ത്രില്ലർ സിനിമകൾ എഴുതാനാണ് ഏറ്റവും എളുപ്പം എന്ന് സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞതോർക്കുന്നു. അതിനൊരു ടെക്നിക് ഉണ്ടത്രെ. ആദ്യം ഗംഭീരമായ ഒരു ക്ലൈമാക്സ് സെറ്റ് ചെയ്യുക. എന്നിട്ട്, അവിടെ നിന്ന് റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുക. ആ യാത്രാവഴിയിൽ കാണുന്നവരിലും കാണുന്നതിലുമെല്ലാം പ്രേക്ഷകനിൽ നിഗൂഢത തോന്നിപ്പിക്കുന്ന വിധത്തിൽ സംശയത്തിന്‍റെ ഓരോ കൊളുത്തുകളിടുക. സിംപിൾ.
പക്ഷേ, വിദൂരതയിലേക്ക് ഗൂഢമായ ചിരിയോടെ നോക്കിയിരിക്കുന്ന ഒരാളുടെ മുഖത്തേക്ക് അർത്ഥഗർഭമായി നോക്കുന്ന ഒരു നോട്ടത്തെ ക്ലൈാമാക്സാക്കി അവിടെ നിന്നും റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യം അത്ര സിംപിളായി സംഭവിക്കില്ല. അതുതന്നെയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ: from the infinite chronicle of kuriachan’ എന്ന സിനിമയെ മറ്റ് മിസ്റ്റിക് ത്രില്ലർ സിനിമകളിൽ നിന്ന് വേർപെടുത്തുന്നത്.
വമ്പൻ താരങ്ങൾ ആരുമില്ലാത്ത ഈ സിനിമയിലെ ഏക സൂപ്പർ താരം സിനിമയുടെ സ്ക്രിപ്റ്റ് തന്നെയാണ്. കഴിഞ്ഞ വർഷത്തെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം നിസ്സംശയം നേടാൻ യോഗ്യനായിരുന്നിട്ടും എന്തുകൊണ്ടോ അത് സംഭവിക്കാതെ പോയതിന്‍റെ കണക്കുവീട്ടൽ കൂടിയാണ് ബാഹുലിന്‍റെ ഈ തിരക്കഥ. താൻ മനസ്സിൽ കണ്ട് എഴുതിയ ദൃശ്യങ്ങൾ കാമറയിലൂടെ നേരിട്ട് കണ്ട് പകർത്താനുള്ള അപൂർവഭാഗ്യം കൂടിയുണ്ട് ബാഹുൽ രമേശിന്.
മനുഷ്യനിലും മൃഗങ്ങളിലും പ്രകൃതിയിലും ഒരുപോലെ കവിഞ്ഞുകിടക്കുന്ന വന്യതയുടെ അമ്പരപ്പും അതിന്‍റെ സൗന്ദര്യവും തിരശീലയിലേക്ക് പകർന്നെടുക്കാനും പ്രേക്ഷകനെ അനക്കമറ്റ നിലയിൽ രണ്ട് മണിക്കൂർ പിടിച്ചിരുത്താനും ‘സ്ക്രിപ്റ്റ് കം കാമറ’ എന്ന ഈ കോമ്പിനേഷൻ ബാഹുലിനെ വലുതായി സഹായിക്കുന്നു. ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും ബാഹുൽ രമേശും ഒന്നായി തീരുന്നു.
ഒറ്റ വാചകത്തിൽ ഈ ചിത്രത്തിന്‍റെ കഥാസംഗ്രഹം പറയാമെങ്കിൽ അതിങ്ങനെയാവും. 'Some time Protection is a Restriction'. സംരക്ഷണത്തിന്‍റെ ചങ്ങലയുടെ നീളത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമുള്ള മനുഷ്യരും മൃഗങ്ങളുമെല്ലാം ഇതിലെ കഥാപാത്രങ്ങളാണ്. നിയന്ത്രിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്നവർ തന്നെ നിയന്ത്രിക്കപ്പെടുന്നു എന്ന് തിരിച്ചറിയാതെ പോകുന്നതു പോലെ, വേട്ടക്കാരൻ തന്നെ ഇരയുമാകുന്ന പോലെ സങ്കീർണമാണ് ജീവിതം എന്നു സിനിമ പറയാതെ പറയുന്നു.
രണ്ടാം ലോക യുദ്ധകാലത്ത് മലേഷ്യയിലേക്ക് അപൂർവയിനം നായകളെ തേടിപ്പോയ, ആദിമധ്യാന്തം ദുരൂഹത നിറഞ്ഞ കുര്യച്ചന്‍റെ ബ്ലാങ്കായ ജീവിതത്തെ പലയിടങ്ങളിലിരുന്നു പൂരിപ്പിക്കുന്നത് മുഴുവൻ അയാളിലെ വന്യത കൊണ്ടാണ്. അയാളോട് തീർക്കാനുള്ള കണക്കും മനസ്സിലിട്ട് കുര്യച്ചൻ എവിടെയെന്ന് അന്വേഷിച്ചുനടക്കുന്നവർക്കൊക്കെയും അടുത്തെവിടെയോ അയാളുണ്ടെന്നു തോന്നുന്നത് കുര്യച്ചൻ ഒരു വ്യക്തിയല്ല, പ്രതിഭാസമായതുകൊണ്ടാണ്. കാടിനു മുകളിലൂടെ ഉയരുന്ന നായകളുടെ മുരൾച്ചയിലൂടെ ആദിമകാലത്തിന്‍റെ ആസുരതകളിലേക്കുള്ള മടങ്ങിപ്പോകലാണ്.
