ഓടക്കുഴലിന്‍െറ മാസ്മരിക നാദം, പിന്നെ തന്ത്രിവാദ്യത്തിന്‍െറ മാന്ത്രികതയും. ഇവയുടെ ‘ജുഗല്‍ബന്ദി’ തീര്‍ക്കുകയാണ് തമിഴ്നാട് സ്വദേശി ഉദയ് ശങ്കര്‍ ‘ചിത്രവേണു’വിലൂടെ. സുഷിരവാദ്യത്തിന്‍െറയും ഗോട്ടുവാദ്യത്തിന്‍െറയും സമന്വയമായ ഏക വാദ്യോപകരണമായി (composite wind/string instrument) ‘ചിത്രവേണു’വിനെ വിശേഷിപ്പിച്ചാലും അതിശയോക്തിയാകില്ല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മുന്നോട്ടുനീട്ടിവെച്ച്, ഷെഹ്നായിയും മറ്റും വായിക്കും പോലെ ഊതാന്‍ കഴിയുമെന്നതാണ് (sliding flute) ഇതിന്‍െറ മറ്റൊരു പ്രത്യേകത. കര്‍ണാടിക്, ഹിന്ദുസ്ഥാനി ശൈലികള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ‘ചിത്രവേണു’ വെസ്റ്റേണ്‍ ശൈലിയിലും ഉപയോഗിക്കാം.
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയില്‍ ബയോമെഡിക്കല്‍ ഡിസൈന്‍ എന്‍ജിനീയറായ ഉദയ് ശങ്കറിന് 2009ലാണ് ‘ചിത്രവേണു’വിന്‍െറ ആശയം മനസിലുദിക്കുന്നത്. 2013ല്‍ പ്രസിദ്ധമായ ക്ളേവ്ലാന്‍ഡ് ത്യാഗരാജ ഫെസ്റ്റിവലിലാണ് ‘ചിത്രവേണു 1’ ആദ്യമായി നാദമുയര്‍ത്തുന്നത്. അതുപക്ഷേ, തന്ത്രികളില്ലാത്ത പ്രാഥമിക രൂപമായിരുന്നു. വേദിയില്‍ മറ്റൊരാളാണ് തന്ത്രിവാദനം നടത്തിയത്. പിന്നീടാണ് തന്ത്രികള്‍ കൂടി ഉള്‍പ്പെടുത്തി ‘ചിത്രവേണു 2’ ആവിഷ്കരിക്കുന്നത്. ‘സംഗീതോപകരണങ്ങളുടെ സമന്വയം മാത്രമല്ല ചിത്രവേണുവിലുള്ളത്. സംഗീതം, ഫിസിക്സ്, കണക്ക്, എന്‍ജിനീയറിങ്, കരകൗശലവിദ്യ, മെറ്റല്‍ വര്‍ക്ക് എന്നിവയുടെയെല്ലാം ഒത്തുചേരലാണ് ഇത്. വിപ്ളവകരമായ കണ്ടുപിടിത്തം തന്നെയാണ്. 150 വര്‍ഷം മുമ്പത്തെ സാക്സഫോണിന്‍െറ കണ്ടുപിടിത്തം പോലെ ഗൗരവമേറിയ ഒന്ന്’- ഉദയ് ശങ്കര്‍ ‘മാധ്യമം ഓണ്‍ലൈനി’നോട് പറഞ്ഞു. കോട്ടയത്ത് എം.ജി. സര്‍വകലാശാല സംഘടിപ്പിച്ച ‘നാദം 2015’ല്‍ പങ്കെടുക്കാനത്തെിയതായിരുന്നു ഉദയ് ശങ്കര്‍ . ഇന്ത്യയിലെ ‘ചിത്രവേണു’വിന്‍െറ ആദ്യ സുദീര്‍ഘ കച്ചേരിയാണ് ‘നാദം 2015’ല്‍ അരങ്ങേറിയത്. മുമ്പ് ചെന്നൈയിലെ സംഗീതപ്രേമികള്‍ക്ക് മുന്നില്‍ ചെറിയൊരു അവതരണം നടന്നിരുന്നു.
