രാഗവും താളവും ഒന്നായ് ചേര്‍ന്ന് ഒരു സംഗീത കുടുംബം

സംഗീത കച്ചേരികളില്‍ തന്‍റെ വായ്പ്പാട്ടിന് മൃദംഗത്തിന്‍റെ മാസ്മര മാധുരി പകര്‍ന്ന് നല്‍കിയിരുന്ന സഹപാഠി പ്രവീണിനെ തന്നെ ആശ തന്‍്റെ ജീവിതത്തിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ അതൊരു സംഗീത സംഗമം കൂടിയായി മാറുകയായിരുന്നു.  ആ ദമ്പതികള്‍ക്ക് ആനന്ദ് ഭൈരവ് ശര്‍മ്മ എന്ന ദേശീയ ശലഭരാജ പട്ടം ചൂടുന്ന സ്വരസാഗര മുത്ത് പിറന്നത് ഒരു അത്ഭുതമേയല്ല.  തിരുവനന്തപുരം ആകാശവാണിയില്‍ ബി.ഹൈ ആര്‍ട്ടിസ്റ്റാണ് മൃദംഗത്തില്‍ ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രവീണ്‍ ശര്‍മ്മ. തിരുവനന്തപുരം സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം ഡിപ്ളോമ പാസ്സായി അവിടെ നിന്നുതന്നെ മൃദംഗത്തില്‍  ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ കരസ്ഥമാക്കി.

ആയിരത്താണ്ട്  പഴക്കമുണ്ടെങ്കിലും ഇടയ്ക്ക വാദ്യത്തില്‍ ഒരു പഠന പദ്ധതിയില്ളെന്ന കുറവ് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് സംഗീതത്തില്‍ റാങ്കുകാരി കൂടിയായ ആശ. അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ പാട്ടിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ ആശ പ്രീഡിഗ്രിക്ക് കൊല്ലം എസ്.എന്‍.വിമന്‍സ് കോളജില്‍ നിന്ന് വായ്പ്പാട്ടില്‍ ഫസ്റ്റ് ക്ളാസ്സും ഡിഗ്രിക്ക് രണ്ടാം റാങ്കും തിരുവനന്തപുരം സംഗീത കോളജില്‍ നിന്ന് വായ്പ്പാട്ടില്‍ ബിരുദാന്തര ബിരുദത്തില്‍ ഒന്നാം റാങ്കും നേടി.

ഇരു ജാതിയില്‍ പെട്ടവരെങ്കിലും സംഗീതത്തിന്‍റെ മതം ഇവരുടെ ഇഷ്ടത്തിന് എതിരു നിന്നില്ല. സംഗീത സാന്ദ്രമായ ഇവരുടെ ജീവിതത്തിലേക്ക് ആനന്ദ് ഭൈരവ് ശര്‍മ്മ പിറന്ന് വീണത് വായ്പ്പാട്ടും വാദ്യ പാടവവും ഒപ്പം കൂട്ടിയായിരുന്നു. അമ്മയോടും അച്ഛനോടുമൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ആനന്ദും സംഗീത കച്ചേരികളില്‍ സജീവമാണ്. തനിക്കേറ്റവും ഇഷ്ടപ്പെട്ട രാഗമാണ് ഭൈരവിയെന്നും അതിനാല്‍ തന്നെ തന്‍റെ ഇഷ്ടപുത്രന് ആ രാഗത്തിന്‍റെ പേരാണ് നല്‍കിയതെന്നും പ്രവീണ്‍ അഭിമാനത്തോടെ പറയുന്നു. വീണയും,മൃദംഗവും,വയലിനും പഠിക്കുന്ന ആനന്ദ് വായ്പ്പാട്ടിലും അസാമാന്യ പ്രതിഭയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT