ശബരിമല സ്ത്രീ പ്രവേശനം: സംസ്കാരവും ആചാരവും നശിക്കും -നടി രഞ്ജിനി

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകുമെന്ന് നടി രഞ്ജിനി. സ്ത്രീകൾ പോരാടിയില്ലെങ്കിൽ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന സംസ്കാരവും ആചാരവും നശിക്കും. റിവ്യൂ ഹരജിയുമായി മുന്നോട്ടുപോകുമെന്നും ശബരിമലയുടെ വിഷയം പരിഗണിച്ചപ്പോൾ ബെഞ്ചിൽ ഒരു ദക്ഷിണേന്ത്യൻ ജഡ്ജി പോലുമില്ലാതിരുന്നത് ദൗർഭാഗ്യകരമാണെന്നും രഞ്ജിനി കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാൻ വിശ്വാസികൾ രംഗത്തിറങ്ങണം. ഇത് ലിംഗവിവേചനമായി കാണാൻ സാധിക്കില്ല. സ്ത്രീകളുടെ സമത്വം അവർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് വേണ്ടത്. ക്രിസ്ത്യൻ വിശ്വാസിയാണെങ്കിലും നീതി ലഭിക്കുന്നതുവരെ റെഡി ടു വെയ്റ്റ് ഓൺലൈൻ കാമ്പയിൻ പ്രവർത്തകർക്കൊപ്പം പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ റെ‌ഡി ടു വെയ്​റ്റ് അംഗങ്ങൾ തടയില്ല. എന്നാൽ, 2016ൽ തുടങ്ങിയ റെഡി ടു വെയ്​റ്റ് മുന്നേറ്റം സേവ് ശബരിമല എന്നപേരിൽ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് കാമ്പയിൻ വക്താവ് പദ്മപിള്ള പറഞ്ഞു.

തമിഴ്നാട്, കർണാടക ആ​ന്ധ്ര, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭക്തരും ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടത് ജനാധിപത്യ സമ്പ്രദായങ്ങളോടാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. കേസ് വിസ്താരം നടക്കുമ്പോഴും വിശ്വാസികളായ സ്ത്രീകളുടെ അഭിപ്രായം കേൾക്കാൻ കോടതി തയാറായിരുന്നില്ല. ശബരിമലയിലേക്ക് വരുന്നവരെ തടയാൻ നിൽക്കില്ലെന്നും നിയമനിർമാണസഭകളിൽ ഞങ്ങളുടെ ശബ്​ദം മുഴങ്ങുന്നതുവരെ പോരാട്ടം തുടരുമെന്നും കാമ്പയിൻ അംഗങ്ങളായ സ്മിത, ശ്രുതി എന്നിവർ വ്യക്​തമാക്കി.

Tags:    
News Summary - Sabarimala Women Entry Actress Ranjini -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.