സിനിമാ വ്യാജനെതിരെ കര്‍ശന നടപടി -ചെന്നിത്തല

കൊച്ചി: സിനിമ വ്യാജന്‍ ഇറങ്ങുന്നതില്‍ ആശങ്കയിലായ സിനിമാലോകത്തിന്‍െറ വിഷയം ഉള്‍ക്കൊണ്ട് ‘പ്രേമ’ത്തിലെ നായകന്‍െറ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി നല്‍കിയ ഉറപ്പ് കൗമാരസദസ്സ് ഏറ്റുവാങ്ങിയത് നിലക്കാത്ത കരഘോഷത്തോടെ. സിനിമാ ലോകത്തിന്‍െറ എല്ലാ ആശങ്കയും തീര്‍ക്കാന്‍ പര്യാപ്തമായ നിലയില്‍ വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത്തരക്കാരെ നിയമത്തിന്‍െറ എല്ലാവഴികളും ഉപയോഗിച്ച് നേരിടുമെന്നുമായിരുന്നു ഉന്നതവിജയം നേടിയ നൂറുകണക്കിന് വിദ്യാര്‍ഥികളെ സാക്ഷിയാക്കി ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.

നിവിന്‍ പോളിയുടെ ‘പ്രേമം’ ഇത്തരത്തില്‍ വേട്ടയാടപ്പെട്ടത് ഞെട്ടിച്ചെന്നും ചിത്രത്തിന്‍െറ പ്രാധാന്യം കുറക്കാനും സാമ്പത്തികനേട്ടം തടയാനും നടക്കുന്ന ശ്രമങ്ങളെ വെറുതെ വിടില്ളെന്നും സിനിമ നിര്‍മിക്കുന്നവര്‍ ആശങ്കയിലായ സാഹചര്യം തടയുമെന്നും മന്ത്രി വ്യക്തമാക്കി. യുവനടനെയും സിനിമയെയും തകര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും ഏത് ലോബിയായാലും ഇതിന് അറുതിയുണ്ടാകണമെന്നും ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ഒന്നര വര്‍ഷം നീണ്ട അധ്വാനമായിരുന്നു ‘പ്രേമം’ എന്നും സിനിമയെയും കലാകാരന്മാരോട് പ്രത്യേകിച്ചും കൊടുംചതിയാണ് വ്യാജലോബി ചെയ്തതെന്നുമായിരുന്നു നടന്‍ നിവിന്‍ പോളിയുടെ പ്രതികരണം. നിയമം കൈയിലെടുക്കാന്‍ ഏതൊരു പൗരനുമെന്നപോലെ സിനിമാപ്രവര്‍ത്തകര്‍ക്കും കഴിയില്ല. നിയമം കൈയിലുള്ളവരെ വിശ്വസിക്കാനേ പറ്റൂ. ആ വിശ്വാസം നിലനിര്‍ത്താനാണ് നടപടിയുണ്ടാകേണ്ടതെന്നും നിവിന്‍ പോളി കരഘോഷങ്ങള്‍ക്കിടെ വ്യക്തമാക്കി.

ആഭ്യന്തരവകുപ്പിന്‍െറ സിനിമാപ്രവര്‍ത്തകരോടുള്ള അനുകൂല വികാരം നിവിന്‍ പോളിയുമായി പങ്കുവെക്കാനും മന്ത്രി തയാറായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.