സമീപകാലത്ത് ഇറങ്ങുന്ന സിനിമകൾ മൊത്തമായെടുത്താൽ ഒരൊറ്റ ഴോണറിലാണ് അതെല്ലാമെന്ന് ആറ്റിക്കുറുക്കി പറയാനാവും. ത്രില്ലർ ഴോണറാണത്. എല്ലാ കാലത്തും പ്രേക്ഷകർ ഏറെയുള്ള ഈ ഴോണറിലെ ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകനെ കൺവിൻസ് ചെയ്യിക്കലാണ്. മറ്റേതൊരു ദേശത്തെക്കാളും ചലച്ചിത്രാസ്വാദന നിലവാരം ഉയർന്നുകൊണ്ടിരിക്കുന്ന മലയാളി പ്രേക്ഷകരെ പ്രമേയം ബോധ്യപ്പെടുത്തുന്നത് അത്ര എളുപ്പമല്ല എന്നതാണ് അടിക്കടി വന്നുകൊണ്ടിരിക്കുന്ന ത്രില്ലർ സിനിമകളുടെ ജയപരാജയങ്ങളെ നിർണയിക്കുന്നത്.
അതിൽ തന്നെ മിസ്റ്റിക് ത്രില്ലർ എന്ന ഴോണറിലായിരുന്നു ‘കിഷ്കിന്ധാകാണ്ഡം’ ദിൻജിത്തും ബാഹുലും ചേർന്ന് ഒരുക്കിയെടുത്തത്. മനുഷ്യരെയഖിലം ബാധിക്കുന്ന മറവിയെന്ന പ്രതിഭാസത്തിലേക്ക് മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളെ കൂട്ടിയിണക്കി ഒരു ത്രില്ലറാക്കുന്ന ഒട്ടും എളുപ്പമല്ലാത്ത ഒരു വിദ്യയായിരുന്നു കിഷ്കിന്ധാകാണ്ഡത്തിൽ. മൃഗങ്ങളും മനുഷ്യരും ഇടകലർന്ന ആവാസവ്യവസ്ഥയുടെ പശ്ചാത്തലത്തിൽ ഒട്ടും അവിശ്വസനീയതയില്ലാതെ കഥ ആ ചിത്രം പറയുന്നുണ്ട്. ശരിക്കും കഴിഞ്ഞ വർഷത്തെ മികച്ച തിരക്കഥ കിഷ്കിന്ദാകാണ്ഡത്തിന്റേതു തന്നെയായിരുന്നു.
കിഷ്കിന്ധാകാണ്ഡത്തെക്കാൾ സങ്കീർണമാണ് എക്കോയുടെ കഥാഘടന. മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന പല പല അടരുകളുള്ള ആഖ്യാനമായിരിക്കുമ്പോൾ പോലും പ്രേക്ഷകന്‍റെ ബോധത്തെ വെല്ലുവിളിക്കാതെ അവരിലേക്ക് ചേർന്നുനിൽക്കുന്നു. പ്രകൃതിയൊരുക്കുന്ന പൽചക്രം പോലെ കയറിയിറങ്ങി കിടക്കുന്ന മലനിരകളുടെ മുകളിൽ നിന്ന് നോക്കുമ്പോൾ കാണുന്ന പച്ചപ്പു മാത്രമായി തോന്നുന്ന ആ വന്യതയുടെ ഉൾത്തടങ്ങളിൽ കിടക്കുന്ന വിചിത്രമായ ജീവിതങ്ങളാണ് പ്രേക്ഷകനെ അമ്പരിപ്പിക്കുക. അദൃശ്യമായ സാന്നിധ്യമായി നമുക്കൊക്കെയും മുകളിലൂടെ നീണ്ടുകിടക്കുന്ന അധികാരത്തിന്‍റെ കരങ്ങളെ ഓർമപ്പെടുത്തുന്നുണ്ട് കുര്യച്ചൻ എന്ന മിസ്റ്റിക് കഥാപാത്രം.
വിനീതും അശോകനും നരേനും മാത്രമേ നമുക്ക് ചിരപരിചിതരായ അഭിനേതാക്കളായുള്ളു. മ്ലാത്തിച്ചേട്ടത്തിയാകുന്ന ബിയാന മൊമിയും അവരുടെ ചെറുപ്പകാലം അഭിനയിച്ച സിം ഷി ഫെയിയും പീയൂസാകുന്ന സന്ദീപ് പ്രദീപും കുര്യച്ചനായ ബോളിവുഡ് ആക്ടിങ് കോച്ച് സൗരഭ് സച്ച്ദേവും പാപ്പച്ചനായ സഹീർ മുഹമ്മദുമെല്ലാം പുതിയ അനുഭവങ്ങൾ തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.