ഈണങ്ങളുടെ പ്രകാശഗോപുരം

മലയാളികള്‍ക്ക് ചില ഹിന്ദി സംഗീതസംവിധായകരുമായി വലിയ ആത്മ ബന്ധമുണ്ട്. സലില്‍ ചൗധരിയും ബോംബെ രവിയും നൗഷാദും അങ്ങനെയായിരുന്നു. എന്നാല്‍ ഇതെല്ലാം അവര്‍ നമുക്കുവേണ്ടി ചെയ്ത മലയാള ഗാനങ്ങളുടെ പേരിലാണ് അധികവും. അതിനായി നമ്മള്‍ അവരെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്ത പാട്ടിന്‍െറ പേരിലല്ല സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്. മറിച്ച് അദ്ദേഹം ചെയ്ത ഹിന്ദി പാട്ടുകളിലൂടെയാണ്. അദ്ദേഹം ആദ്യമായി മലയാളത്തില്‍ ചെയ്ത ‘സുജാത’ (1977) എന്ന ചിത്രത്തിലെ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍’, ‘കാളിദാസന്‍െറ കാവ്യ ഭാവനയെ.., ‘താലിപൂ പീലിപ്പൂ’ എന്നീ പാട്ടുകളെ മറക്കുന്നില്ല. ഈ പാട്ടുകള്‍ ഇവിടെ ആഘോഷിക്കപ്പെട്ടെങ്കിലും മറ്റുള്ളവരെപ്പോലെ ജയിന്‍ ആഘോഷക്കപ്പെട്ടില്ല. 

അദ്ദേഹത്തെ ഇങ്ങോട്ട് ക്ഷണിക്കുന്നതിന് മുമ്പ് നമ്മുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിനെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ടുപോയി നമ്മെ ഞെട്ടിച്ച പ്രതിഭയാണ് കാഴ്ചയുടെ വര്‍ണാഭമായ ലോകം അന്യമായ ഈ മനുഷ്യന്‍. എന്നാല്‍ അദ്ദേഹത്തിന്‍െറ ഹൃദയത്തിന്‍െറ പൂങ്കാവനങ്ങള്‍ നിറയെ വര്‍ണാഭമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നെന്ന് അതിനെ സംഗീത ശില്‍പങ്ങളാക്കി നമുക്ക് തന്നപ്പോള്‍ നാം തിരിച്ചറിഞ്ഞു. 
സലില്‍ ചൗധരിയാണ് യേശുദാസിനെ ആദ്യം ഹിന്ദിയില്‍ പാടിക്കുന്നത്. എന്നാല്‍ അത് അത്ര ശ്രദ്ധേയമാകേണ്ട പാട്ടായിരുന്നില്ല. ഏതാണ്ട് ശ്ളോകം പോലെയുള്ള പാട്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതുമില്ല. എന്നാല്‍ ഈ ഗാനം രവീന്ദ്രജയിന്‍ കേള്‍ക്കാനിടയായത് അദ്ദേഹത്തിന്‍െറയും യേശുദാസിന്‍െറയും ജീവിതത്തിലെ വഴിത്തിരിവായി. 
അന്ന് തെന്നിന്ത്യ കീഴടക്കിവരികയായിരുന്നു യേശുദാസ്. അദ്ദേഹത്തിന് ബോളിവുഡില്‍ ഒരു ബ്രേക് വേണമായിരുന്നു. അത് ഉന്നതങ്ങളില്‍ നിശ്ചയിക്കപ്പെട്ട തീരുമാനമായിരുന്നു. ഏതോ അഭൗമതയിലെ ശബ്ദവൈഭവം, ഇരുളില്‍ജനിച്ച് അവിടെ തളിരിട്ട വര്‍ണാലംകൃതമായ ജയിന്‍െറ സംഗീതം. ഒരിക്കലും കണ്ടിട്ടിത്ത, മുമ്പ് കേട്ടറിഞ്ഞിട്ടുമില്ലാത്ത ഗായകനെ ജയിന്‍ അന്ന് തന്‍്റെ മനസ്സില്‍ പ്രതിഷ്ഠിച്ചു. ഒരു ഗ്രാമത്തിന്‍െറ മനോഹാരിതയെ അന്ധനായ കവി മനോഹരാമയ കാവ്യപദാവലികളാല്‍ പകര്‍ത്തിവെച്ച ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’ എന്ന ഗാനത്തിലൂടെ യേശുദാസിന്‍െറ ശബ്ദം ഇന്ത്യ മുഴുവന്‍ അലയടിച്ചു. ഈ ചിത്രത്തിലേതുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് രവീന്ദ്ര ജയിന്‍. അതിര്‍ത്തിയില്‍ യുദ്ധകാലത്ത് ബങ്കറിലിരുന്നും യേശുദാസിന്‍െറ ശബ്ദം കേള്‍ക്കാന്‍ ഉത്തരേന്ത്യന്‍ സൈനികര്‍ ആഗ്രഹിച്ചതിനുമൊക്കെ നിമിത്തമായത് ‘ചിത്ചോര്‍’ എന്ന ചിത്രത്തിലെ രവീന്ദ്ര ജയിന്‍െറ ഗാനമാണ്. ഒറ്റ ഗാനം കൊണ്ട് ഉത്തരേന്ത്യയില്‍ യേശുദാസ് ആഘോഷിക്കപ്പെട്ടു. അദ്ദേഹത്തിന് ആദ്യത്തെ ദേശീയ പുരസ്കാരം ലഭിച്ചതും ഈ ഗാനത്തിലൂടെയാണ്. 
