കന്യാസ്ത്രീകളോടൊപ്പം: സർക്കാർ കണ്ണ് തുറക്കണം -മഞ്ജു വാര്യർ

കൊച്ചി: നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഈ പോരാട്ടത്തില്‍ അണിചേരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. നടപടി വൈകുമ്പോൾ വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്‍റെ വികാരങ്ങളാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവരാണ്. അള്‍ത്താരക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള
പൊതുസമൂഹവും നീതിന്യായവ്യവസ്ഥക്ക് മുന്നില്‍ മുട്ടുകുത്തിനിൽകുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണമെന്നും മഞ്ജു കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം.പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ
പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്. വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണുതുറക്കണം.

സദൃശവാക്യങ്ങളില്‍ പറയും പോലെ നീതിയും ധര്‍മനിഷ്ഠയുമാണ് ബലിയേക്കാള്‍ ദൈവസന്നിധിയില്‍ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ
സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഷ്‌കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോല്‍വിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊര്‍ണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ,നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24)

Tags:    
News Summary - Manju Warrier on Nun Protest-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.