നടന്‍ മുരുകേഷ് കാക്കൂര്‍ നിര്യാതനായി

കാക്കൂര്‍(കോഴിക്കോട്): നാടക-സിനിമ-സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍ (47) നിര്യാതനായി. കരള്‍രോഗത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അഭിനയലോകത്ത് സജീവ സാന്നിധ്യമായിരുന്ന മുരുകേഷ് പ്രമുഖ നാടക ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2013ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ മുരുകേഷിന് മറ്റ് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.വടകര വരദ, തൃശൂര്‍ മണപ്പുറം കാര്‍ത്തിക, കോഴിക്കോട് കലിംഗ തുടങ്ങിയ നാടകഗ്രൂപ്പില്‍ പ്രവര്‍ത്തിച്ച മുരുകേഷ് സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് സ്റ്റേജുകളില്‍ അഭിനയിച്ചു. മാനസി, കായംകുളം കൊച്ചുണ്ണി, കൃഷ്ണപക്ഷം, ദേവരാഗം, വൃന്ദാവനം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച മുരുകേഷ് ജനശ്രദ്ധ നേടിയിരുന്നു. നിരവധി സിനിമകളിലും വേഷമിട്ട മുരുകേഷിന്‍െറ അവസാനചിത്രം പുറത്തിറങ്ങാനിരിക്കുന്ന ‘പള്ളിക്കൂട’മാണ്. ഭരത് ബാലന്‍ കെ. നായര്‍ അവാര്‍ഡ്, എന്‍.എന്‍. പിള്ള അവാര്‍ഡ്, ലോഹിതദാസ് മെമ്മോറിയല്‍ അവാര്‍ഡ്, ശ്രീനാഥ് മെമ്മോറിയല്‍ അവാര്‍ഡ്, ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പുരുഷന്‍ കടലുണ്ടി, ബാബു പറശ്ശേരി തുടങ്ങി നിരവധി കല-സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍  അന്തിമോപചാരമര്‍പ്പിച്ചു.
പരേതനായ മണ്ണാറക്കല്‍ മാധവന്‍ വൈദ്യരുടെ മകനാണ്. മാതാവ്: സൗമിനി. സഹോദരങ്ങള്‍: രാഗിണി (മാവൂര്‍), സുനന്ദ (മലപ്പുറം), ജീജ (എല്‍.ഐ.സി ഏജന്‍റ്), ഷീബ (എല്‍.ഐ.സി ഏജന്‍റ്), ബിനുകുമാര്‍, ഗിരീഷ് പി.സി. പാലം (സിനിമാ സംവിധായകന്‍). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.