പാക് നടന്മാര്‍ അഭിനയിച്ച സിനിമകള്‍ തടയുമെന്ന നിലപാടിലുറച്ച് എം.എന്‍.എസ്

മുംബൈ: പാക് നടീനടന്മാര്‍ ഇന്ത്യ വിട്ടെങ്കിലും അവര്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന നിലപാടിലുറച്ച് രാജ് താക്കറെയുടെ എം.എന്‍.എസ്. പാക് പൗരന്മാരായ നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ‘ആയെ ദില്‍ഹെ മുശ്കില്‍’, നടി മഹിറാ ഖാന്‍ വേഷമിട്ട ‘റഹീസ്’ എന്നീ ചിത്രങ്ങള്‍ക്കാണ് ഭീഷണി. ദീപാവലിയോടെ പ്രദര്‍ശനം ലക്ഷ്യമിടുന്ന സിനിമകളാണിവ. എം.എന്‍.എസിന്‍െറ നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും ബോളിവുഡില്‍നിന്ന് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ദേശസ്നേഹത്തിന്‍െറ പേരിലാണ് എം.എന്‍.എസിന്‍െറ ഭീഷണി. എന്നാല്‍, മുംബൈയിലും താണെയിലുമടക്കം പത്ത് നഗരസഭകളില്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയിലും മാര്‍ച്ചിലുമാണ് തെരഞ്ഞെടുപ്പ്.

ഇതിനിടയില്‍ രംഗം തണുപ്പിക്കാന്‍ എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുമായി നടന്‍ സല്‍മാന്‍ ഖാന്‍ ബന്ധപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍, ഇത് അഭ്യൂഹം മാത്രമാണെന്ന് സിനിമാ മേഖലയിലെ എം.എന്‍.എസിന്‍െറ തൊഴിലാളി സംഘടന മഹാരാഷ്ട്ര നവനിര്‍മാണ്‍ ചിത്രപത് കര്‍മചാരി സേനാ അധ്യക്ഷന്‍ അമയ് ഖോപ്കര്‍ പറഞ്ഞു. ഷാറൂഖ് ഖാന്‍, കരണ്‍ ജൗഹര്‍ എന്നിവരുടെ സിനിമനിര്‍മാണ കമ്പനികളാണ് എം.എന്‍.എസിന്‍െറ ഭീഷണി നേരിടുന്നത്.

പാക് നടന്മാരെ നിരോധിക്കുന്നതിലൂടെ എങ്ങനെയാണ് ഭീകരാക്രമണങ്ങളെ ചെറുക്കാനാവുക എന്ന ചോദ്യമാണ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കാശ്യപ് ഉന്നയിച്ചത്. കലയിലൂടെയുള്ള സാംസ്കാരിക കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സിനിമ മേഖല ലോകത്തെവിടെ നിന്നുമുള്ള കലാകാരന്മാര്‍ക്കു നേരെ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാറാണ് ആര്‍ക്കൊക്കെ ഇന്ത്യയില്‍ ജോലിചെയ്യാമെന്ന് തീരുമാനിക്കേണ്ടതെന്നുമാണ് സെയ്ഫ് അലി ഖാന്‍െറ പ്രതികരണം.

അതേസമയം, പാക് കലാകാരന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഗായകന്‍ അഭിജീത് ഭട്ടാചാര്യ രംഗത്തുവന്നു. പാകിസ്താനികളെ കലാകാരന്മാരെന്ന് വിളിക്കരുതെന്നും ഇന്ത്യന്‍ മണ്ണിലെ അവസരങ്ങള്‍ മുതലെടുത്ത അവര്‍ ഇന്ത്യക്ക് ഒന്നും തിരിച്ചുനല്‍കുന്നില്ളെന്നും പറഞ്ഞ അഭിജീത് പാക് നടന്മാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ജൗഹര്‍മാര്‍ക്കും ഭട്ടുമാര്‍ക്കും ഖാന്‍മാര്‍ക്കുമെതിരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വെല്ലുവിളി ഉയര്‍ത്തേണ്ടതെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.