മണിമയ മധുരിത ഗാനമായ്...

കഴിഞ്ഞയാഴ്ചയാണ് പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തില്‍ കലാഭവന്‍ മണി സ്റ്റേജ്ഷോയ്ക്ക് വന്നത്. അത്യാവേശത്തില്‍ മണിയുടെ നാടന്‍പാട്ടുകേട്ട് തുള്ളിത്തിമിര്‍ക്കാനിരുന്നവര്‍ക്ക് ആദ്യത്തെ രണ്ടുഗാനം കഴിഞ്ഞപ്പോള്‍ നിരാശയായി. പാട്ടുപാടി വല്ലാതെ കിതച്ച മണിക്ക് പിന്നീട് പാടാന്‍ വയ്യാതായി. രോഗത്തിന്‍െറ മൂര്‍ധന്യാവസ്ഥയിലാണ് ഈ ജനപ്രിയ ഗായകന്‍ ആയിരക്കണക്കിന് ജനങ്ങളെ നിരാശപ്പെടുത്താതെ പാടാനെത്തിയത്. എന്നാല്‍ അത് ഇത്ര രൂക്ഷമായിരിക്കുമെന്ന് അദ്ദേഹത്തിന്‍െറ ആരാധകര്‍ ഒരിക്കലും കരുതിയിരുന്നില്ല.

പാട്ടില്‍ ജന്‍മസിദ്ധമായി കിട്ടിയ കരുത്തും ഒഴുക്കുമാണ് കലാഭവന്‍ മണിയെ നടനോപ്പെം തന്നെ ജനങ്ങളുടെ പ്രിയപ്പെട്ട ഗായകനുമാക്കിയത്. പ്രിയപ്പെട്ട ഗായകന്‍ എന്നുമാത്രം പറഞ്ഞാല്‍ മതിയാവില്ല, ഒരുസമയത്ത് മ്യൂസിക് ഇന്‍ഡസ്ട്രിയുടെ നെടുംതൂണായ ഗായകന്‍. മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രത്തില്‍ എക്കാലത്തും സൂപ്പര്‍ സ്റ്റാര്‍ യേശുദാസ് തന്നെ. കാസെറ്റുകള്‍ ചൂടപ്പംപോലെ വിറ്റിരുന്ന കാലത്ത് ലക്ഷക്കണക്കിന് കാസെറ്റുകള്‍ വിറ്റഴഞ്ഞിരുന്നത് യേശുദാസ് പാടുന്ന പാട്ടുകളായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലും രണ്ടായിരത്തിന്‍െറ തുടക്കത്തിലും അദ്ദേഹത്തിന്‍െറ റെക്കോഡുകള്‍ മറികടക്കാന്‍ കഴിഞ്ഞ ഗായകന്‍ കലാഭവന്‍ മണിയായിരുന്നു. അക്കാലത്ത് മണിയുടെ നാടന്‍ പാട്ടുകള്‍ ഇവിടത്തേക്കാളേറെ വിറ്റഴിഞ്ഞിരുന്നത് ഗള്‍ഫിലായിരുന്നു.

അതിനാല്‍ അദ്ദേഹം റേറ്റ് കൂട്ടി. അന്ന് ഒരു പാട്ടിന് അന്‍പതിനായിരം രൂപയായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഒന്നോര്‍ക്കണം, അന്ന് യേശുദാസിന്‍െറ റേറ്റ് 40,000 മാത്രമായിരുന്നു. പാട്ടില്‍ മാത്രമായിരുന്നില്ല പാട്ടുവ്യവസായത്തിലും മണികിലുക്കമുണ്ടാക്കി കലാഭവന്‍ മണി.
നാടന്‍പാട്ടില്‍ നിന്ന് നേരെ സിനിമയിലെ ഗാനങ്ങളിലേക്ക് കടന്നപ്പോഴും അതേ ജനപ്രിയത നിലനിര്‍ത്താന്‍ മണിക്ക് കഴിഞ്ഞു. ‘മലമലലൂയാ’ എന്ന ഗാനം ‘അനന്ദഭദ്ര’ത്തിനുവേണ്ടി പാടിയപ്പോള്‍ സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍  താന്‍ ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്. കാരണം മണിയെ അതുവരെ ഒരു നാടന്‍ പാട്ടുകാരന്‍ എന്നു കണ്ടിരുന്ന അദ്ദേഹം മണിയുടെ പാട്ടിലെ പെര്‍ഫക്ഷന്‍ കണ്ടാണത്രെ ഞെട്ടിയത്. മണിയെക്കൊണ്ട് സിനിമയില്‍ പാടിച്ചിട്ടുള്ളവരെല്ലാം ഇതുപോലെയുള്ള അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. നാടന്‍ പാട്ടുപാടി സ്റ്റേജിലൂടെയും ആല്‍ബങ്ങളിലൂടെയും മണി ജനപ്രിയനായതുപോലെ സിനിമാ ഗാനങ്ങളിലും തന്‍െറ ജനപ്രിയത അദ്ദേഹം ഒന്നര പതിറ്റാണ്ട് നിലനിര്‍ത്തി. ഇക്കാലയളവില്‍ 25 ലേറെ സിനിമകളിലാണ് ഈ ഗായകന്‍ പാടിയത്. പലതിലും ഒന്നിലേറെ ഗാനങ്ങള്‍. ‘ദി ഗാര്‍ഡ്’ എന്ന ചിത്രത്തിനുവേണ്ടി ശ്യാംധര്‍മന്‍െറ സംഗീതത്തില്‍ 7 ഗാനങ്ങളാണ് മണി പാടിയത്. ഇതിലെ ‘നാടോടിക്കാറ്റില്.. ’ എന്ന ശോകാര്‍ദ്രമായ നാടന്‍പാട്ടില്‍ മണിയുടെ ആലാപനം ശ്രദ്ധേയമാണ്.

അയ്യപ്പ ഭക്തിഗാനങ്ങള്‍ യേശുദാസിന്‍െറ പോലും കാര്യമായി വിറ്റുപോകാത്ത ഇക്കാലത്തും കലാഭവന്‍ മണിയുടെ ആല്‍ബങ്ങള്‍ക്ക് വന്‍ ജനപ്രീതിയാണ്. ഇന്നും വീഡിയോ ആല്‍ബങ്ങളില്‍ ഏറ്റവും ജനപ്രിയം മണിയുടെ പാട്ടുകള്‍ തന്നെ. പാട്ടില്‍ പുലര്‍ത്തുന്ന ലാളിത്യവും അയത്നലളിതമായ ആലാപനവും ആത്മാര്‍ത്ഥതയുമാണ് മണിയെ വ്യത്യസ്തനാക്കുന്നത്.
‘ചാലക്കുടി ചന്തക്ക് പോകുമ്പം..’,‘തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ’, ‘കുട്ടനാടന്‍ കായലിലെ..’ തുടങ്ങിയ ഗാനങ്ങള്‍ മണി ജനഹൃദയങ്ങളിലേക്ക് പകര്‍ത്തിയത് നാടന്‍പാട്ടുരീതിയുടെ തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ്. പാടിത്തീരും മുമ്പേ പോയ ഈ ഗായകന്‍െറ സംഗീതം എന്നും നോവു സമ്മാനിക്കുന്ന ഓര്‍മ്മയാകും ജനങ്ങള്‍ക്കുണ്ടാക്കുക.

Full View Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT