????????? ????? ??????????? ??????????????

പഠിക്കാതെ പാട്ടുതീര്‍ത്ത് സ്റ്റാറായി കുഞ്ഞിമൂസ

ആകാശവാണിയില്‍ സംഗീത പരിപാടികളും മറ്റും നേരിട്ട് റിലേ ചെയ്യുന്ന കാലത്താണ് നാട്ടുകരും സുഹൃത്തുക്കളും റേഡിയോസ്റ്റാര്‍ എന്ന് വിളിക്കുന്ന എം. കുഞ്ഞിമൂസ പാടാന്‍ തുടങ്ങിയത്. ഇന്ന് സംഗീത സംവിധാനത്തില്‍ പ്രത്യേകിച്ച് മാപ്പിളപ്പാട്ടില്‍ പടാപ്പുറത്തിരിക്കുന്ന കാരവണരാണ് അദ്ദേഹം. ‘നെഞ്ചിനുള്ളില്‍ നീയാണ് ഫാതിമ’ എന്ന ഗാനത്തിന് സംഗീതം നല്‍കി അദ്ദേഹം പ്രശസ്തിയിലത്തെി. മീഡിയ വണ്ണിലെ ‘പതിനാലാം രാവ്’ ഉള്‍പ്പടെ റിയാലിറ്റി ഷോയിലെ പുതിയ പാട്ടുകാര്‍ അദ്ദേഹത്തെ തേടി വടകരയിലെ വീട്ടിലത്തെുന്നു. സ്വാതന്ത്യ സമരസേനാനിയും ഉപ്പുസത്യാഗ്രഹത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത വ്യക്തിയും ആയിരുന്ന തലശ്ശേരിയിലെ ഗാന്ധി അബ്ദുല്ലയായണ് കുഞ്ഞിമൂസയുടെ പിതാവ്. ചുമട്ടുകാരനായി ജോലി ചെയ്യവേ ഒരിക്കല്‍ കെ. രാഘവന്‍മാസ്റ്ററായിരുന്നു കുഞ്ഞിമൂസയെ കോഴിക്കോട് ആകാശവാണിയില്‍ ഓഡിഷന്‍ ടെസ്റ്റിനയച്ചത്. ജീനുകളില്‍ സംഗീതം ആലേഖനം ചെയ്യപ്പെട്ട കുഞ്ഞിമൂസക്ക് നിഷ്പ്രയാസം നേടാവുന്നതായിരുന്നു ആ ടെസ്റ്റ്.
അന്നും ഇന്നും സംഗീതത്തിന്‍റെ ബാലപാഠങ്ങളൊന്നും അദ്ദേഹത്തിനറിയില്ല. രാഗങ്ങളേക്കുറിച്ചോ സംഗീതവുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങളെക്കുറിച്ചോ ആധികാരികമായി ഒന്നും കുഞ്ഞിമൂസക്കറിയില്ല. പക്ഷേ, ഏത് രാഗത്തിന്‍റെയും ഭാവം ആവാഹിച്ച് മധുരമായി പാടാനുള്ള മൂസക്കയുടെ സിദ്ധി ഒന്നു വേറെ തന്നെയൊണ്. പാടുക മാത്രമല്ല നല്ല മെലഡി സൃഷ്ടിക്കാനും കുഞ്ഞിമൂസക്കറിയാം. എസ്.വി ഉസ്മാന്‍ എഴുതി കുഞ്ഞിമൂസ സംഗീതം നല്‍കിയ ‘ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ’  എന്ന ഒരൊറ്റ ഗാനം മതി  കുഞ്ഞിമൂസയുടെ കഴിവിനെ വിലയിരുത്താന്‍. ചാരുകേശി രാഗത്തിന്‍റെ ഭാവം എത്ര മനോഹരമായാണ് ഈ ഗാനത്തില്‍ ചേരുന്നത്. സംഗീതം പഠിക്കാതെ ഇത്ര മനോഹരമായി പാട്ട് നിര്‍മിക്കാനുള്ള കഴിവ് അത്യപൂര്‍വമാണ്.
1957ലാണ് കുഞ്ഞിമൂസ റേഡിയോ സ്റ്റാറായത്. ശ്രീധരനുണ്ണി, അക്കിത്തം ജി. ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിഞ്ഞത് ഒട്ടൊരഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു കുഞ്ഞിമൂസ. ഒപ്പം തിക്കോടിയന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ ‘മഞ്ഞവെയിലിന്‍ മയിലാട്ടം കണ്ടു’ എന്ന ലളിതഗാനം പുഞ്ചിരിയോടെ പതിയെ മൂളി മറന്നുപോയ വരികളില്‍ ഒരു തിരച്ചിലും നടത്തി. പാടിയ ഗാനങ്ങള്‍ ഒട്ടനവധിയുണ്ട്. എസ്.കെ നായര്‍ എഴുതിയ ‘ഈ വഴിത്താരയില്‍’, കക്കാടിന്‍റെ ‘ഉണരൂ കവിമാതെ’, ഗാന്ധി ജയന്തി ദിനത്തില്‍ പാടുന്ന ‘ലോകത്തിന്‍ മടിത്തട്ടില്‍’ അങ്ങനെ നീളുന്നു മൂസക്ക പാടിയ ലളിതഗാനങ്ങള്‍. പി. ഭാസക്കരന്‍്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന കവിതാസമാഹാരത്തിലെ ചില കവിതകള്‍, പി.കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ എന്നിവക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. ചുണ്ടില്‍ കവിതയുടെ മര്‍മ്മരം തീര്‍ത്ത് ആകാശവാണിയിലെ ആ നല്ല കാലം  അയവിറക്കുന്നു കുഞ്ഞിമൂസ.
മാപ്പിളപ്പാട്ടിന്‍റെ തനത് സ്വാഭാവത്തില്‍ മാറ്റംവരുത്തി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ തന്‍്റേതായ രീതിയില്‍ മനോഹരമായി അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട് കുഞ്ഞിമൂസ. ഒ.അബു മാസ്റ്ററുടെ കഥകളുടെ സംഗീതാവിഷ്കരണവും നടത്തിയിട്ടുണ്ട്. ഇസ്ളാമിക കഥകള്‍ സംഗീതാവിഷ്ക്കാരം നടത്തുന്നതിനോട് യാഥാസ്തികര്‍ക്കുള്ള വന്‍ എതിര്‍പ്പുകളെ നേരിട്ടാണ് മൂസക്ക ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചത്. വടകര താഴെ അങ്ങാടിയില്‍ സംഘടിക്കപ്പെട്ട ഇത്തരം ഒരു പരിപാടി അലങ്കോലപ്പെടുത്താനും കൂകിവിളിക്കാനുമായി കുറച്ച് പേരെ ഏര്‍പ്പാടാക്കിയ യാഥാസ്തികര്‍ ഒടുവില്‍ കുഞ്ഞിമൂസയുടെ കലാവൈഭവത്തിനു മുന്നില്‍ മുട്ടുമടക്കിയ കഥ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു തീര്‍ക്കുന്നു അദ്ദേഹം.
മാപ്പിളപ്പാട്ടില്‍ ഹിറ്റുകളുടെ പൂങ്കുല തീര്‍ത്തിട്ടുണ്ട് എം. കുഞ്ഞിമൂസ. സ്വര്‍ഗ്ഗീയസുഖം, വെണ്‍ചാമരം, കതിര്‍കത്തും റസൂലിന്‍റെ, നിസ്കരപ്പായ കുതിര്‍ന്നു, നെഞ്ചിനുള്ളില്‍ നീയാണ്, ദറജപ്പൂമോളല്ളെ അങ്ങനെ നീളന്നു ആ പനിനീര്‍ ഇശലുകള്‍. അനവധി നാടകഗാനങ്ങളും അദ്ദേഹം  സംഗീതം ചെയ്തവയില്‍ പെടും. നിരവധി സെമി ക്ളാസിക്കല്‍ ഗാനങ്ങളും സംഗീതം ചെയ്തിട്ടുണ്ട്. ബ്രഹ്മാനന്ദന്‍, പി. ലീല, മച്ചാട്ട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവരോടൊത്തുള്ള ആകാശവാണിയിലെ സഹവാസവും കെ. രാഘവന്‍ മാസ്റ്ററുടെ സ്നേഹവാത്സ്യല്യങ്ങളും കുറച്ചൊന്നുമല്ല കുഞ്ഞിമൂസയിലെ പാട്ടുകാരനും സംഗീതജ്ഞനും തുണയായത്. എന്നാല്‍, തന്‍റെ ഏറ്റവും വലിയ സന്തോഷം ‘നെഞ്ചിനുള്ളില്‍ നീയാണ്’ എന്ന ഗാനം പാടി പ്രശസ്തിയിലേക്കുയര്‍ന്ന മകന്‍ താജുദ്ദീന്‍ വടകരയാണെ് പറയുന്നു കുഞ്ഞിമൂസ. 2000 ല്‍  കേരള  സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള മാപ്പിള ഫോക് ലോര്‍ അവാര്‍ഡ്, എസ് എം കോയ പുരസ്കാരം, ഗള്‍ഫ് മാപ്പിളപ്പാട്ട് അവാര്‍ഡ് തുടങ്ങിയ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് കുഞ്ഞിമൂസക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT