ജീവിതത്തിന്റെ മുടിയിഴകൾ; ഒരിടത്ത് ഒരു സ്ത്രീ ചെയ്യുന്ന ത്യാഗം മറ്റൊരിടത്തുള്ള സ്ത്രീയുടെ നിലനിൽപ്പിന് കാരണമാകുന്നു...

സ്മിതയും കുടുംബവും തോട്ടിപ്പണി ചെയ്താണ് ജീവിക്കുന്നത്. തൊട്ടുകൂടായ്മയും അയിത്തവും നേരിടുന്ന സ്മിത അതിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. സ്മിതക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ട്. തന്‍റെ ഗതി മകൾക്ക് വരരുതെന്ന് ചിന്തിച്ച് സ്വരൂപിച്ച പണം മുഴുവൻ മകളെ സ്കൂളിൽ അയക്കാൻവേണ്ടി കൊടുക്കുന്നു. സിസിലിയിൽ പരമ്പരാഗതമായി വിഗ് നിർമിക്കുന്നവളാണ് ജൂലിയ. ഒരു അപകടത്തിൽ അവളുടെ അച്ഛൻ കോമയിലാകുന്നു. ഈ അപകടത്തിനു ശേഷമാണ് അച്ഛന്‍റെ സ്ഥാപനം വലിയ കടക്കെണിയിലാണെന്ന് അവൾ അറിയുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവൾ പുതിയ വഴികൾ തേടുന്നു. ടൊറന്റോയിലെ അറിയപ്പെടുന്ന നിയമ സ്ഥാപനത്തിലെ അഭിഭാഷകയാണ് ​സാറ. കരിയറിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവൾ. പക്ഷേ, സ്ഥാനക്കയറ്റത്തിന് തൊട്ടുമുമ്പ് കാൻസർ കണ്ടെത്തുന്നത് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.

ഇന്ത്യൻ, ഇറ്റാലിയൻ, കനേഡിയൻ പശ്ചാത്തലങ്ങളിലുള്ള മൂന്ന് സ്ത്രീകളുടെ ജീവിതം കോർത്തിണക്കിയ കഥയാണ് ‘ദ ബ്രെയ്ഡ്’. ലെറ്റിഷ്യ കൊളമ്പാനിയുടെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ ചിത്രം ലെറ്റിഷ്യയുടെതന്നെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. സ്മിതയിലൂടെ തുടങ്ങി സാറയിൽ അവസാനിക്കുന്ന ഈ കഥ മുടി പിന്നിയിട്ടപോലെ കോർത്തിണക്കിയിരിക്കുന്നു. ഈ മൂന്ന് സ്ത്രീകളും പരസ്പരം കാണുന്നില്ല. പക്ഷേ, അവരുടെ വിധികൾ മുടിയിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. നേർച്ച, ബിസിനസ്, രോഗം ഇതിനെ മൂന്നിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഘടകം മുടിയാണ്. ​ഒരിടത്ത് ഒരു സ്ത്രീ ചെയ്യുന്ന ത്യാഗം മറ്റൊരിടത്തുള്ള സ്ത്രീയുടെ നിലനിൽപ്പിന് കാരണമാകുന്നു. അതു മൂന്നാമതൊരു സ്ത്രീക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നു.

ഈ സിനിമയിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും സ്വന്തം ജീവിത സാഹചര്യങ്ങളിൽ വളരെ ശക്തരും പോരാളികളുമാണ്. അവരുടെ ശക്തി ശാരീരികമല്ല, മറിച്ച് മാനസികവും വൈകാരികവുമാണ്. ​സ്മിതയാണ് ഇവരിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. അയിത്തം അനുഭവിച്ച്, മനുഷ്യവിസർജ്യം കോരിമാറ്റുന്ന ജോലി ചെയ്യുമ്പോഴും തന്റെ മകൾക്ക് ഈ വിധി ഉണ്ടാകരുത് എന്ന ദൃഢനിശ്ചയം അവൾക്കുണ്ടായിരുന്നു. ഭർത്താവിന്റെ എതിർപ്പിനെ അവഗണിച്ച് മകൾ ലളിതക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും മെച്ചപ്പെട്ട ജീവിതം നൽകാനുംവേണ്ടി അവൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ തീരുമാനിക്കുന്നു. മകളുടെ സുരക്ഷക്കായി അവൾ ദൈവത്തെ ആശ്രയിക്കുന്നു. ​ജൂലിയയുടെ ശക്തി അവളുടെ കഴിവിലും, മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധതയിലുമാണ്. പിതാവിന്റെ മരണത്തോടെ കടക്കെണിയിലായ ബിസിനസ് ഏറ്റെടുക്കാൻ അവൾ തയാറാവുന്നു. പരമ്പരാഗതമായ രീതികളെ മാത്രം ആശ്രയിക്കാതെ ഇന്ത്യയിൽ നിന്നുള്ള മുടിയിഴകൾ ഉപയോഗിച്ച് പുതിയ വിഗ്ഗുകൾ നിർമിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ അവൾ അക്ഷീണം പരിശ്രമിക്കുന്നു.

