ചലച്ചിത്ര അവാര്‍ഡ്: സ്ക്രീനിങ് തുടങ്ങി

തിരുവനന്തപുരം: 2014ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള സ്ക്രീനിങ് ബുധനാഴ്ച തുടങ്ങി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിനൊടുവിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ക്രീനിങ് തുടങ്ങിയത്. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ജൂറിക്കുമുന്നില്‍ 70 ചിത്രങ്ങളാണ് എത്തിയത്. രണ്ട് റൗണ്ടുകളിലായി സ്ക്രീനിങ് നടക്കും. മൂന്ന് കമ്മിറ്റികള്‍ നിര്‍ദേശിച്ച സിനിമകള്‍ അവസാന റൗണ്ടില്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വിലയിരുത്തും. ഓരോ കമ്മിറ്റിയിലും ഒരു സംവിധായകനും സാങ്കേതിക വിദഗ്ധനുമുണ്ടാകും.

ആദ്യ റൗണ്ടില്‍ പിന്തള്ളപ്പെട്ട സിനിമകള്‍ അവസാന റൗണ്ടില്‍ അധ്യക്ഷന് വിളിച്ചുവരുത്താം. സംവിധായകരായ ഭദ്രന്‍, സുരേഷ് ഉണ്ണിത്താന്‍, ബാലു കിരിയത്ത്, എഡിറ്റര്‍ ജി. മുരളി, സംഗീത സംവിധായകന്‍ രാജാമണി, സൗണ്ട് റെക്കോഡിസ്റ്റ് രഞ്ജിത്ത്, ഛായാഗ്രഹകന്‍ സണ്ണി ജോസഫ്, നിര്‍മാതാവ് എം.എം. ഹംസ എന്നിവരാണ് ജൂറി അംഗങ്ങള്‍. ചലച്ചിത്ര സംബന്ധമായ രചനകള്‍ വിലയിരുത്താന്‍ സതീഷ്ബാബു പയ്യന്നൂര്‍ അധ്യക്ഷനായ സമിതിയാണുള്ളത്. ഇതിന്‍െറ പ്രവര്‍ത്തനം കഴിഞ്ഞദിവസം തുടങ്ങി.

രാജാ നാരായണന്‍, എ. പത്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ രണ്ട് സമിതികളുടെയും മെംബര്‍ സെക്രട്ടറിയാണ്. ആഗസ്റ്റ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ജൂറി അംഗങ്ങള്‍ ചൊവ്വാഴ്ചയോടെ തിരുവനന്തപുരത്ത് എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.