ചെന്നൈ സ്വദേശിയായ ഉദയ് ശങ്കറിനെ കര്‍ണാടക സംഗീതത്തിന്‍െറ ലോകം പരിചയപ്പെടുത്തുന്നത് പിതാവാണ്. അദ്ദേഹം പഠിപ്പിച്ച രാഗങ്ങള്‍ പുല്ലാങ്കുഴലിലൂടെ പുനരാവിഷ്കരിക്കാന്‍ ചെറുപ്പം മുതല്‍ ഉദയ് ശങ്കര്‍ ശ്രമിച്ചിരുന്നു. ശാസ്ത്രി ഹാളിലും ത്യാഗരാജ വിദ്വത് സമാജത്തിലും ആര്‍.ആര്‍. സഭയിലുമൊക്കെ ശെമ്മാങ്കുടി, ടി.എന്‍. ശേഷഗോപാലന്‍, എം.ഡി. രാമനാഥന്‍, കെ.വി. നാരായണസ്വാമി എന്നിവരുടെയെല്ലാം കച്ചേരികള്‍ ആസ്വദിച്ച് വളര്‍ന്ന ബാല്യം. ഇതോടൊപ്പം വീണ, തംബുരു, ഓടക്കുഴല്‍ എന്നിവ വായിക്കാനും പഠിച്ചു. ടി.എസ്. ശങ്കരന്‍െറ കീഴിലാണ് ഓടക്കുഴല്‍ ശാസ്ത്രീയമായി അഭ്യസിച്ചത്. എന്‍ജിനീയറിങ് പഠനത്തിന് ശേഷം അമേരിക്കയില്‍ ജോലി ലഭിച്ചു പോയെങ്കിലും സംഗീതവുമായുള്ള ബന്ധം വിട്ടില്ല. 2001ല്‍ അറ്റ്ലാന്‍റയില്‍ വെച്ച് ചിത്രവീണ വിദഗ്ധന്‍ രവികിരണുമായി പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. ചിത്രവീണ വാദ്യസംഗീതത്തിന്‍െറ പുതുമേഖലകള്‍ തുറന്നുകൊടുത്തു. തനിക്കേറ്റവും ഇഷ്ടമുള്ള ഓടക്കുഴല്‍ ഉള്‍പ്പെടുത്തി ഇതിന് സമാനമായ വാദ്യോപകരണം നിര്‍മിക്കണമെന്ന ചിന്തയാണ് ‘ചിത്രവേണു’വിന്‍െറ നിര്‍മാണത്തിലേക്ക് നയിച്ചത്. ഉദയ് ശങ്കറിന്‍െറ വാക്കുകള്‍ കടമെടുത്താല്‍ ‘യുട്യൂബ് ഘരാന’യില്‍ നിന്ന് ഹിന്ദസ്ഥാനി സംഗീതവും സ്വയത്തമാക്കി.
സംഗീത പാരമ്പര്യം പേറുന്ന നാട്ടില്‍നിന്നാണെങ്കിലും തന്‍െറ കണ്ടുപിടിത്തം മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം ഉദയ് ശങ്കര്‍ മറച്ചുവെക്കുന്നില്ല. ‘പാരമ്പര്യത്തെ മുറുകി പിടിക്കുന്ന സംഗീതപ്രേമികള്‍ ആയിരുന്നതിനാല്‍ ചെന്നൈയില്‍ അവതരിപ്പിച്ചപ്പോള്‍ ‘ചിത്രവേണു’വിനെ സ്വീകരിക്കാന്‍ ആദ്യം അവര്‍ മടിച്ചു. പക്ഷേ, കേരളത്തില്‍ അനുഭവം മറിച്ചായിരുന്നു.
പുതിയതിനെ മനസ്സ് തുറന്ന് സ്വീകരിക്കുന്നവരാണ് മലയാളികള്‍. നൂറ്റാണ്ടിന് ശേഷമായിരിക്കാം ഇത് അംഗീകരിക്കപ്പെടുക. അന്ന് ഞാനുണ്ടാകില്ളെങ്കിലും ‘ചിത്രവേണു’ പൊഴിക്കുന്ന ഓരോ നാദവും എന്നെ അടയാളപ്പെടുത്തും’- ഉദയ് ശങ്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.