കാഴ്ചയുടെ വസന്തം; വര്‍ഷത്തില്‍ 13 സിനിമ

ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ ഛായാഗ്രാഹകനായിരുന്നു ആനന്ദക്കുട്ടന്‍. സെറ്റില്‍നിന്ന് സെറ്റിലേക്ക് പായുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് സമാനമായിരുന്നു ആനന്ദക്കുട്ടന്‍െറ സിനിമ ജീവിതം. പുതുമുഖ സംവിധായകര്‍ക്കും പരിചയസമ്പന്നര്‍ക്കുമൊപ്പം കാമറ ചലിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചതോടെ വര്‍ഷത്തില്‍ ഏറ്റവുമധികം സിനിമക്ക് ദൃശ്യമൊരുക്കിയ ഛായാഗ്രാഹകനെന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. പ്രതിവര്‍ഷം പത്തോളം സിനിമകള്‍ക്ക് കാമറ ചലിപ്പിച്ചു. 1978ലും 1985ലും 13 ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷ പകര്‍ന്നു.

മറുനാടന്‍ ലൊക്കേഷന്‍ തേടിപ്പോകാതിരുന്ന കാലത്ത് കേരളത്തിന്‍െറ പ്രകൃതിസൗന്ദര്യം സിനിമയില്‍ അവതരിപ്പിച്ച് മലയാളികളെ വിസ്മയിപ്പിക്കുകയും ചെയ്തു.  പഴയതും പുതിയതുമായ തലമുറയിലെ താരങ്ങളുടെ ഭാവതീവ്രതയുടെ മാറ്റ് ഒട്ടും കുറക്കാതെ ദൃശ്യങ്ങളില്‍ ആവാഹിക്കാനും അദ്ദേഹത്തിനായി. തമിഴ്, തെലുങ്ക് ഭാഷകള്‍ ഉള്‍പ്പെടെ 300ഓളം സിനികള്‍ക്ക് കാമറ ചലിപ്പിച്ചു. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷയൊരുക്കിയെന്ന റെക്കോഡും ആനന്ദക്കുട്ടന് സ്വന്തം.

1977ല്‍ പി. ചന്ദ്രകുമാറിന്‍െറ പ്രഥമ സംരംഭമായ മനസ്സൊരു മയില്‍ എന്ന ചിത്രത്തിനുപിന്നാലെ രണ്ട് സിനിമകള്‍ക്കുകൂടി ആനന്ദക്കുട്ടന്‍ കാമറ ചലിപ്പിച്ചു. ശശികുമാര്‍ സംവിധാനം ചെയ്ത അപരാജിത, ജോണ്‍ എബ്രഹാമിന്‍െറ രണ്ടാമത്തെ ചിത്രം അഗ്രഹാരത്തിലെ കഴുത എന്നിവയായിരുന്നു അവ. ദേശീയ പുരസ്കാരം നേടിയ അഗ്രഹാരത്തിലെ കഴുതക്കുവേണ്ടി രാമചന്ദ്രബാബുവിനൊപ്പമാണ് ആനന്ദക്കുട്ടന്‍ പ്രവര്‍ത്തിച്ചത്. തൊട്ടടുത്ത വര്‍ഷം 13 സിനിമകള്‍ക്ക് അദ്ദേഹം ദൃശ്യഭംഗിയേകി.

പോക്കറ്റടിക്കാരി, പുത്തരിയങ്കം, സീമന്തനി (സംവിധാനം: പി.ജി വിശ്വംഭരന്‍), അനുഭൂതികളുടെ നിമിഷം, ജലതരംഗം (പി. ചന്ദ്രകുമാര്‍), കന്യക, മുദ്രമോതിരം (ശശികുമാര്‍), ആരും അന്യരല്ല (ജേസി), വ്യാമോഹം (കെ.ജി. ജോര്‍ജ്), മനോരഥം (പി. ഗോപികുമാര്‍), അടവുകള്‍ പതിനെട്ട് (വിജയാനന്ദ്), പാവാടക്കാരി (അലക്സ്), രഘുവംശം (അടൂര്‍ ഭാസി) എന്നിവ. മലയാള സിനിമ ചരിത്രത്തില്‍ രേഖപ്പെടുത്തിയ നേട്ടത്തിന് ആനന്ദക്കുട്ടന്‍ അര്‍ഹനാകുമ്പോള്‍ പ്രായം 24.
1985ല്‍ ജേസിയുടെയും ജോഷിയുടെയും ചിത്രങ്ങളായിരുന്നു അധികവും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കും എന്നതായിരുന്നു കൂടുതല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആനന്ദക്കുട്ടന് അവസരമൊരുക്കിയത്. 1979ല്‍ 10 ചിത്രങ്ങള്‍ക്കൊപ്പം സഹകരിച്ചു. 1990 വരെ വര്‍ഷം എട്ട്, ഒമ്പത് ചിത്രങ്ങളും അതിനുശേഷം 2013 വരെ അഞ്ച്, ആറ് ചിത്രങ്ങള്‍ വീതവും ചെയ്തു. 2016ല്‍ അഞ്ച് ചിത്രങ്ങളുടെ ചുമതലയേറ്റിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല.
കലാമൂല്യമുള്ള സിനിമകളുടെ കാലത്ത് കാമറക്കുപിന്നില്‍ നിലയുറപ്പിച്ച ആനന്ദക്കുട്ടന്‍ വാണിജ്യ സിനിമകളുടെ കാലത്തും പിന്നോട്ടുപോയില്ല. ആക്ഷന്‍, ത്രില്ലര്‍, കോമഡി ഭേദമില്ലാതെ അദ്ദേഹം ചിത്രങ്ങള്‍ ചെയ്തു.

സത്യന്‍ അന്തിക്കാട്, ശ്രീകുമാരന്‍ തമ്പി, സിബി മലയില്‍, ബാലചന്ദ്രമേനോന്‍, ജോഷി, ഫാസില്‍, ഷാജി കൈലാസ്, രാജസേനന്‍, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങി സിദ്ദീഖ് ലാല്‍, സുന്ദര്‍ ദാസ്, ഷാഫി, ജീത്തു ജോസഫ്, പി. അനില്‍ ഉള്‍പ്പെടെ പുതു സംവിധായകര്‍ക്കൊപ്പവും ഹിറ്റ് ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷ്യം നല്‍കി. സത്യന്‍ അന്തിക്കാടിന്‍െറ അപ്പുണ്ണി, കളിയില്‍ അല്‍പം കാര്യം, കുറുക്കന്‍െറ കല്യാണം, സിബി മലയിലിന്‍െറ പരമ്പര, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, കളിവീട്, കമലദളം, സദയം രാജസേനന്‍െറ മേലേപ്പറമ്പില്‍ ആണ്‍വീട്, ചേട്ടന്‍ ബാവ അനിയന്‍ ബാവ, ബാലചന്ദ്രമേനോന്‍െറ കാര്യം നിസ്സാരം, ഇത്തിരി നേരം ഒത്തിരി കാര്യം, വിളംബരം, ഏപ്രില്‍ 19, ശ്രീകുമാരന്‍ തമ്പിയുടെ ഇടിമുഴക്കം, സ്വന്തം എന്ന പദം, സിംഹാസനം, ജോഷിയുടെ വാഴുന്നോര്‍, നമ്പര്‍ ട്വന്‍റി മദ്രാസ് മെയില്‍, ഡെന്നീസ് ജോസഫിന്‍െറ അഥര്‍വം, ഭദ്രന്‍െറ അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ഫാസിലിനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്-13ഓളം ചിത്രങ്ങള്‍. നവോദയ അപ്പച്ചന്‍ സംവിധാനം ചെയ്ത തീക്കടല്‍ എന്ന ചിത്രത്തിന് കാമറ ചെയ്യവെയാണ് അതിന്‍െറ കഥയെഴുതിയ ഫാസിലുമായി ചങ്ങാത്തം കൂടുന്നത്്. ആ സുഹൃദ്ബന്ധം മലയാള സിനിമക്ക് ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ചു. മലയാളത്തിലെ ക്ളാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴിന്‍െറ സെക്കന്‍ഡ് യൂനിറ്റിന്‍െറ ചുമതലയും ഫാസില്‍ ഏല്‍പിച്ചത് ആനന്ദക്കുട്ടനെയായിരുന്നു. ഫാസിലിന്‍െറ തമിഴ്, തെലുങ്ക് സിനിമകളിലും കാമറാമാന്‍ മറ്റാരുമായിരുന്നില്ല. 2000ല്‍ ഫാസിലിന്‍െറ സംവിധാനത്തില്‍ പുറത്തിറങ്ങിയ കണ്ണുക്കുള്‍ നിലാവ് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള തമിഴ്നാട് സര്‍ക്കാറിന്‍െറ പുരസ്കാരത്തിനും ആനന്ദക്കുട്ടന്‍ അര്‍ഹനായി. സത്യന്‍ അന്തിക്കാടിനൊപ്പം 12ഉം സിബി മലയിലിനൊപ്പം 10 ചിത്രങ്ങളിലും സഹകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.