന്നപ്പൻ പാടുകയാണ്, നാളെയെക്കുറിച്ചുള്ള ആശങ്കകളും നോവുകളും കലർന്ന ഈണങ്ങളുമായി അതിജീവനത്തിെൻറ പാട്ടുകൾ.ഒളവണ്ണ വേട്ടുവേടൻ കുന്നിലെ നാല് സെൻറിൽ പഴക്കംകൊണ്ട് മേൽക്കൂരയും ചുവരുകളും തകർന്ന വീട്ടിലിരുന്ന് അറുപത് പിന്നിട്ട പൊന്നപ്പനും ഭാര്യ ശ്രീമതിയും ജീവിത നോവുകളെക്കുറിച്ച് പറയുമ്പോൾ ബാബുരാജിെൻറ ഈണംപോലെയോ പി. ഭാസ്ക്കരെൻറ വരികൾപോലെയോ സുന്ദരമായ ഒന്നല്ല അത്. 22ാം വയസ്സിൽ ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ട പൊന്നപ്പന് പാട്ടുകളാണിപ്പോൾ ജീവിതോപാധി.
ചെറുപ്പത്തിലെ ചെങ്കണ്ണ് രോഗമാണ് ആലപ്പുഴ സ്വദേശിയായ പൊന്നപ്പെൻറ കാഴ്ച നഷ്ടപ്പെടുത്തിയത്. ചികിത്സകളൊന്നും ഫലിക്കാതെ ഇരു കണ്ണുകൾക്കൊപ്പം ജീവിതവും ഇരുട്ടിലായി. പിന്നീട് അതിജീവനത്തിനായി ശ്രമങ്ങൾ. കസേര നെയ്ത്ത്, കുട, മെഴുകുതിരി, ചോക്ക് നിർമാണം... പലരേയുംപോലെ പൊന്നപ്പെൻറയും അതിജീവനത്തിനുള്ള വഴികൾ ഇതൊക്കെതന്നെയായിരുന്നു. പക്ഷേ, ഇരുളടഞ്ഞ വഴികളിൽനിന്ന് ജീവിതമെത്തിപ്പിടിക്കാൻ ഇതൊന്നും മതിയാവുമായിരുന്നില്ല. ഇടക്ക് ഫാറൂഖ് കോളജിനടുത്ത് താമസിച്ച് കൈത്തൊഴിൽ പഠിക്കുമ്പോഴാണ് ഒളവണ്ണ സ്വദേശിനി ശ്രീമതിയുമായുള്ള വിവാഹ ആലോചനയെത്തുന്നത്. വിവാഹത്തോടെ താമസം വേട്ടുവേടൻ കുന്നിലേക്ക് മാറ്റി.
1981ലാണ് ഫാ. ജോസ് മാണിപ്പാറ പൊന്നപ്പനടക്കം കാഴ്ച നഷ്ടപ്പെട്ട 22 പേരെ ചേർത്ത് ന്യൂ കേരള ഗായകസംഘം രൂപവത്കരിക്കുന്നത്. തലശ്ശേരിക്കാരൻ മൂസ, കൂത്തുപറമ്പിലെ മുഹമ്മദലി തുടങ്ങിയവരായിരുന്നു സഹയാത്രികർ. തുടർന്ന് തെരുവുകളിൽനിന്ന് തെരുവുകളിേലക്ക്. കാർണിവലുകളിൽ, സ്കൂൾ--കോളജ് അങ്കണങ്ങളിൽ, സാംസ്കാരിക സംഘടനാ വേദികളിൽ എല്ലാം പഴയതും പുതിയതുമായ ഗാനങ്ങളിലൂടെ അവർ ജീവിതം തിരിച്ചുപിടിക്കുകയാണ്. ഇടർച്ചയില്ലാത്ത സ്വരങ്ങളിലൂടെ അവർ കേൾവിക്കാരുടെ ഹൃദയത്തിൽ ആസ്വാദനത്തിെൻറ നിറമഴ പെയ്യിക്കുന്നു. അകക്കണ്ണിെൻറ വെളിച്ചത്തിൽ അവരുടെ വിരലുകൾ ഓർഗണിലും തബലയിലും ലോലക്കിലും ശ്രുതിയുടെ അകമ്പടിയേകുന്നു. അത്യാഗ്രഹങ്ങളൊന്നുമില്ലാത്ത ജീവിതത്തിൽ, പൊന്നപ്പനും സുഹൃത്തുക്കൾക്കും അവരെ ആശ്രയിക്കുന്ന കുടുംബത്തിനും ഈ സംഗീതയാത്രകളിൽനിന്നുള്ള തുച്ഛമായ വരുമാനം മാത്രം മതിയായിരുന്നു.
പക്ഷേ, ഇപ്പോൾ കരോക്കേക്കാർ അരങ്ങുവാഴാൻ തുടങ്ങിയതോടെ ഇവരുടെ പ്രതീക്ഷകളിൽ ഇരുൾവീഴുകയാണ്. കുറച്ചുകാലമായി സ്കൂളുകളും കോളജുകളും മാത്രമാണിവരുടെ വേദികൾ. പാട്ടും തങ്ങളെ കൈവിടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂട്ടത്തിലുള്ള പലരും മറ്റ് വഴികളന്വേഷിച്ചു പോയി. ചിലർ മരണപ്പെട്ടു. പൊന്നപ്പനൊപ്പം ട്രൂപ്പിൽ ഇപ്പോൾ ബാക്കിയായത് മൂസയും മുഹമ്മദലിയും മാത്രം.
വല്ലപ്പോഴുമുളള പരിപാടികളിലെ വരുമാനം മാത്രമാണിപ്പോൾ പൊന്നപ്പെൻറയും ശ്രീമതിയുടേയും ജീവിതോപാധി. കുന്നിൻ മുകളിലെ പഴയ വീട് ചിതലരിച്ച്, മേൽക്കൂര തകർന്ന് അപകട ഭീഷണിയിലാണ്. സർക്കാറിെൻറയോ ഗ്രാമപഞ്ചായത്തിെൻറയോ സഹായം ഇവർക്ക് കിട്ടിയിട്ടില്ല.
മക്കളില്ലാത്ത ഇവർക്ക് സംഗീതംകൊണ്ടെത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് ആശങ്കയുണ്ട്. പട്ടിണിയില്ലാതെ ജീവിച്ച് പോവണം, തകർച്ചയിലെത്തിയ വീടൊന്ന് പുതുക്കിപ്പണിയണം. അത്രയേ ഉളളൂ ആഗ്രഹങ്ങൾ. അതിനാണ് പൊന്നപ്പനിപ്പോഴും പാടുന്നത്. കൂട്ടായുള്ളത് ശ്രീമതിയുടെ കണ്ണുകളിലെ വെളിച്ചം മാത്രം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.