തബലയിലും മൃദംഗത്തിലും വിരിയുന്ന നാദവിസ്മയം 

ഹിന്ദുസ്ഥാനി ശൈലിയിലുള്ള വാദ്യോപകരണ സംഗീത മികവിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം നേടിയ വിജയരാജന്‍പിള്ള തബലയിലും മൃദംഗത്തിലുമായി തന്‍െറ ജീവിതം തളച്ചിട്ടിട്ട് 44 വര്‍ഷമായി. തബലയിലും മൃദംഗത്തിലും ഒരുപോലെ നാദ-താള വിസ്മയം സൃഷ്ടിച്ച അദ്ദേഹത്തെത്തേടി 62ാം വയസിലും അംഗീകാരങ്ങള്‍ എത്തുന്നു. അടൂര്‍ വിജയരാജന്‍പിള്ള 22 വര്‍ഷം കേരള ഫയര്‍ഫോഴ്സില്‍ ജോലി നോക്കിയ ശേഷം ഇപ്പോള്‍ മുഴുവന്‍ സമയവും വാദ്യോപകരണങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നു.
1968ല്‍ പെരിങ്ങനാട് ശിവകുമാറില്‍ നിന്നാണ് തബലവാദനം പഠിച്ച് തുടങ്ങിയത്. മൃദംഗത്തില്‍ മാവേലിക്കര എന്‍. രാധാകൃഷ്ണന്‍റെയും തബലയില്‍ ഉപരിപഠനത്തിന് കോഴിക്കോട് ശിവരാമകൃഷ്ണന്‍്റെയും മുംബൈ മനോഹര്‍ കേശ്കാറിന്‍്റെയും ശിഷ്യത്വം സ്വീകരിച്ചിരുന്നു. ആകാശവാണി, ദൂരദര്‍ശന്‍, സ്വകാര്യ ചാനലുകള്‍ എന്നിവയില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര നൃത്ത സംവിധായകരായ ഗുരുഗോപിനാഥ്, മദ്രാസ് ദാമു, സംവിധായകന്‍ രാമുണ്ണി, അമ്പലപ്പുഴ വിശ്വം എന്നിവരുടെ ട്രൂപ്പുകളിലും ഗുരുപൂജാ പുരസ്കാര ജേതാവ് കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍, കാഥികന്‍ കെ.കെ വാധ്യാര്‍, മലയാലപ്പുഴ സൗദാമിനി എന്നിവരോടൊപ്പവും വിജയ കലാനിലയം, കൊട്ടാരക്കര ശ്രീഭദ്ര നൃത്തവേദി, മാവേലിക്കര പുഷ്പാഞ്ജലി തുടങ്ങി നിരവധി നാടക, നൃത്ത, കഥാപ്രസംഗ ട്രൂപ്പുകള്‍, സ്കൂള്‍, കോളജ് കലോത്സവങ്ങള്‍ എന്നിവയിലും മികവു തെളിയിച്ചിട്ടുള്ള വിജയരാജന്‍പിള്ളക്ക് നൂറു കണക്കിന് ശിഷ്യസമ്പത്തുമുണ്ട്. അവരില്‍ നിരവധി പേര്‍ സ്കൂള്‍-കോളജ് കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്്, അടൂര്‍ നഗരസഭ, പെന്‍ഷനേഴ്സ് അസോസിയേഷന്‍, മെലഡി ആര്‍ട്സ് ആന്‍റ് മ്യൂസിക് സെന്‍്റര്‍ എന്നിവയുടെ പുരസ്കാരങ്ങളും നേടിയിട്ടുള്ള ഇദ്ദേഹം ഫയര്‍ഫോഴ്സില്‍ നിരവധി റിവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. പന്നിവിഴ വിജയഭവനിലാണ് താമസം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.