രാഹുൽ സദാശിവന്റെ 'ഭൂതകാല'ത്തിൽ വീണവരാരും ഡീയസ് ഈറെ കാണാൻ വൈകിപ്പിച്ചിട്ടുണ്ടാവില്ല. വളരെ സ്ലോ ആയി വന്ന് കണ്ടു നിന്നവർക്ക് ചുറ്റും ഭയത്തിന്റെ മുറിപ്പാടുകൾ അരിച്ചിറങ്ങുന്ന അനുഭവമാണ് ഭൂതകാലം നൽകുന്നത്. കഥയും കഥാപാത്രങ്ങളും മേക്കിങ്ങും പെർഫോമൻസുകളും കൊണ്ട് അത്രയേറെ മികവ് പുലർത്തുന്നുന്ന രാഹുൽ സദാശിവന്റെ ചിത്രം.
അതേ ഴോണറിൽ മലയാളികൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറെ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെയും വൈ.എൻ.ഒ.ടി സ്റ്റുഡിയോയുടെയും കീഴിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ടെക്നിക്കൽ സൈഡിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. സിനിമയിലുടനീളം ഒഴുകി ലയിക്കുന്ന, നിശബ്ദതയെ പോലും പശ്ചാത്തല സംഗീതത്തിൽ ലയിപ്പിച്ചു ചേർത്ത മാന്ത്രികതയാണ് ക്രിസ്റ്റോ സമ്മാനിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലാണ്. കഥാപരിസരങ്ങളെ അതിന്റെ ഭയപ്പാടുണർത്തുന്ന സത്ത് ചോർന്നുപോകാത്തവണ്ണം കാമറക്കണ്ണുകളിൽ ഒപ്പിയെടുത്ത് പ്രേക്ഷകന് നൽകിയ വിഷ്വൽ ട്രീറ്റിനെ അഭിനന്ദിക്കാതെ വയ്യ.
ലാറ്റിൻ വാക്കായ ‘ഡീയസ് ഈറെ’ ഉഗ്ര ക്രോധത്തിന്റെ ദിനമെന്ന് പരിഭാഷപ്പെടുത്താം. മരണപ്പെട്ടവർക്കായി പാടുന്ന ലാറ്റിൻ കവിതയായും ‘ഡീയസ് ഈറെ’ കണക്കാക്കപ്പെടുന്നു. ഹൊറർ ചിത്രങ്ങളിൽ മലയാളികൾക്കെന്നും പരിചിതമായത് വെള്ള സാരിയുടുത്ത് നിലം തൊടാതെ, ആകാശത്തും ഭൂമിയിലുമൊക്കെയായി സഞ്ചരിക്കുന്ന സ്ത്രീ പ്രേതങ്ങളാണ്. മുകളിലെ കൂർത്ത പല്ലുകൾ കഴുത്തിലേക്ക് ഇറക്കി ചോര കുടിക്കുന്ന പെൺ പ്രേതങ്ങൾ. ഇതിൽ നിന്നെല്ലാം ബഹുദൂരം സഞ്ചരിച്ചാണ് രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും, ഡീയസ് ഈറെയുമെല്ലാം ബോക്സ് ഓഫിസ് ഹിറ്റാവുന്നത്.
ഭയം എന്ന വികാരത്തെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറക്കി ആ ചുറ്റുപാടിൽ നിൽക്കുന്ന ഒരാളാക്കി നമ്മെ മാറ്റും. സാരിയുടുത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന സ്ത്രീ പ്രേതങ്ങളുടെ 'ഭയപ്പെടുത്തുന്ന' പൊട്ടിച്ചിരിയാണ് കഴിഞ്ഞ കാലഘട്ടം വരെയുള്ള ചിത്രങ്ങളിൽ നമുക്ക് കാണാനാവുക. എന്നാൽ നിശബ്ദതയും ആ നിശബ്ദതയെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദങ്ങളുമാണ് കഥയിൽ പ്രേക്ഷകനെ ഏറ്റവും കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കുന്നതെന്ന് ഭൂതകാലവും ഡീയസ് ഈറെയുമെല്ലാം വ്യക്തമാക്കുന്നുണ്ട്.
വളരെ ആഴമുള്ള കഥാപാത്രങ്ങൾ, കണ്ടുശീലിച്ചതിൽ നിന്നും വ്യത്യസ്തമായ പ്രണവ് മോഹൻലാലിന്റെ റോഹൻ എന്ന കഥാപാത്രവും കഥാപാത്രത്തിന്റെ ലുക്കും പുതുമയുള്ളതാണ്. തന്റെ വീട്ടിൽ ഒരു അമാനുഷിക സാന്നിധ്യം ഉണ്ടെന്ന് റോഹന് സംശയം ഉണ്ടാവുന്നു. പിന്നീട് റോഹൻ, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിന്റെ പിന്നിലെ യാഥാർഥ്യങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും ചെയ്യുന്നതാണ് കഥയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പ്രണവിന്റെ ഏറ്റവും ബോൾഡ് ആയ കഥാപാത്രമാണ് റോഹൻ.
