വേദനയില്‍ കുതിരുന്നു ഓര്‍മയുടെ തന്ത്രികള്‍

ഓര്‍മവെച്ച കാലം മുതല്‍, സംഗീതബോധം എന്നില്‍ അടിഞ്ഞുകൂടിയ നാള്‍ മുതല്‍ ഞാന്‍ സത്താര്‍ മാഷിനൊപ്പം ഉണ്ട്. എന്നെ ഈ നിലയിലാക്കിയത്, സംഗീത സംവിധായകനെന്ന നിയലിലേക്ക് വളര്‍ത്തിയത് മാഷിന്‍െറ പ്രചോദനം ഒന്നു മാത്രമാണ്.
ജ്യേഷ്ഠന്‍ സുബ്രഹ്മണ്യനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. അന്ന് വയലിനില്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എങ്കിലും മാഷ് സമയമെടുത്ത് എന്നെ പഠിപ്പിച്ചു. കുട്ടിയാവുമ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹം പോകുന്നിടത്തെല്ലാം പോയി. പല പരിപാടികളില്‍ പങ്കെടുത്ത് സമ്മാനം വാങ്ങി. പത്തു വര്‍ഷമാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം നടന്നത്. എല്ലാം മാഷിന്‍െറ പ്രചോദനത്തിന്‍െറ ഫലം. മാഷിന്‍െറ പിതാവാണ് നാട്ടില്‍ ആദ്യമായി ഗ്രാമഫോണ്‍ അവതരിപ്പിച്ചത്.  മുംബൈയില്‍നിന്ന് നാട്ടിലത്തെി ആരംഭിച്ച സംഗീത ക്ളബില്‍ ഞാനും അംഗമായിരുന്നു. മറ്റ് മാപ്പിളപ്പാട്ടുകാരില്‍നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു സത്താര്‍ മാഷ്. പഠിപ്പിക്കുമ്പോള്‍ രാഗങ്ങള്‍ ഹൃദിസ്ഥമാക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരിക്കല്‍ മാഷോടൊപ്പം മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ വലിയ സമ്മര്‍ദത്തിലായി. നിറഞ്ഞു കവിഞ്ഞ സദസ്സ്. സമ്മര്‍ദം താങ്ങാനാവാതെ എന്‍െറ വയലിന്‍െറ കമ്പികള്‍ പൊട്ടുന്ന അവസ്ഥയുണ്ടായി. അദ്ദേഹമാണ് അത് കോര്‍ത്തു തന്നത്. സമ്മര്‍ദം ഒട്ടും വേണ്ടെന്ന് സമാധാനിപ്പിച്ചു. നല്ല മനസ്സായിരുന്നു. മാഷ് സമ്മര്‍ദം അനുഭവിക്കുമ്പോള്‍ അത് പുറത്തേക്ക് അറിയിച്ചിട്ടേയില്ല.‘കണ്ണിന്‍െറ കടമിഴിയാലെ’ എന്ന പാട്ട് വേദികളില്‍ വന്‍ ഹിറ്റായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇറങ്ങിയ ‘വെള്ളരിപ്രാവിന്‍െറ ചങ്ങാതി’ എന്ന ചിത്രത്തിനു വേണ്ടി ‘പതിനേഴിന്‍െറ പൂങ്കരളേ...’ എന്ന പാട്ട് ഞാന്‍ ചിട്ടപ്പെടുത്തിയത് മാഷിനെ ധ്യാനിച്ചാണ്. മാഷിനെ സിനിമാപ്പാട്ടുകാരനാക്കി അവതരിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു ചിത്രത്തിനു വേണ്ടി പാടിക്കുകയും ചെയ്തു. എന്നാല്‍, ആ പടം ഇറങ്ങിയില്ല. ഒരു സിനിമ നിര്‍മിക്കാന്‍ മാഷും ഒരുക്കം കൂട്ടിയിരുന്നു. അദ്ദേഹത്തിന്‍െറ ന്‍െറ ഉറ്റ മിത്രമായിരുന്ന ബാബുരാജിനെക്കൊണ്ട് അഞ്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തി. അതും പുറത്തു വന്നില്ല. മാപ്പിളപ്പാട്ടും ഹിന്ദി ഗാനങ്ങളും ഗസലും നന്നായി പാടുന്ന മാഷിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതിനൊത്ത ആദരം കിട്ടിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. അതിനു വേണ്ടി ആരോടും കീഴ്പ്പെടാനും പോയിട്ടില്ല.
2004ല്‍ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്കാരം,  കേരള മാപ്പിള കലാ അക്കാദമി പ്രശംസാപത്രം, ഇശല്‍ ഖദീന്‍ പുരസ്കാരം, ചാവക്കാട് സംഗീത മല്‍ഹ ഏര്‍പ്പെടുത്തിയ ഗുല്‍മുഹമ്മദ് സാഹിബ് പുരസ്കാരം, ഗുരൂപൂജാ പുരസ്കാരം, മൊയീന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, 2009ലെ ‘മാധ്യമം’ കുടുംബമേള പുരസ്കാരം, ദൂരദര്‍ശന്‍ പ്രശസ്തിപത്രം, 2014ല്‍ ഇശല്‍തേന്‍കണം അവാര്‍ഡ് എന്നിവക്ക് പുറമെ ഒട്ടനവധി മറ്റ് പുരസ്കാരങ്ങളും ലഭിച്ചു. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട നിരവധി ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായിരുന്നു. മൂത്ത മകന്‍ സലീം സത്താര്‍, ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍, സ്നേഹിതന്‍ എന്നീ സിനിമകളുടെ നിര്‍മാതാവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.