ചലച്ചിത്ര ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു. 61 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു ആനന്ദക്കുട്ടൻ.

ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥർവം, സദയം, ആകാശദൂത്, കമലദളം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് തുടങ്ങി മലയാളത്തിലെ 150ലധികം ഹിറ്റ് സിനിമകൾക്ക് ആനന്ദക്കുട്ടൻ ക്യാമറ ചലിപ്പിച്ചു. 1977ൽ പി. ചന്ദ്രകുമാറിന്‍റെ 'മനസിലൊരു മയിൽ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

രാമകൃഷ്ണൻ നായർ-കാർത്യാനിയമ്മ ദമ്പതികളുടെ മകനായി 1954ൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലായിരുന്നു ജനനം. ചങ്ങനാശേരി എൻ.എസ്.എസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി മദ്രാസിലേക്ക് പോയ അദ്ദേഹം ഛായാഗ്രഹണം പഠിച്ചു. പ്രമുഖ ഛായാഗ്രാഹകരായ വിൻസന്‍റ് മാസ്റ്റർ, ജി.കെ രാമു എന്നിവരുടെ സഹായിയായി. ഒരു വർഷം 12 സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചതിന്‍റെ റെക്കോഡ് ആനന്ദക്കുട്ടനാണ്.

സിബി മലയിൽ, ഫാസിൽ, ഷാജി കൈലാസ്, സിദ്ധീഖ്, വി.എം വിനു, രാജസേനൻ, പി. അനിൽ, സുന്ദർദാസ്, തുളസീദാസ്, കെ. മധു, ജീത്തു ജോസഫ് അടക്കം നിരവധി സംവിധായകരുടെ പ്രിയ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. എറണാകുളം ഇളംകുളത്താണ് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കൾ: ശ്രീകുമാർ, നീലിമ, കാർത്തിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.