‘നമ്പി ദി സയന്‍റിസ്റ്റ്’; നമ്പി നാരായണന്‍റെ ജീവിതം വെള്ളിത്തിരയിൽ VIDEO

കൊച്ചി: പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം സ്ക്രീനിൽ. പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ജി. പ്രജേഷ് സെന്നാണ് ‘നമ്പി ദി സയന്‍റിസ്റ്റ്’ എന്ന പേരിൽ നമ്പി നാരായണന്‍റെ ജീവിതം ഡോക്യുമെന്‍ററിയാക്കിയത്. ജയസൂര്യയെ നായകനാക്കി മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ വി.പി. സത്യന്‍റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റൻ സിനിമയുടെ സംവിധായകനാണ് പ്രജേഷ്. മലയാളത്തിലെ ആദ്യ സ്പോർട്സ് ബയോ പിക് ആണ് ക്യാപ്റ്റൻ. നമ്പി നാരായണന്‍റെ ആത്മകഥ ‘ഓര്‍മകളുടെ ഭ്രമണപഥം’ തയാറാക്കിയതും അദ്ദേഹമാണ്. എന്നാൽ പുസ്തകം അടിസ്ഥാനമാക്കിയല്ല ഡോക്യുമെന്‍ററി തയാറാക്കിയിരിക്കുന്നത്‌.

ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ നമ്പി നാരായണന്‍റെ ജീവിതവും അദ്ദേഹം ശാസ്ത്രത്തിനും രാജ്യത്തിന്നും നൽകിയ സംഭാവനകളും ഓർമപ്പെടുത്തുകയാണ് ചിത്രം. വാഗ്ദാനം ചെയ്യപ്പെട്ട നാസയിലെ ജോലിയും അമേരിക്കൻ പൗരത്വവും ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ സന്നദ്ധനായി ഇന്ത്യയിലെത്തിയ നമ്പി ആരുടെയൊക്കെയോ ഗൂഢാലോചനകളിൽ കുടുങ്ങി ചാരനായി മുദ്രകുത്തപ്പെട്ട് ജയിലിലടക്കപ്പെടുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി. നിരപരാധിത്വം തെളിയിക്കാൻ വേണ്ടി പാതിയായുസ്സ് ഒറ്റക്ക് നിയമപോരാട്ടം നടത്തിയ പോരാളി കൂടിയാണ് നമ്പി നാരായണനെന്ന് ചിത്രം പറയാതെ പറയുന്നു.

ജോൺ ഡബ്ല്യു വർഗീസ്, ജോസ് മിലെക്കച്ചാലിൽ, സന്തോഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സ്ക്രിപ്റ്റ്: ജി. പ്രജേഷ് സെൻ, ജോയ്സ് തോന്നമല, കാമറ: ലിബിസൻ ഗോപി, നൗഷാദ് ഷരീഫ്, കപിൽ റോയ്, എഡിറ്റിങ്: അതുൽ വിജയ്, സംഗീതം: ജോഷ്വാ വി.ജെ. നരേഷൻ: അലക്സ് വാർണർ, പി.സി. രാമകൃഷ്ണ, ഡിസൈൻ: താമിർ മാങ്കൊ, ക്രിയേറ്റീവ് ടീം: അരുൺ റാം, എം.കുഞ്ഞാപ്പ, നസീം ബീഗം. 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ഇംഗ്ലീഷിലാണ് താറാക്കിയിരിക്കുന്നത്.

പാലാരിവട്ടം വെസ്റ്റ് ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നടന്ന പ്രഥമ സ്ക്രീനിങ്ങിന് മംഗൾയാൻ പ്രോജക്റ്റ് ഡയറക്ടർ പത്മശ്രീ ഡോ. എസ്. അരുണൻ സ്വിച്ചോൺ നിർവഹിച്ചു. മകൻ ശങ്കരകുമാരനും മകൾ ഗീത അരുണനും നമ്പി നാരായണനൊപ്പം പ്രദർശനത്തിനെത്തിയിരുന്നു. നടൻ ജയസൂര്യ, നമ്പി നാരായണന്‍റെ അഭിഭാഷകൻ അഡ്വ. സി. ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിനെത്തി. രണ്ടു പ്രദർശനം നടത്തേണ്ടി വന്നു. പ്രദർശനം കഴിഞ്ഞപ്പോൾ നമ്പി നാരായണന്‍റെ മകൾ ഗീത പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത് കാണികളുടെ കണ്ണുനനയിച്ചു.

''രാജ്യം ഈ വലിയ മനുഷ്യനോട് ചെയ്ത നീതികേടിന് ന്യായീകരണങ്ങളില്ല. വ്യക്തിയെന്ന നിലക്ക് നമ്പി നാരായണനും ശാസ്ത്രജ്ഞൻ എന്ന നിലക്ക് രാജ്യത്തിനും അതുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ്. 'ഓർമകളുടെ ഭ്രമണപഥം എന്ന അദ്ദേഹത്തിന്‍റെ ആത്മകഥ വേദനയോടെയാണ് വായിച്ചത്. ഇപ്പോൾ ഈ ഡോക്യുമെന്‍ററിയും നൊമ്പരപ്പെടുത്തുന്നു." പ്രദർശന ശേഷം നടൻ ജയസൂര്യ പറഞ്ഞു.

"എന്‍റെ പോരാട്ടത്തിന്‍റെ തുടർച്ച എന്ന നിലക്ക് ഡോക്യുമെന്‍ററി സന്തോഷം നൽകുന്നു"വെന്ന് നമ്പി നാരായണൻ പറഞ്ഞു. ഒരു പൗരനെന്ന നിലയിൽ എന്‍റെ കടമയാണ് ചെറിയ ചിത്രത്തിലൂടെ നിർവഹിക്കുന്നതെന്ന് സംവിധായകൻ ജി. പ്രജേഷ് സെൻ പറഞ്ഞു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് നമ്പി നാരായണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Full View
Tags:    
News Summary - Nambi The Scientist Nambi Narayanan -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.