‘ഈ പണി പാറമടയിൽ ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് നാല് കാശ് കിട്ടിയേനെ’...

മിന്നല്‍ മുരളി സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഷറഫുദ്ദീൻ. ഈ ജോലി ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ നാല് കാശ് കയ്യില്‍ കിട്ടിയേനെയെന്ന് ഷറഫുദ്ദീന്‍മ്പരിഹസിച്ചു. ആ കാശ് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേയെന്നും ഷറഫുദ്ദീന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. 

ഷറഫുദ്ദീന്‍റെ കുറിപ്പിന്‍റെ പൂർണരൂപം: 

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ...
ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ, അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?
നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !
ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ?? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല 
നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം 

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍, എ.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് നടപടി.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കി.

സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എ.എച്ച്.പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Full View
Tags:    
News Summary - Sharaf U Dheen Raects Film Set Attack case-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.