'എടീ തള്ളേയെന്ന് വിളിക്കാന്‍ ഇനി അവളില്ല'

സ്നേഹം തോന്നിയാല്‍ സ്നേഹിച്ച് കൊല്ലുന്ന തരക്കാരിയായിരുന്നു കല്‍പന. എനിക്ക് അവള്‍ മകളായിരുന്നു. ചില സമയത്ത് അവള്‍ എന്നെ എടി തള്ളേ എന്നുവരെ വിളിച്ച് പ്രകോപിപ്പിക്കാന്‍ നോക്കും. പക്ഷേ അത് അവളുടെ സ്നേഹം കൂടുമ്പോഴുള്ള കുസൃതിയാണെന്ന് എനിക്കറിയാം. കല്‍പനയുടെ വേര്‍പാട് താങ്ങാനാവാതെ നടി കവിയൂര്‍ പൊന്നമ്മ ആ ആത്മബന്ധം മുറിഞ്ഞ വാക്കുകളില്‍ രേഖപ്പെടുത്തുകയായിരുന്നു. ഞാന്‍ അവളെ കല്‍പ്പൂവെന്നാണ് വിളിച്ചിരുന്നത്. അവള്‍ എന്നെ പൊന്നൂട്ടിയെന്നും. എന്‍െറ കൈകൊണ്ടുള്ള ഭക്ഷണം ഇടയ്ക്കിടെ അവള്‍ക്ക് കഴിക്കണമെന്നത് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഫോണില്‍ വിളിച്ച് എന്നോട് ഭക്ഷണം തയാറാക്കി വെക്കാന്‍ ആവശ്യപ്പെടും. വീട്ടില്‍ വന്നാല്‍ പിന്നെ തമാശകളില്‍ മുഴുകുമ്പോള്‍ സത്യത്തില്‍ കുറേ നേരത്തേക്ക് വല്ലാത്തൊരു ആനന്ദം തന്നെ അനുഭവിക്കാറുണ്ട്. രാവിലെ ടെലിവിഷനില്‍ അവളുടെ മരണവാര്‍ത്ത കണ്ടപ്പോള്‍ സത്യത്തില്‍ ഏറെ നേരം ഞാന്‍ സ്തബ്ധാവസ്ഥയിലായി. ഇടയ്ക്കിടെ ഫോണിലെങ്കിലും അവള്‍ വിളിക്കും. തമിഴ്നാട്ടില്‍ തങ്ങുമ്പോഴും ഞങ്ങള്‍ ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഏത് വേഷം കിട്ടിയാലും അത് മനോഹരമായി അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതില്‍ അസാമാന്യ കഴിവുള്ള പ്രതിഭയായിരുന്നു കല്‍പന. ഒരു ഹാസ്യകഥാപാത്രം മാത്രമായി അവളെ വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് അവള്‍ക്ക് സിനിമാലോകത്ത് എന്നും നിറഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞത്. ഇനി എന്നെ സ്നേഹത്തോടെ പൊന്നൂട്ടിയെന്നും എടീ തള്ളേ എന്നും വിളിക്കാന്‍ ഒരു മോളില്ലല്ളോയെന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നൊമ്പരം അനുഭവപ്പെടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.