ഇന്ത്യന്‍ വെള്ളിത്തിരയില്‍ തെളിയാതെ ‘ഇന്ത്യാസ് ഡോട്ടര്‍’

മുംബൈ: മികച്ച ശബ്ദലേഖനത്തിനുള്ള ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ് റസൂല്‍ പൂക്കുട്ടിയിലൂടെ ആദ്യമായി ഇന്ത്യയിലത്തൊന്‍ വഴിയൊരുക്കിയ ബി.ബി.സിയുടെ ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്‍ററി ചിത്രം ഇനിയും ഇന്ത്യന്‍ സ്ക്രീനുകളില്‍ തെളിഞ്ഞില്ല. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ‘നിര്‍ഭയ’യെ കുറിച്ചുള്ളതാണ് ലെസ്ലീ ഉഡ്വിന്‍ ഒരുക്കിയ ‘ഇന്ത്യാസ് ഡോട്ടര്‍’.

ഫിസിയോതെറപ്പി വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്ക് രാജ്യമിട്ട പേരായിരുന്നു നിര്‍ഭയ. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളില്‍ മുകേഷ് സിങ്ങിന്‍െറ അഭിമുഖത്തെച്ചൊല്ലി ചിത്രം വിവാദത്തിലായി. 2015 മാര്‍ച്ച് എട്ടിന് ലോകവ്യാപകമായി സംപ്രേഷണം ചെയ്യാനായിരുന്നു ബി.ബി.സിയുടെ നീക്കം.
അതിന് ഒരാഴ്ച മുമ്പാണ് മുകേഷ് സിങ്ങിന്‍െറ അഭിമുഖം വെളിപ്പെടുത്തിയത്. അതോടെ, ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കാട്ടി ഡല്‍ഹി പൊലീസ് കേസെടുക്കുകയും കോടതി ഉത്തരവിലൂടെ സര്‍ക്കാര്‍ ഇന്ത്യയില്‍ ചിത്രപ്രദര്‍ശനം നിരോധിക്കുകയും ചെയ്തു. എന്നാല്‍, നിരോധം വന്നതോടെ ചിത്രം യൂട്യൂബില്‍ വൈറലാവുകയുണ്ടായി. 24 മണിക്കൂറിനകം സര്‍ക്കാര്‍ യൂട്യൂബില്‍നിന്ന് ചിത്രം പിന്‍വലിപ്പിച്ചു.

‘ഇന്ത്യാസ് ഡോട്ടര്‍’ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വാദപ്രതിവാദം ഡല്‍ഹി ഹൈകോടതിയില്‍ നടക്കുകയാണ്. നിരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസുമാരായ ജി. രോഹിണി, ജയന്ത് നാഥ് എന്നിവരുടെ ബെഞ്ചിന്‍െറ പരിഗണനയിലാണ്. മാര്‍ച്ച് 21നാണ് അടുത്ത വാദംകേള്‍ക്കല്‍. അന്ന് കേസിന്‍െറ നിലവിലെ അവസ്ഥ സംബന്ധിച്ചും വിവാദ ചിത്രം ഇന്‍റര്‍നെറ്റുകളില്‍ ലഭ്യമാകുന്നതു സംബന്ധിച്ചും ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.

ചിത്രം നെറ്റില്‍ ലഭ്യമാണെങ്കില്‍ നിരോധംകൊണ്ട് എന്തു ഗുണമാണുള്ളതെന്ന് കോടതി ചോദിക്കുകയുണ്ടായി. പലകുറി നാമനിര്‍ദേശങ്ങള്‍ ലഭിച്ച് ഒടുവില്‍ ഗോള്‍ഡന്‍ റീല്‍ പുരസ്കാരംതന്നെ ലഭിച്ച റസൂല്‍ പൂക്കുട്ടി പുരസ്കാരം ‘നിര്‍ഭയക്കാണ്’ സമര്‍പ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.