ഏറ്റവും പരിചിതമായ കഥ സാറയുടേതാണ്. വിവാഹമോചിതയായ, അഭിഭാഷകയും മൂന്ന് കുട്ടികളുള്ള സാറയുടെ ശക്തി മാനസികമായ അതിജീവനത്തിലും, ആത്മാഭിമാനം വീണ്ടെടുക്കുന്നതിലുമാണ്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ജീവന് ഭീഷണിയായ രോഗം ബാധിക്കുമ്പോൾ അവൾ തളർന്ന് പോകുന്നില്ല. പക്ഷേ, ഏകാന്തത അനുഭവിക്കുന്നുണ്ട്. ​അവൾക്ക് മാനസിക പിന്തുണ ആവശ്യമായി വരുന്ന സാഹചര്യത്തിലും ജോലി തുടരാൻ ആഗ്രഹിക്കുന്ന ഇച്ഛാശക്തിയാണ് സാറയെ ശക്തയാക്കുന്നത്. ബാഹ്യമായ സാഹചര്യങ്ങൾ വ്യത്യാസമാണെങ്കിലും പോരാടാനും, സ്വപ്നം കാണാനും, മുന്നോട്ട് പോകാനുമുള്ള മനസ്സാണ് ഈ കഥാപാത്രങ്ങളെ ശക്തരാക്കുന്നത്.

 

ദി ബ്രെയ്ഡ്’ എന്ന സിനിമയുടെ പ്രധാന ആകർഷണം അതിന്റെ വിഷ്വൽ അപ്പീലും സംഗീതവുമാണ്. ഇന്ത്യയിലെ വരണ്ടതും ദുരിതപൂർണ്ണവുമായ അന്തരീക്ഷവും, ഇറ്റലിയിലെ വെളിച്ചമുള്ളതും ഊർജസ്വലവുമായ വർക്ക്‌ഷോപ് കാഴ്ചകളും, കാനഡയിലെ ആധുനികവും പ്രഫഷനലുമായ നഗരജീവിതവും കൃത്യമായ കളർപാലറ്റിലൂടെ അവതരിപ്പിക്കുന്നുണ്ട്. വിഖ്യാത സംഗീതജ്ഞനായ ലൂഡോവിക്കോ ഈനാഡിയുടെ പിയാനോ സംഗീതം കഥാപാത്രങ്ങളുടെ ദുരിതവും പ്രതീക്ഷയും പോരാട്ടവീര്യവും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

ജൂലിയക്കും സാറക്കും തങ്ങളുടെ ദുരിതങ്ങളെ അതിജീവിക്കാൻ സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങൾ ലഭ്യമാണ്. സ്മിതക്കാകട്ടെ ഒരുകൂട്ടം സാമൂഹിക വിവേചനങ്ങൾക്കിടയിൽ മകളെ സംരക്ഷിക്കാൻ കഴിയുന്നില്ല. ഇവിടെ സ്മിതക്ക് ലഭിക്കുന്നത് പ്രതീക്ഷ മാത്രമാണ്. നോവലിന്റെ അത്രയും ആഴം സിനിമക്ക് നൽകാൻ കഴിഞ്ഞില്ലെന്ന് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഒന്നും അറിയാതെ കാണുന്നവർക്ക് വൈകാരിക അടുപ്പം തോന്നാൻ സാധ്യതയുണ്ട്. എന്നാൽ, സ്മിതക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഈ സിനിമ ഒരിക്കലും ഒരു ഇമോഷണൽ ഹുക്കല്ല. പക്ഷേ, മൂന്ന് സംസ്കാരങ്ങളും ബ്ലെൻഡ് ചെയ്ത രീതി പ്രശംസനീയം തന്നെയാണ്.

Tags:    
News Summary - the braid Movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.