എന്നാല്‍ ഇതിലേറെ മനോഹരമായ ഗാനമായിരുന്നു ഇതേ ചിത്രത്തിലെ ‘ജബ്ദീപ് ജലേ ആനാ..’ എന്ന ഗാനം. യേശുദാസ് പാടിയതില്‍ ഏറ്റവും മനോഹരമായ ഹിന്ദി ഗാനം എന്ന് പലരും വിശേഷിപ്പിച്ച ഗാനം. അതുള്‍പ്പെടെ ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി. തുടര്‍ന്നും സിനിമയുടെ വിജയമോ സാധ്യതകളോ നോക്കാതെ താന്‍ ചെയ്ത പാട്ടുകള്‍ക്ക് തന്‍െറ സ്വപ്നത്തിലെ ശബ്ദം എന്ന നിലിയലാണ് അദ്ദേഹം യേശുദാസിന് പാട്ടുകള്‍ നല്‍കിയത്. അതില്‍ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ‘താന്‍സെന്‍’ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ‘ഷഢജനേ പായാ..’. പലരാഗങ്ങളിലെ മനോഹരമായ, വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ആ ക്ളാസിക്കല്‍ ഗാനം പാടാന്‍ മുഹമ്മദ് റഫി പോലും താല്‍പര്യം കാണിച്ചില്ല എന്നതും ചരിത്രം. എന്നാല്‍ യേശുദാസിന് അത് വഴങ്ങുമെന്ന കാര്യത്തില്‍ ജയിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ഗാനം പുറത്തിറങ്ങിയില്ല. അതു പുറത്തിറങ്ങിയിരുന്നെങ്കില്‍ യേശുദാസിന്‍െറ കരിയറില്‍ അത് പ്രത്യേകിച്ചൊരു വഴിത്തിരിവുണ്ടാക്കിയേനെ എന്ന് പറയാന്‍ കഴിയില്ളെങ്കിലും അങ്ങനെയൊരു സംഗീത്തിന്‍െറ ആസ്വാദ്യത ഇന്ത്യക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ ഗാനമാണ് ‘ദേവസഭാതലം’ എന്ന രവീന്ദ്രന്‍െറ പാട്ടിന് പ്രചോദനമായത്. 
1944ല്‍ അലിഗറില്‍ ജനിച്ച് പണ്ഡിറ്റ് ജെ.എല്‍.ജയിന്‍െറ കീഴില്‍ സംഗീതം പഠിച്ചശേഷം സംഗീതാധ്യാപകനായാണ് ജയിന്‍ കൊല്‍ക്കത്തയിലത്തെുന്നത്.  അവിടെവച്ച് അദ്ദേഹത്തിന്‍െറ സംഗീതാവബോധം കൂടുതല്‍ ദൃഢമായി. ബാവുള്‍ സംഗീതവും രബീന്ദ്രസംഗീതവും തന്നെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവിടെവച്ച് മനസ്സില്‍ സിനിമാ ഗാനത്തിന്‍െറ സ്വതന്ത്രമായ ഒരു ധാര കണ്ടത്തെിയിട്ടാണ് അദ്ദേഹം മുംബൈയിലേക്ക് പോകുന്നത്. രണ്ടാമത്തെ ചിത്രത്തില്‍തന്നെ മുഹമ്മദ് റഫിയെക്കൊണ്ട് പാടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിത്ചോറിന്‍െറ വിജയത്തോടെ രണ്ട് പതിറ്റാണ്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 
രാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അത് ഗാനങ്ങളില്‍ തെളിമയോടെ ഉപയോഗിക്കുന്നതിലും ജയിന്‍ പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിന്‍െറ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് വ്യക്തമാകും. സുനേനാ.., ഓ..ഗൊരിയാരേ, ഗുംഗ്രു കി തരഹ് തുടങ്ങി എത്രയോ ഗാനങ്ങള്‍. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ തെളിമയാര്‍ന്ന ഒരധ്യാമാണ് രവീന്ദ്ര ജയിന്‍ തന്‍െറ സംഗീതംകൊണ്ട് എഴുതിച്ചേര്‍ത്തത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.