ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രമായ ത്രില്ലറും ഇന്ത്യന്‍ പനോരമയില്‍

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമാ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ യുവ സംവിധായികയുടെ റിയലിസ്റ്റിക് ത്രില്ലറും പ്രദര്‍ശനത്തിന്. മലയാളത്തിലെ പുതുനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്‍ ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രമായ ‘മിഡ്‌നൈറ്റ് റണ്‍’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഉള്‍പ്പെട്ട ഏക ഹ്രസ്വചിത്രം.

നിരവധി അന്താരാഷ്ട്ര മേളകളില്‍ ഇതിനോടകം പ്രദര്‍ശിപ്പിക്കപ്പെട്ട ‘മിഡ്‌നൈറ്റ് റണ്‍’ നവംബര്‍ 23ന് രാവിലെ 9.45ന് ഗോവയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28വരെയാണ് ചലച്ചിത്രോത്സവം. ദിലീഷ് പോത്തനെ കൂടാതെ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ചേതന്‍ ജയലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. നിരവധി സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച രമ്യാ രാജിന്‍റെ ആദ്യ സംവിധാന സംരംഭമാണ് മിഡ്‌നൈറ്റ് റണ്‍. മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ചെറുസിനിമയുടെ അണിയറയില്‍ ഉള്ളത്. ഗിരീഷ് ഗംഗാധരനാണ് മിഡ്‌നൈറ്റ് റണ്ണിന്റെ ഛായാഗ്രാഹകന്‍. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. പൃഥ്വിരാജ് ചിത്രം കാളിയന്റെ തിരക്കഥാകൃത്തായ ബി ടി അനില്‍കുമാറിന്റേതാണ് മിഡ്‌നൈറ്റ് റണ്ണിന്റെ കഥ. കിരണ്‍ ദാസ് എഡിറ്റിംഗും ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനവും ആഷിക് എസ് കലാസംവിധാനവും സിജി നോബല്‍ തോമസ് വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

കലിഫോര്‍ണിയയില്‍ സെപ്തംബറില്‍ നടന്ന ഇന്‍ഡി ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മിഡ്‌നൈറ്റ് റണ്‍. തിരുവനന്തപുരം ഇന്റര്‍നാഷനല്‍ ഷോര്‍ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രതികരണവും സ്വന്തമാക്കിയിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും ബെലാറസിലെ കിനോസ്‌മെന-ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും, സെര്‍ബിയയിലെ ഫിലിം ഫ്രണ്ട് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും ബംഗളൂരു ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും ചിത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.

രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി അപരിചിതനായ ഒരാളുടെ വാഹനത്തിൽ കയറേണ്ടി വന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം. ഭയത്തിന്‍റെ ഭിന്നതലങ്ങളെ അവതരിപ്പിക്കുന്ന ചെറുസിനിമ പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗോവാ രാജ്യാന്തര ചലച്ചിത്രമേളക്ക് പിന്നാലെ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ആള്‍ ലൈറ്റ്‌സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Midnight Run in IFFI Indian Panorama-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.