സുനില്‍ പാടും; സുനിലിന്‍െറ തൊണ്ട പശ്ചാത്തലമൊരുക്കും

പാട്ടും ഒപ്പം പശ്ചാത്തലവും ഒരേ തൊണ്ടയില്‍ നിന്ന്. പന്തളം ചേരിക്കല്‍ സ്വദേശിയായ സുനില്‍ വിശ്വം എന്ന യുവാവ് പാട്ടുപാടുമ്പോള്‍ സംഗീത ഉപകരണങ്ങളുടെ ആവശ്യമില്ല. സംഗീത ഉപകരണങ്ങള്‍ക്ക് പകരം സ്വന്തം കണ്ഠനാളങ്ങള്‍ കൊണ്ട് പശ്ചാത്തലമൊരുക്കിയാണ് സുനില്‍ പാട്ടുപാടുക. ആധുനിക സംഗീതോപകരണങ്ങള്‍ പശ്ചാത്തലമൊരുക്കിയാണ് സുനില്‍ പാടുന്നതെന്ന് അല്‍പം ദൂരെമാറി നിന്ന് പാട്ടുകേള്‍ക്കുന്നവര്‍ ഒരു പക്ഷേ വിചാരിച്ചേക്കാം. കണ്ഠനാളങ്ങള്‍ പശ്ചാത്തലമൊരുക്കിയ പാട്ട് ‘ത്രോട്ട്’ എന്നപേരില്‍ യു ട്യൂബില്‍ കേള്‍ക്കാം. ‘കരയും കടലും കടലുന്നത്..’ എന്ന് തുടങ്ങുന്ന പരിസ്ഥിതി ബോധവത്കരണ സന്ദേശം വിളിച്ചോതുന്ന സ്വന്തം കവിതയാണ് സ്വന്തം ശബ്ദത്തില്‍ മാത്രം പശ്ചാത്തലസംഗീതമൊരുക്കി സുനില്‍ പാടുന്നത്. പരിസ്ഥിതി മലിനീകരണവും മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കുന്നതുമൊക്കെ ഗാനത്തിന്‍െറ വരികളില്‍ പ്രതിധ്വനിക്കുന്നു. ഇതേപോലെ മറ്റ് ചില പാട്ടുകളും ഉള്‍പ്പെടുത്തി സി.ഡിയായി പുറത്തിറക്കണമെന്നും ഈ കലാകാരന് ആഗ്രഹമുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അതിന് അനുവദിക്കുന്നില്ല.

എഴുത്തും സംവിധാനവുമടക്കം മറ്റ് നിരവധി മേഖലകളിലും സുനില്‍ തന്‍െറ കഴിവ് തെളിയിച്ചുകഴിച്ചു. ‘ഒരിക്കല്‍ ഒരിടത്ത്’ എന്ന ദൂരദര്‍ശന്‍ ടെലിഫിലിമിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ച് ഇതില്‍ അഭിയനിക്കുകയും ചെയ്തു. 2013 ല്‍ കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടത്തിയ നാടക മത്സരത്തില്‍ ‘ഇനി ഒട്ടും വൈകരുത്’ എന്ന നാടകം മികച്ച രചനക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കൂടാതെ 15 ഓളം ലഘുനാടകങ്ങള്‍ വേറെയും. കാരിക്കേച്ചര്‍ ഷോകളിലും ശ്രദ്ധേയനാണ്. ശബ്ദാനുകരണത്തിന്‍െറ പുത്തന്‍ പരീക്ഷണങ്ങള്‍ തീര്‍ത്ത് 2007 ല്‍ അടൂരിലും 2008 ല്‍ പത്തനംതിട്ടയിലും 200 ല്‍ പരം വ്യക്തികളുടെ ശബ്ദം തുടര്‍ച്ചയായി അനുകരിച്ച് സ്വരവിസ്മയം തീര്‍ത്തിരുന്നു.
55 അടിയോളം നീളത്തില്‍ പന്തളം ചേരിക്കല്‍ എസ്.വി.എല്‍.പി സ്കൂളിന്‍െറ ഭിത്തിയില്‍ ചിത്രങ്ങള്‍ വരച്ച് കുട്ടികള്‍ക്ക് സമ്മാനിച്ചിരുന്നു. നാടകത്തിന് രംഗപടവും ഒരുക്കിയിട്ടുണ്ട്. 15 വര്‍ഷം മുമ്പ് ഫാക് ക്രിയേഷന്‍ എന്ന കലാസംഘടനക്ക് തുടകം കുറിച്ചു. നാടന്‍പാട്ട്  കലാരൂപങ്ങളും അവതരിപ്പിച്ചുവരുന്നു. ഇതുവരെ 3000-ല്‍ പരം വേദികളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമ്പ്രദായിക ഭജന്‍ കലാകാരനായ പിതാവ് വിശ്വംഭരനില്‍ നിന്നാണ് സുനിലിന് സംഗീതം പകര്‍ന്നു കിട്ടിയത്. ഭാര്യ: അനിത. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.