ഇനി ‘സ്വരഗംഗ’യില്‍ സംഗീതമില്ല

വടകര: പാടിപ്പതിഞ്ഞ പാട്ടിന്‍െറ സംഗീതജ്ഞനും പാട്ടുകാരനുമായ കൃഷ്ണദാസ് വടകര യാത്രയായി. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപിടി ഗാനങ്ങളാണ് മലയാളിക്കായി സമ്മാനിച്ചത്. മാപ്പിളപ്പാട്ടിന്‍െറ ലോകവും കമ്യൂണിസത്തിന്‍െറ ചൂടും ചൂരുമുള്ള വിപ്ളവഗാനശാഖയും ഒപ്പം ലളിതസംഗീത ഗാനവും തന്‍െറ സംഗീതലോകത്തിന്‍െറ ഭാഗമാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പുതിയകാലത്തിന് അനുകരിക്കാനാവാത്ത സംഗീത സാന്നിധ്യമാണ് നഷ്ടമായത്. ഇനി, മടപ്പള്ളി ദേശീയപാതയോരത്തെ കൃഷ്ണദാസ് വടകരയുടെ ‘സ്വരഗംഗ’എന്ന വസതിയില്‍ സംഗീതമില്ല.

 ചെറുപ്പം മുതലെ പാട്ടുകളോടായിരുന്നു കമ്പം. അഞ്ച് വയസ്സുമുതല്‍ പാടിത്തുടങ്ങി. മലബാറിലെ കമ്യൂണിസ്റ്റ് വേദികളില്‍ വിപ്ളവത്തിന്‍െറ ഗാനങ്ങള്‍ മുഴക്കിക്കൊണ്ടാണ് സംഗീതലോകത്ത് സജീവമായത്. അക്കാലത്ത് പാര്‍ട്ടി പരിപാടികള്‍ അറിയിക്കുന്ന നോട്ടീസില്‍ ജനങ്ങളെ എത്തിക്കാന്‍ ‘കൃഷ്ണദാസിന്‍െറ ഗാനമേള ഉണ്ടായിരിക്കുന്നതാണ്’ എന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ആസ്വാദക മനസ്സ് കീഴടക്കാന്‍ കൃഷ്ണദാസിന് അത്രത്തോളം കഴിഞ്ഞിരുന്നു. പി.ടി. അബ്ദുറഹിമാന്‍ രചിച്ച ‘ഓത്തുപള്ളീലന്ന് നമ്മള്‍...’ നാടകത്തിനുവേണ്ടി ആദ്യം പാടിയത് കൃഷ്ണദാസായിരുന്നു.

ഗസല്‍ ശൈലിയുള്ള ആ അവതരണം ഇന്നും സംഗീതാരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അക്കാലത്ത് ആകാശവാണിയില്‍ ഈ ഗാനം സ്ഥിരമായിരുന്നു. നിരവധി കാസറ്റ് കമ്പനികള്‍ക്കായി അനേകം പാട്ടുകള്‍ അദ്ദേഹം ഒരുക്കി. ‘മിസരിപൊന്ന്’ എന്ന കാസറ്റില്‍ യേശുദാസ് ആലപിച്ച അഞ്ച് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. പപ്പന്‍ വള്ളിക്കാടിന്‍െറ വിപ്ളവഗാനങ്ങള്‍ ഏറെ തനിമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തരം ഗാനങ്ങള്‍ ഒഞ്ചിയത്തിന്‍െറ കമ്യൂണിസ്റ്റ് ചരിത്രം പറയുന്ന വേദികളില്‍ ഇപ്പോഴും സജീവമാണ്.  പി.ടി. അബ്ദുറഹിമാന്‍, വി.ടി. കുമാരന്‍ മാസ്റ്റര്‍ എന്നിവരുടെ രചനകള്‍, വടക്കന്‍ പാട്ടുകള്‍ എന്നിങ്ങനെ കൃഷ്ണദാസിന്‍െറ ശബ്ദത്തില്‍ മാത്രം ആസ്വാദകര്‍ ഏറ്റെടുക്കുന്ന ഗാനങ്ങള്‍ നിരവധിയാണ്.

1979ല്‍ ‘കണ്ണാടിക്കൂട്’ എന്ന സിനിമയിലെ ആറ് ഗാനങ്ങളും, അങ്കപ്പുറപ്പാട്  എന്ന സീരിയലിലെ പതിനെട്ട് ഗാനങ്ങളും ചിട്ടപ്പെടുത്തിയത് കൃഷ്ണദാസായിരുന്നു. സി.പി. അബൂബക്കറിന്‍െറ വരികള്‍ക്കുള്‍പ്പെടെ നിരവധി ഗസലുകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്. കൃഷ്ണദാസിന്‍െറ ആസ്വാദകര്‍ ഇടംപിടിച്ച ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും തന്‍െറ പാട്ടുമായി സഞ്ചരിച്ചിട്ടുണ്ട്. ഇതിനൊത്ത അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിവന്നില്ളെന്നാണ് ആരാധകരുടെ പരാതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.