പ്രണവിനെക്കാളും തകർത്തത് ജയ കുറുപ്പിന്റെ എൽസമ്മ എന്ന കഥാപാത്രമാണെന്ന് തോന്നും. സെക്കന്റ് ഹാഫിൽ എൽസമ്മയുടെ ഓരോ പ്രകടനവും അത്രയും ഉള്ളിലേക്ക് ആണിയടിച്ചിറക്കുന്ന വേദനയും ഭയപ്പാടുമാണ് പ്രേക്ഷകന് നൽകുക. എൽസമ്മയുടെ നോട്ടം, കരച്ചിൽ, നിസ്സഹായാവസ്ഥ, ഇത്രയും പൊട്ടൻഷ്യലുള്ള സ്ത്രീ കഥാപാത്രങ്ങളെ വളരെ ചുരുക്കമേ മലയാള സിനിമയിൽ കണ്ടിട്ടുള്ളൂ.
കിരണെന്ന കഥാപാത്രം ചെയ്ത അരുൺ അജി കുമാറാണ് സിനിമയിലെ മറ്റൊരു അത്ഭുതം. അത്രയധികം ഫ്രസ്റ്റ്റേറ്റഡായിട്ടുള്ള ഒരു പയ്യൻ. വളരേ കുറച്ച് സീനുകളിൽ മാത്രം പ്രസൻസ്, കിരണിന്റെ കയ്യും കണ്ണും ചുണ്ടും, അങ്ങനെ ഓരോ രോമം പോലും സിനിമയിൽ തകർത്ത് അഭിനയിക്കുകയാണ്. എസ്തറ്റിക് കുഞ്ഞമ്മ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്ഥാപകനാണ് അരുൺ അജികുമാർ. പടക്കളം, ലിറ്റിൽ ഹാർട്ട്സ്, അന്വേഷിപ്പിൻ കണ്ടേതും, പൂക്കാലം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നെ കേരള പൊലീസിന്റെ കുട്ടൻപിള്ള പരമ്പരയിലൂടെ ശ്രദ്ധേയനായ ജിബിൻ ഗോപിനാഥും. സംവിധായകൻ പറഞ്ഞു നിർത്തുന്നിടത്തു നിന്ന് കഥ മുന്നോട്ടുകൊണ്ടുപോകാനത്രയും മരുന്നുള്ള കഥാപാത്രമാണ് ജിബിൻ ഗോപിനാഥിന്റെ മധു. താരതമ്യേന ചെറിയ കഥാപാത്രങ്ങളിൽ മാത്രം കാണാറുള്ള ജിബിൻ ഗോപിനാഥിന് മികച്ച പെർഫോമിങ് സ്പേസ് നൽകുന്ന സിനിമയാണ് ഇത്. പ്രേക്ഷകർക്കു മുമ്പിൽ തന്നെ തുറന്നുകാട്ടാത്ത, കഥയിലുടനീളം പലതിനെയും മൂടിവെക്കുന്ന, സിനിമ അവസാനിക്കുന്നിടത്തും മറ്റൊരു കഥക്ക് തുടക്കമിടുന്ന കഥാപാത്രമായാണ് മധുവിനെ മനസിലാക്കാനാവുക. സിനിമയിലത്രയും നിറഞ്ഞാടുന്നത് ഈ കഥാപാത്രങ്ങൾ തന്നെയാണ്.
ഇതൊന്നും കൂടാതെ മനുഷ്യർക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി മാറിയ നാല് വീടുകളുണ്ട് ഈ സിനിമയിൽ. ഈ നാല് വീടുകളിലേയും പാരാനോർമൽ സാഹചര്യങ്ങളെ ക്ലബ് ചെയ്തു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ഏത് കോണിലിരുന്ന് നോക്കിയാലും ഒരു അമാനുഷിക ശക്തിയുടെ വികൃതികൾ വിഹരിക്കുന്ന ഭയപ്പെടുത്തുന്ന കഥകളുള്ള വീടുകൾ. ഈ മോഡേൺ കാലഘട്ടത്തിലും പ്രേതവും, നെഗറ്റീവ് സ്പിരിറ്റും, അല്ലെങ്കിൽ ഒരു അമാനുഷിക ശക്തിയേയുമെല്ലാം ഇംപ്ലിമെന്റ് ചെയ്തിട്ടും അതിനെ ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിയുന്നു എന്നതിലാണ് കഥയും സിനിമാ മേക്കിങ്ങും വിജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.