പബ്ലിക്കാവേണ്ട പ്രൈവറ്റ്‌

ഫ്‌ളവേഴ്‌സ് റിയാലിറ്റി ഷോയിലെ ശ്രീക്കുട്ടനും കൂട്ടരും എന്നും കളിയാക്കി 'വടി'യാക്കിയിരുന്ന ഒന്നുമറിയാത്ത പഞ്ചപാവം കോട്ടയംകാരി പിഞ്ചുപെണ്ണ്, വിവിധ വിഷയങ്ങളില്‍ തൻ്റെ നിലപാട് മറയില്ലാതെ പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരമായതിൽ അത്ഭുതം തോന്നിയാണ് പ്രൈവറ്റ് സിനിമ കാണണം എന്ന് തീരുമാനിക്കുന്നത്. ഇന്ദ്രൻസിനൊപ്പമുള്ള മീനാക്ഷി അനൂപിൻറെ കോമ്പിനേഷൻ സീനുകൾ കണ്ടപ്പോൾ അത്ഭുതം അസ്ഥാനത്തായി. അത്ര പക്വമായ അഭിനയപാഠവം നേടിയ അവർ അതിനൊപ്പം അവരുടെ സാമൂഹികവീക്ഷണവും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു.

പ്രമേയം വലത് രാഷ്ട്രീയതീവ്രവാദത്തിനെതിരോ അവരെ അസ്വസ്ഥപ്പെടുത്തുന്നതോ ആയാൽ മാത്രം കടുംവെട്ടുകിട്ടി സാരമായ പരിക്കോടെ പുറത്തുവരുന്ന നാലാമത്തെ ചിത്രമെന്ന ബഹുമതി നേടിയ ചിത്രമാണ് നവാഗതനായ ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത പ്രൈവറ്റ്. എമ്പുരാൻ, ജാനകി. വി V/S സ്റ്റേറ്റ്, ഹാൽ എന്നിങ്ങനെ തുടങ്ങി സംഘപരിവാർ പ്രതിക്കൂട്ടിലാവുന്ന ചിത്രങ്ങൾക്ക് ഈയിടെയായി ലഭിക്കുന്ന സവിശേഷ അംഗീകാരമാണല്ലോ സെൻസർ ബോർഡിന്റെ അക്കാര്യത്തിലുള്ള കരുതൽ. കത്രികാഭീഷണിക്കുമുന്നിൽ ആശങ്കയിലാണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് സിനിമ തിയറ്ററിൽ എത്തിയത്.

കമേഴ്‌സ്യൽ കണ്ടന്റ് ഇല്ലാത്തതോ, ഉള്ള കണ്ടന്റ് അറിഞ്ഞുമാറ്റപ്പെട്ടതിനാലോ 'തിയറ്റർ മസ്റ്റ് വാച്ച്' കാറ്റഗറിയിൽ പെടാത്തതോ കൊണ്ടാവണം സിനിമ തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാൽ ഒടിടി റിലീസുശേഷം നിരവധി പ്രേക്ഷകരെ ആകർഷിച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സിനിമയുടെ റിലീസുകളുമായി ബന്ധപ്പെട്ട്, ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് "എലോൺ" എന്ന പേരിൽ ഒരു "ഫസ്റ്റ് സിംഗിൾ" പുറത്തിറക്കിയത് ശ്രദ്ധ നേടിയിരുന്നു.

നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ മുൻനിറുത്തി സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ലെന്ന അധികൃത ധാർഷ്ട്യം ഈ സിനിമക്കുമേലെയും ഉണ്ടായി. മിണ്ടരുത് എന്നൊരു ചൂണ്ടുവിരൽ താക്കീത് സിനിമക്കെതിരെ ഉയർന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ചിത്രത്തിന് നേരിടേണ്ടി വന്ന ‘മ്യൂട്ടിങ്’. കഥയിലെ കഥയെ പറ്റി പറയുന്ന ഭാഗം മ്യൂട്ട് ചെയ്തും പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകകള്‍ ഒഴിവാക്കിയുമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

