ആൽപ്സ് പർവതനിരകളും പുൽമേടുകളും താഴ്വരകളും നിറഞ്ഞ അധിനിവേശ കാലത്തെ ഓസ്ട്രിയ. ഭാര്യ മരിച്ചതിനുശേഷം മക്കളെ പട്ടാള ചിട്ടയിൽ വളർത്തുന്ന ക്യാപ്റ്റൻ വോൺ ട്രാപ്. അവിടേക്കാണ് മരിയ എത്തുന്നത്. കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദേശപ്രകാരമാണ് വോൺ ട്രാപ്പിന്റെ ഏഴ് കുട്ടികളെ നോക്കാൻ എത്തുന്നത്. തിരക്കു പിടിച്ച ലോകത്ത് വിഹരിക്കുമ്പോൾ മക്കൾക്ക് വേണ്ടത്ര ശ്രദ്ധകൊടുക്കാൻ ക്യാപ്റ്റന് സാധിക്കുന്നില്ല. അവിടെയാണ് മരിയയുടെ സ്നേഹവും കരുതലും കരുത്താകുന്നത്. ശിഥിലമായ കുടുംബത്തെ മരിയ തിരിച്ചുപിടിക്കുന്നത് സ്നേഹംകൊണ്ടാണ്. അവരിൽ ഒരാളാണ് താനെന്ന് വോൺ ട്രാപ്പിന്റെ കുട്ടികൾക്ക് മരിയ കാണിച്ചു കൊടുക്കുന്നു. കർശനമായ നിയമങ്ങൾക്കുള്ളിൽ വളർന്നിട്ടും, ഒരു അമ്മയുടെ സ്നേഹത്തിനായി അവർ ആഗ്രഹിക്കുന്നുണ്ട്. ആ വീട്ടിൽ സംഗീതം നിറച്ച മരിയ ക്യാപ്റ്റന്റെ മനസ്സിൽ പ്രണയവും തിരിച്ചെത്തിക്കുന്നു.
ഹിറ്റ്ലറിന്റെ നാസി ഭരണത്തിൽനിന്ന് അതിജീവിക്കാൻ ശ്രമിക്കുന്ന ഈ കുടുംബത്തിന്റെ കഥയാണ് ‘ദി സൗണ്ട് ഓഫ് മ്യൂസിക്’. റോബർട്ട് വൈസിന്റെ സംവിധാനത്തിൽ 1965ൽ ഇറങ്ങിയ ഈ ചിത്രം ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിലാണ്. സാധാരണ സംഭാഷണങ്ങളിൽ പോലും സപ്തസ്വരങ്ങൾ നിറഞ്ഞ ചിത്രം. ഇതൊരു യഥാർഥ കഥയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ്. റിച്ചാർഡ് റോഡ്ഗേർസിന്റെ സംഗീതത്തിൽ ഓസ്കർ ഹാമ്മർസ്റ്റൈൻ II എഴുതി 1959ൽ ഇതേ പേരിൽ ഇറക്കിയ സംഗീത നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. ഫാഷിസത്തിന്റെയും യുദ്ധത്തിന്റെയും വശങ്ങൾ അത്ര ആഴത്തിൽ അല്ലെങ്കിലും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. നാസി ഭരണത്തിന്റെ ക്രൂരതകളെക്കുറിച്ച് സിനിമയിൽ നേരിട്ട് പരാമർശിക്കുന്നില്ല.
ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാൻ കുടുംബം നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സിനിമ നാസിസത്തെക്കുറിച്ചുള്ള ആശങ്കകൾ അവതരിപ്പിക്കുന്നത്. മരിയയാണ് ചിത്രത്തിന്റെ കാതൽ. മരിയയുടെ വരവ് ആ കുടുംബത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതിലും ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ കടുപ്പം നിറഞ്ഞ സ്വഭാവത്തെ മാറ്റിയെടുക്കുന്നതിലും മരിയ നിർണായക പങ്കുവഹിക്കുന്നുണ്ട്. തുടക്കത്തിൽ കർക്കശക്കാരനായ ഒരു സൈനികനായിരുന്ന ക്യാപ്റ്റൻ വോൺ ട്രാപ്പിനെ സ്നേഹനിധിയായ പിതാവായും ഭർത്താവായും മാറ്റിയെടുക്കാൻ മരിയക്ക് സാധിക്കുന്നുണ്ട്. സംഗീതമാണ് സിനിമയിലെ അവിഭാജ്യ ഘടകം. 16ഓളം പാട്ടുകൾ സിനിമയിലുണ്ട്. കഥ മുന്നോട്ട് പോകുന്നത് ഈ പാട്ടുകളിലൂടെയാണ്.
സിനിമയിലെ പാട്ടുകൾ വെറും വിനോദം മാത്രമല്ല, കഥാപാത്രങ്ങളുടെ വികാരങ്ങളെയും മുന്നോട്ടു കൊണ്ടുപോകുന്നു. ദുഃഖത്തിൽനിന്ന് സന്തോഷത്തിലേക്കും ഭയത്തിൽനിന്ന് ധൈര്യത്തിലേക്കും വോൺ ട്രാപ് കുടുംബത്തെ നയിക്കുന്നത് ഈ സംഗീതമാണ്. ഓരോ പാട്ടും കഥാഗതിയുമായി ഇഴചേർന്നിരിക്കുന്നവയാണ്. സിനിമയുടെ തുടക്കത്തിൽ മരിയയുടെ സന്തോഷവും പിന്നീട് അവരുടെ പ്രണയവും കുടുംബത്തിന്റെ സ്നേഹവുമെല്ലാം ഗാനങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കേവലം സംഗീതത്തിൽമാത്രം ഒതുങ്ങുന്നതല്ല ഈ ചിത്രം. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാസി ജർമനിയുടെ ആവിർഭാവം, കുടുംബത്തിന്റെ അതിജീവന പോരാട്ടം, രാജ്യത്തോടുള്ള സ്നേഹം എന്നിവയെല്ലാം ഈ സിനിമ വളരെ മനോഹരമായി ചിത്രീകരിക്കുന്നു.
മികച്ച ചിത്രത്തിനും സംവിധായകനും അടക്കം അഞ്ച് ഓസ്കറുകളാണ് ചിത്രം നേടിയത്. സിനിമയുടെ കഥാപാത്രങ്ങളും സംഭവങ്ങളും യഥാർഥമാണെങ്കിലും, സിനിമക്കായി പല കാര്യങ്ങളും മാറ്റിയെഴുതിയിട്ടുണ്ട്. 1965ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണ് ദി സൗണ്ട് ഓഫ് മ്യൂസിക്. മരിയ വോൺ ട്രാപ് എഴുതിയ ‘ദി സ്റ്റോറി ഓഫ് ദി വോൺ ട്രാപ് ഫാമിലി സിംഗേഴ്സ്’ എന്ന ഓർമക്കുറിപ്പുകളാണ് സിനിമയുടെ മൂലകഥ. 1956ലെ ജർമൻ സിനിമയായ ‘ദ ട്രാപ് ഫാമിലി’യാണ് വോൺ ട്രാപ് കുടുംബത്തെ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.