കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എം.ജി.ആര്‍;  പാട്ടുപാടിയത് ഇളയരാജ

മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന സാക്ഷാല്‍ എം.ജി.ആര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ കഥ ഓര്‍ക്കുന്നവര്‍ ഇപ്പോഴുമുണ്ട്. 1957ല്‍ പ്രഥമ തെരഞ്ഞെടുപ്പിലായിരുന്നു അത്. 
‘മാലൈക്കള്ളന്‍ തങ്കയ്യ’ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങിനാണ് എം.ജി.ആര്‍ മലയാളക്കരയില്‍ വന്നത്. മൂന്നാര്‍ ഗെസ്റ്റ് ഹൗസിലായിരുന്നു താമസം. ദേവികുളത്തെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി റോസമ്മ പുന്നൂസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ട സമയം. അന്ന് റോസമ്മയുടെ കൂടെയുള്ളവര്‍ തലൈവരെ നേരില്‍പോയി കണ്ട് സ്ഥാനാര്‍ഥിക്കുവേണ്ടി മൂന്നാര്‍ ടൗണില്‍ പ്രസംഗിക്കണമെന്ന് അഭ്യര്‍ഥിച്ചു. എം.ജി.ആര്‍ സമ്മതം മൂളി. ചിത്രീകരണ തിരക്കില്‍നിന്ന് പ്രത്യേകമായി സമയം കണ്ടത്തെിയാണ് വേദിയിലത്തെിയത്. തമിഴ് മക്കളെ കൈയിലെടുക്കുന്ന തകര്‍പ്പന്‍ പ്രസംഗം. കേരളത്തില്‍ എം.ജി.ആര്‍ ആദ്യമായി വോട്ടുചോദിച്ച് നടത്തുന്ന പ്രസംഗം കേരളത്തിലെയും തമിഴ്നാട്ടിലെയും വര്‍ത്തമാന പത്രങ്ങളില്‍ ചിത്രം സഹിതം അച്ചടിച്ചു വന്നു. ആരാധകര്‍ അതെടുത്ത് ചായക്കടയിലെ ചില്ലുകളിലും മറ്റും ആരാധനയോടെ ഒട്ടിച്ചുവെച്ചു. അന്ന് തെരഞ്ഞെടുപ്പില്‍ പാട്ടുപാടി വോട്ടുചോദിക്കാന്‍ മീശ മുളക്കാത്ത ഒരു പതിനഞ്ചുകാരന്‍ വന്നിരുന്നു. സ്ഥാനാര്‍ഥിയോടൊപ്പം പാട്ടുപാടി നടന്ന ബാലന് എല്ലായിടത്തുനിന്നും ഗംഭീര കൈയടിയാണ് കിട്ടിയത്. പില്‍ക്കാലത്ത് ലോകപ്രശസ്ത സംഗീതജ്ഞനായി മാറിയ ഇളയരാജ ആയിരുന്നു അത്. തമിഴ്നാട്ടിലെ പന്നൈപുരത്തെ സാധാരണ കുടുംബത്തില്‍ ജനിച്ച രാജയ്യയെന്ന വിളിപ്പേരുള്ള ഇളയരാജക്ക് മാതാപിതാക്കളിട്ട പേര് ജ്ഞാനദേശികനെന്നായിരുന്നു.
ദ്വയാംഗ മണ്ഡലമായിരുന്ന ദേവികുളത്തെ 1957ലെ തെരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞതായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.കെ. നായര്‍ കാരണമില്ലാതെ പത്രിക തള്ളിയെന്നാരോപിച്ച് കോടതിയെ സമീപിച്ചു. റോസമ്മ പുന്നൂസിന്‍െറ ജയം ഹൈകോടതി റദ്ദാക്കി. 1958ല്‍  വീണ്ടും ഉപതെരഞ്ഞെടുപ്പ്. അതോടെ ഇരുമുന്നണിക്കും വാശിയായി. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പിച്ചു. മൂന്നാറില്‍ താമസിച്ച് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പിന്‍െറ അണിയറയില്‍ പ്രവര്‍ത്തിച്ചു. എ.കെ.ജി പ്രചാരണത്തിന്‍െറ മുന്‍നിരയില്‍ ഉണ്ടായിരുന്നു. ബി.കെ. നായര്‍ക്കുവേണ്ടി കോണ്‍ഗ്രസ് അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമൊക്കെയായ കാമരാജ് മുന്‍നിരയില്‍ ചുക്കാന്‍ പിടിച്ചു.
അച്യുതാനന്ദന്‍െറ യൗവനകാലം. തെരഞ്ഞെടുപ്പിന് നല്ലതുക സംഭാവന കിട്ടി. പിശുക്കനായിരുന്ന വി.എസ് ഒരു നയാ പൈസപോലും അനാവശ്യമായി ചെലവാക്കാന്‍ കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചെലവ് കഴിഞ്ഞ് പണം ബാക്കി. ആ തുക ഉപയോഗിച്ച് പാര്‍ട്ടിക്കുവേണ്ടി ഒരു ജീപ്പ് വാങ്ങി. ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്‍െറ 48 ശതമാനം വാങ്ങി റോസമ്മ പുന്നൂസ് ജയിച്ചു. ദേവികുളം ആര്‍.ഡി ഓഫിസിലായിരുന്നു വോട്ടെണ്ണല്‍. രാത്രി 12നാണ് വോട്ടെണ്ണി തീര്‍ന്നത്. അണികള്‍ പടക്കംപൊട്ടിച്ചും പാട്ടുപാടിയും ആ രാത്രി ആഘോഷിച്ചു.
ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ആ തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എ, തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയ എം.എല്‍.എ, ഉപ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ജയിച്ച എം.എല്‍.എ, ആദ്യത്തെ പ്രോടെംസ്പീക്കര്‍, ആദ്യത്തെ വനിതാ എം.എല്‍.എ തുടങ്ങി നിരവധി റെക്കോഡുകളുടെ ഉടമയായിരുന്നു റോസമ്മ പുന്നൂസ്. വി.എസ്. അച്യുതാനന്ദനെ ഒഴിച്ചു നിര്‍ത്തിയാല്‍ അന്ന് ഇരുമുന്നണിയുടെയും അരങ്ങിലും പ്രവര്‍ത്തിച്ചവരില്‍ അറിയപ്പെടുന്ന ആരും തന്നെ ഇന്ന് ജീവിച്ചിരുപ്പില്ല. വി.എസ് 14ാം നിയമസഭയിലേക്ക് നടക്കുന്ന വാശിയേറിയ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിച്ച് ഇപ്പോഴും സജീവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT