ഗുവാഹത്തി: ഫേസ്ബുക്കിലെ കമെന്റിന് പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ടു. പിന്നാലെ യുവാവിനെതിരെ കേസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണര്‍ വര്‍നാലി ദേക, മേക്കപ്പ് ഇടാത്തതുമായി ബന്ധപ്പെട്ട കമന്റിന് പ്രതികരണമായി അമിത് ചക്രവര്‍ത്തി എന്ന യുവാവ് സ്‌മൈലി ഇമോജി ഇട്ടതിനാണ് കേസെടുത്തിരിക്കുന്നത്.
വര്‍നാലി ദേക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സൈബര്‍ സ്‌പെയ്‌സില്‍ ശല്ല്യം ചെയ്‌തെന്നും അപകീര്‍ത്തികരമായ കമന്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അമിത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് വര്‍നാലിയുടെ കേസ്.
വര്‍നാലി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നരേഷ് ബരുവ എന്നയാൾ 'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന് കമന്റ് ചെയ്‌തു. ഈ കമന്റിന് പ്രതികരണമായി അമിത് ലാഫിങ് ഇമോജി ഇടുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ്.
തൻ്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വര്‍നാലിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കമന്റിന് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിഷയത്തിൽ അമിതിൻ്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.