പരാമൃഷ്ട വലതുസംഘടനയാൽ കൊലചെയ്യപ്പെട്ട പ്രമുഖ എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും പേരുകൾ സിനിമയുടെ എൻഡ് കാർഡിൽ നിന്നും നീക്കുകയും ചെയ്‌തു. ഒരു വലിയ ജീവിതം സ്വപ്നം കണ്ട് വീടിന്റെ കുടുസ്സുചിന്തകളിൽ നിന്നും പുറത്തുചാടുന്ന മലപ്പുറത്തുകാരി പെൺകുട്ടി ചെന്നെത്തുന്നത്, സിസ്റ്റത്തിന് പിടികൊടുക്കാതെ നീതിക്കുവേണ്ടി പൊരുതുന്ന ഒരാളുടെ മുന്നിൽ. വീടുവിട്ട് കിലോമീറ്ററുകൾ താണ്ടി കർണാടകയിലെ ദുരൂഹമായ ഒരിടത്ത് ചെന്നുപെട്ട അവൾക്ക് കൂട്ടായത് ഒരു ബാലൻ മാരാർ.

ബാലൻ മാരാരുമായുള്ള സംഭാഷണത്തിൽ നിന്നും പുറത്തുവരുന്ന വിവരങ്ങളാണ് സിനിമയുടെ പ്രമേയം വെളിവാക്കുന്നത്. പ്രേക്ഷകനെ പതിയെ ഭീതിയിൽ അകപ്പെടുത്തിക്കളയാൻ ആ അവതരണരീതിക്ക് സാധിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. അതിൽ പിന്നെ അവർ വീടിന് പുറത്തിറങ്ങുമ്പോൾ, കടയിൽ പോകുമ്പോൾ, ഇരുട്ടിൽ, ഇടവഴിയിൽ എല്ലാം അവർക്കൊപ്പം നമ്മളും സമകാലഭീതിയുടെ അരക്ഷിതാവസ്ഥയിൽ പെട്ടുപോകും. നീതികാക്കുവാനും രാജ്യത്തെ സംരക്ഷിക്കാനും രാജ്യനിവാസികളെ ചേർത്തുപിടിക്കാനും സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്നവരെ സിസ്റ്റം കുറ്റവാളികളെ പോലെ നിരീക്ഷിക്കുന്നതും അവരെപോലെ കാണികളെയും അലോസരപ്പെടുത്തും.

ബാലൻ മാരാരെ ഫലിപ്പിച്ച ഇന്ദ്രൻസിന്റെ സൂക്ഷഭാവങ്ങൾ അദ്ദേഹത്തിന്റെ മുൻപ്രകടനങ്ങളിലെന്ന പോലെ അപാരമായി. ബാലതാരമായി മലയാള സിനിമയിലെത്തി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച മീനാക്ഷിയുടെ മുൻ ചിത്രങ്ങളിൽ നിന്ന് ഭിന്നമായി നല്ല പെർഫോമൻസ് ഇതിൽ കാഴ്‌ചവെച്ചിരിക്കുന്നു. ഇരുവരുടെയും കോമ്പിനേഷൻ നല്ലവണ്ണം വർക്കൗട്ടായി. കാമറയെ അഭിമുഖീകരിച്ചാണോ ഫ്രയിമുകൾ എന്നുപോലും ചിന്തിക്കാവുന്ന രീതിയിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു ഇന്ദ്രൻസിനൊപ്പം മീനാക്ഷി.

സത്യവും നീതിയും പുലരുന്ന ഒരു നാടിനുവേണ്ടി പണിയെടുക്കുന്നവർക്ക് പ്രതികൂലമായി മാറിയ സമീപ  പൊതുബോധകലാവസ്ഥയെ പ്രതിപാദ്യമാക്കുന്ന ചിത്രത്തിനും ഫലത്തിൽ അത്തരമൊരു സാഹചര്യത്തിന്റെ കയ്പുനുണയേണ്ടി വന്നു എന്നത് നമ്മൾ മലയാളികൾക്കൊരു നാണക്കേടുതന്നെ. ഫലത്തിൽ കുറെകൂടി ശക്തമായി ശബ്ദിക്കേണ്ടിയിരുന്ന ഒരു നല്ല സിനിമയെ വെട്ടിപ്പരിക്കേൽപ്പിച്ച് സാമൂഹ്യമധ്യേ പ്രദർശിപ്പിക്കാൻ അനുവദിച്ചതായിപ്പോയി സത്യത്തിൽ പ്രൈവറ്റ് എന്ന ചിത്രം.

Tags:    
News Summary - Private movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.