ഒരു മെക്സിക്കൻ അപഹാസ്യത...

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷൻ നേടി മുന്നേറുകയാണ് അനൂപ് കണ്ണന്‍ നിര്‍മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത സിനിമയായ 'ഒരു മെക്സിക്കന്‍ അപാരത'. സിനിമ കണ്ടും പ്രചരിപ്പിച്ചും മുന്നേറുന്നത് കേരളത്തിലെ ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ പ്രധാനപ്പെട്ട എസ്.എഫ്.ഐയുടെ അനുയായികളാണ്. ഇത് തങ്ങളുടെ വിജയത്തിന്‍െറ കഥയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാലിത് തങ്ങളുടെ കഥയാണെന്നും അടിച്ചുമാറ്റി തലതിരിച്ച് അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസിന്‍െറ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവും പറയുന്നു. രസകരമായ സംഗതി കേരളത്തിലെ രണ്ട് പ്രബലമായ വിദ്യാര്‍ഥി സംഘടനകളെ തമ്മിലടിപ്പിക്കാനും അതുവഴി വാണിജ്യ വിജയമെന്ന ലക്ഷ്യത്തിലെത്താനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കായിട്ടുണ്ട് എന്നതാണ്.

സിനിമയില്‍ എസ്.എഫ്.വൈ എന്നും കെ.എസ്.ക്യു എന്നും പറയുന്ന രണ്ട് വിദ്യാര്‍ഥി സംഘടനകളുണ്ട്. മഹാരാജ എന്ന കോളജിലെ സംഘടനകളാണിത്. യഥാര്‍ഥത്തിലുള്ള സംഘടനകളായ എസ്.എഫ്.ഐ കെ.എസ്.യു എന്നിവയുടെ പരിഛേദങ്ങളാണ് എസ്.എഫ്.വൈയും കെ.എസ്.ക്യുവും. കൊടിയും നിറവും മുതല്‍ ഉപയോഗിക്കുന്ന അഭിസംബോധനകളും വസ്ത്രങ്ങളും വരെ യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ചരിത്രപരമായും സിനിമ കുറേയൊക്കെ സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. അതില്ല എന്ന് മാത്രമല്ല ചരിത്രത്തെ വികലമാക്കുകയുംകൂടി ചെയ്യുന്നിടത്താണ് 'ഒരു മെക്സിക്കന്‍ അപാരത' കടുത്ത പിന്തിരിപ്പനായി മാറുന്നത്.

സിനിമ ആരംഭിക്കുമ്പോള്‍ കാണുന്ന അടിയന്തിരാവസ്ഥക്കാലവും അവിടെ നിന്ന് കടുംവെട്ടിലൂടെ എത്തുന്ന അത്ര പഴയതല്ലാത്ത പുതിയ കാലവും ഒട്ടും പൊളിറ്റിക്കലി കറക്ട് ആണെന്ന് പറയാനാകില്ല. പഴയ കാലം ഒരല്‍പം മാത്രമെ സിനിമയില്‍ വരുന്നുള്ളു. ഒട്ടും ഉറപ്പില്ലാത്ത അഴകൊഴമ്പന്‍ കഥയും തിരക്കഥയും സംവിധാനവും തന്നെയാണ് സിനിമയെ വികലമാക്കുന്നത്. സ്വന്തം സഖാവിനാല്‍ ചതിക്കപ്പെട്ട് കൊല്ലപ്പെടുന്ന കൊച്ചനിയന്‍ മുതല്‍ രാഷ്ട്രീയ കൊലപാതകം നടത്തുന്ന കെ.എസ്.ക്യു വരെ സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും അറിഞ്ഞും അറിയാതെയും ആക്രമിക്കപ്പെടുന്നു.

എല്ലാ കുഴപ്പങ്ങള്‍ക്കും ഉയരെ കാമ്പസ് രാഷ്ട്രീയം നട്ടുനനക്കുന്ന ഒരു സര്‍ഗാത്മകത ഉണ്ട്. അത് ഒട്ടുമേ സിനിമയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. യഥാര്‍ഥത്തില്‍ എസ്.എഫ്.ഐയും കെ.എസ്.യുവും ഒരേ അളവില്‍ സിനിമയില്‍ അപഹസിക്കപ്പെടുകയാണ്. രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഇടതുപക്ഷത്തെ മുതല്‍ കൊടിമരം ഒടിച്ചതിന്‍െറ പേരില്‍ എതിര്‍പക്ഷക്കാരനെ കൊല്ലുന്ന കെ.എസ്.ക്യുവിനെ വരെ സിനിമയില്‍ അതിവിദഗ്ദ്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സിനിമയുടെ തിരക്കഥ പല പ്രാവശ്യം തിരുത്തിയിട്ടുണ്ടെന്ന് ഉറപ്പാണ്. മുറിച്ചും ചേര്‍ത്തും പിന്നേയും വെട്ടിയും തിരുത്തിയും ഒരുപാട് കത്രിക പ്രയോഗങ്ങള്‍ നടന്നൊരു തിരക്കഥയാണ് സിനിമയുടേതെന്ന് മനസിലാക്കാന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടുകളിലൊന്നും പഠിക്കേണ്ടതില്ല. ഒട്ടും പരസ്പര പൂരകമല്ലാത്ത ആശയങ്ങള്‍, വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍, ഇടക്ക് എന്തിനോ പാടുന്ന മുടി വളര്‍ത്തുമെന്ന... പാട്ട് തുടങ്ങി ദയനീയമാണ് സിനിമയുടെ അവസ്ഥ. ഈ സിനിമ മറ്റൊരു പിന്‍തിരിപ്പന്‍ വര്‍ണ രാഷ്ട്രീയവും പേറുന്നുണ്ട്. വില്ലത്തരം അധികം കോമാളിത്തരം സമം കറുപ്പ് എന്നതാണത്.

