കായംകുളം കൊച്ചുണ്ണി സബ് ഇന്‍സ്പെക്ടറായപ്പോള്‍

ഗായകര്‍ അഭിനേതാക്കളാകുക അത്ര വലിയ കാര്യമല്ല ഇപ്പോഴെങ്കിലും 1966ല്‍ അങ്ങനെയായിരുന്നില്ല. അതും യേശുദാസിനെപ്പോലൊരു ഗായകന്‍. 1962ല്‍ ഗാനരംഗത്തുവന്ന യേശുദാസ് 1964 ആയപ്പോഴേക്കും അന്നത്തെ പ്രമുഖ ഗായകരെയൊക്കെ കടത്തിവെട്ടി പ്രശസ്തിയുടെ നിറുകിലത്തെി. ദാസിന്‍െറ പാട്ടുകള്‍ കേള്‍ക്കാന്‍ ജനം വലിയ ആവേശത്തോടെ കാതോര്‍ത്തു, സിനിമാ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി. അന്ന് ടെലിവിഷനോ സിനിമാ മാഗസിനുകളോ ഇല്ല. അപൂര്‍വമായുള്ള സിനിമാ മാസികയില്‍ ഗായകരുടെ പടമൊന്നും അടിച്ചു വരാറുമില്ല. ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ശബ്ദത്തിനുടമയായ ഗായകനെ ഒരുനോക്കു കാണാന്‍ ജനം കൊതിച്ചിരിക്കുമ്പോഴാണ് 1966ല്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ യേശുദാസ് അഭിനേതാവായത്. അദ്ദേഹത്തെ കാണാനും പാട്ട് കേള്‍ക്കാനുമാണ് അന്ന് ഈ ചിത്രം കാണാന്‍ ജനം ഇരച്ചുകയറിയത്. അന്ന് അത് ജനത്തിന് അല്‍ഭുതവും ആവേശവുമുണര്‍ത്തിയ കാര്യമായിരുന്നു. ഇതിലെ ‘സുറുമ നല്ല സുറുമ’, ‘കുങ്കുമപ്പൂവുകള്‍ പൂത്തു’, ‘ആറ്റുവഞ്ചിക്കടവില്‍ വച്ച്’എന്നീ ഗാനങ്ങള്‍ യേശുദാസ് പാടി അഭിനയിക്കുന്നതാണ്. അന്ന് സിനിമയിലഭിനയിക്കുമ്പോള്‍ യേശുദാസിന് 26 വയസ്സു മാത്രം. 
ഇന്ന് സിനിമയിലെക്കാള്‍ ടി.വിയിലൂടെയും നേരിട്ടും ജനം ഗായകരെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇക്കാലത്താണ് യേശുദാസിന്‍െറ മകനും പാട്ടുകാരനുമായ വിജയ് യേശുദാസ് സിനിമയില്‍ അഭിനയിക്കുന്നത്. യേശുദാസ് സിനിമയിലത്തെിയ പ്രായത്തേക്കാള്‍ പത്ത് വയസ്സ്കൂടി കഴിഞ്ഞപ്പോഴാണ് വിജയ് സിനിമയിലത്തെുന്നത്. അതുകൊണ്ടു തന്നെ യേശുദാസ് വന്നതുപോലെ ആഘോഷിക്കപ്പെടുന്നില്ല ഈ വരവ്. എന്നാല്‍ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനമായ പ്രണയത്തിലെ ‘മലരേ..’പാടി പുതുതലമുറയുടെ മനം കവര്‍ന്ന അവസരത്തിലാണ് വിജയ് ശേയശുദാസ് സിനിമയിലത്തെുന്നത്. എന്നാല്‍ തമിഴ് സിനിമയിലാണ് ഗായകന്‍ അരങ്ങേറ്റം നടത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ‘മാരി’ എന്ന തമിഴ് ചിത്രത്തില്‍ സൂപ്പര്‍ നായകന്‍ ധനുഷിനൊപ്പമാണ് വിജയ് അഭിനയിക്കുന്നത്. പാട്ടുപാടി അഭിനയിക്കുന്ന കഥാപാത്രത്തെയല്ല വിജയ് ഇതിലവതരിപ്പിക്കുന്നത്, മറിച്ച് സീരിയസ് റോളില്‍ സബ്-ഇന്‍സ്പെക്ടറുടെ വേഷമാണ്. അതേസമയം യേശുദാസില്‍ നിന്ന് വ്യത്യസ്തമായി ഗായകന് ഈ സിനിമയില്‍ പാട്ടുമില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.