സിനിമയിലെ പ്രതിനായകന്‍ കറുപ്പും നായകന്‍ വെളുപ്പുമാണ് എന്ന ലളിതയുക്തിയില്‍ മാത്രമായി അത് ഒതുങ്ങുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നേരത്തെ വന്നതുപോലെ നായികയെ കാണിക്കുന്ന പാട്ടുസീനില്‍ ചുറ്റും കറുത്ത കുട്ടികളെ നിര്‍ത്തി സംവിധായകന്‍ തന്‍െറ വിവരമില്ലായ്മ പ്രകടിപ്പിച്ചിരുന്നു. കറുപ്പും ഹാസ്യവും ഇടകലര്‍ത്തിയും സിനിമ വര്‍ണവെറി പ്രകടിപ്പിക്കുന്നുണ്ട്. തമാശക്കാരനായ നായകന്‍െറ കൂട്ടുകാരന്‍ കറുത്തത് യാദൃശ്ചികമെങ്കിലും അയാളുടെ വീട്ടിലെ എല്ലാവരും കറുത്തും വിഡ്ഡികളുമായിരിക്കുന്നത് അത്ര നിഷ്കളങ്കമാണെന്ന് കരുതാനാവില്ല.

ഇത്തരമൊരു സിനിമക്കുവേണ്ടി മുദ്രാവാക്യം വിളിക്കാന്‍ ചുവന്ന കൊടിയും പിടിച്ച് പോകുന്നതു പോലെ അശ്ലീലമായൊരു കാഴ്ചയില്ല. ഈയടുത്ത കാലത്ത് കണ്ട ഏറ്റവും പരിഹാസ്യമായ കാഴ്ചയായിരിക്കുമത്.  ഇന്ത്യയിലെ ഇടതുപക്ഷത്തിന് സല്‍പ്പേരുണ്ടാക്കുന്ന എന്തോ ഒരു സിനിമയാണിതെന്ന് തീയറ്ററില്‍ വന്ന് ആവേശപ്പെടുന്നവര്‍ വിചാരിക്കുന്നു. ആ തോന്നലുണ്ടാക്കുന്നതില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്നതാണ് ശരി. യഥാര്‍ഥമായ രാഷ്ട്രീയ പരിസരത്തെ തലകുത്തിപ്പിടിച്ചും ബിംബങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയുമാണ് സിനിമ മുന്നേറുന്നത്.

യഥാര്‍ഥത്തില്‍ എസ്.എഫ്.ഐ എന്ന സംഘടനക്ക് അഭിമാനിക്കത്തക്കതായി സിനിമയില്‍ ഒന്നുമില്ല. ഇനി അറിയേണ്ടത് നിലവില്‍ എസ്.എഫ്.ഐ കാമ്പസുകളില്‍ നടത്തുന്ന ഏകാഥിപത്യ പ്രവണതകള്‍ക്കെതിരായ പോരാട്ടത്തിന് സിനിമ  ശക്തി പകരുമോ എന്നാണ്. കാരണം സിനിമയില്‍ കെ.എസ്.ക്യു നടത്തുന്ന അതിക്രമങ്ങളേക്കാള്‍ വലിയ തട്ടിപ്പുകള്‍ ചുവന്ന കൊടിയും പിടിച്ച് എസ്.എഫ്.വൈ ആണ് ചെയ്യുന്നത്. കൊച്ചനിയനെ ചതിച്ച് കൊല്ലുന്നത് കൂട്ടത്തിലുള്ള ഒരു സഖാവാണ്. സ്വന്തം സഖാവിനെ രക്തസാക്ഷിയാക്കാന്‍ ഗൂഢാലോചന നടത്തുന്നതും വിദ്യാര്‍ഥികളുടെ അനുഭാവം കിട്ടാന്‍ നായക കഥാപാത്രത്തെ ആളെവിട്ട് തല്ലിക്കുന്നതും എസ്.എഫ്.വൈ നേതാവാണ്.

എന്നിട്ടും യഥാര്‍ഥ എസ്.എഫ്.ഐക്കാര്‍ തീയറ്ററില്‍ കൊടിയുമായെത്തി ആര്‍പ്പുവിളിക്കണമെങ്കില്‍ സിനിമ അത്രമേല്‍ കൗശലത്തോടെ വിപണനം ചെയ്തിട്ടുണ്ടെന്നാണ് അര്‍ഥം. സിനിമയുടെ സംഗീതം പുതുമയുള്ളത്. നായകന്‍ ടോവിനൊ തോമസും പ്രതിനായകന്‍ രൂപേഷ് പീതാമ്പരനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാ കുടുംബ പശ്ചാത്തലമൊന്നും ഇല്ലാതെ വന്ന ടോവിനൊ നല്ല പ്രതീക്ഷ നല്‍കുന്ന നടനാണ്. 

Tags:    
News Summary - oru mexican aparatha review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT