കൊടിയിറങ്ങുമ്പോൾ തിരക്കാഴ്ച ബാക്കിവെച്ചത്

തിരുവനന്തപുരം: നൂറുകണക്കിന് ഡെലിഗേറ്റുകളുടെ പ്രതിഷേധത്തോടെ തിരിതെളിഞ്ഞ തിരക്കാഴ്ചയുടെ ഉത്സവത്തിന് നിശാഗന്ധിയിൽ കൊടിയിറങ്ങുമ്പോൾ സംസ്​ഥാന ചലച്ചിത്ര അക്കാദമിക്കും വകുപ്പ് മന്ത്രിക്കും അഭിമാനിക്കാം –വലിയ തട്ടലും മുട്ടലുമില്ലാതെ മേള അവസാനിപ്പിച്ചതിൽ.

അക്കാദമിയുടെ ചരിത്രത്തിലാദ്യമായി കൂടുതൽ പ്രതിനിധികൾ പങ്കെടുത്ത മേളയായിരുന്നു ഇത്തവണത്തേത്. അവസാന കണക്ക് പ്രകാരം മാധ്യമപ്രതിനിധികൾ ഉൾപ്പെടെ 14000ത്തോളം ഡെലിഗേറ്റുകളാണ് എത്തിയത്. റിസർവേഷൻ സംവിധാനത്തിലും സംഘാടനത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ പരാതികളുണ്ടായില്ലെങ്കിലും ചില കല്ലുകടികൾ ബാക്കിവെച്ചാണ് മേള അവസാനിച്ചത്.

ഉദ്ഘാടനസമ്മേളത്തിൽ നൂറുകണക്കിന് പ്രതിനിധികളെ നിശാഗന്ധിക്ക് പുറത്ത് പൊലീസും റിസർവ് ബെറ്റാലിയനും തടഞ്ഞത് മേളയുടെ നിറംകെടുത്തി. മുൻകാലങ്ങളിൽ ഉദ്ഘാടന–സമാപന ചടങ്ങുകൾ കാണാൻ പൊതുജനങ്ങൾക്കടക്കം സൗകര്യം ഒരുക്കിയിരുന്ന അക്കാദമി ഇത്തവണ നിശാഗന്ധിയിൽ പുതിയ തിയറ്റർ തീർത്ത് പ്രവേശം നിഷേധിച്ചപ്പോൾ ഐ.എഫ്.എഫ്.കെയുടെ ജനകീയ മുഖം നഷ്ടപ്പെട്ടെന്ന ആരോപണവുമായി സംവിധായകൻ ഡോ. ബിജു അടക്കം രംഗത്തെത്തി.

അതേസമയം, നിശാഗന്ധിയിലും ടാഗോറിലും സ്​ക്രീനുകൾ സജ്ജീകരിച്ചതോടെ രണ്ടായിരത്തിലധികം സീറ്റുകളാണ് ഇത്തവണ അധികം ലഭിച്ചത്. കൃത്യമായ ക്യൂ പാലിച്ച് തിയറ്ററിൽ പ്രവേശിക്കുന്ന പ്രേക്ഷകരെ കണ്ടതും മേളയുടെ മേന്മയായി എടുത്തുപറയേണ്ടതാണ്. കൈരളിയുടെ പടവുകളിൽനിന്ന് മേള ടാഗോറിലേക്കും വളർന്നത് മറ്റൊരു ചരിത്രമാണ്.

കിം കി ഡുക്കിെൻറ സ്​റ്റോപ്പും നഗ്നരംഗങ്ങൾ ഏറെയുള്ള ‘ലവും’ ഒഴിച്ചുനിർത്തിയാൽ മേളയിൽ പ്രദർശിപ്പിച്ച 176 സിനിമകളും അമിത തിരക്കില്ലാതെയാണ് ഡെലിഗേറ്റുകൾ കണ്ടത്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമകളായ രാജ് കാഹ്നി, ദ വയലിൻ പ്ലെയർ, ജയരാജിെൻറ ഒറ്റാൽ എന്നിവയും വിദേശ സിനിമകളായ ബോപം, ജലാൽസ്​ സ്​റ്റോറി, ഇമ്മോർട്ടൽ, പ്രൊജക്ട് ഓഫ് ദ സെഞ്ച്വറി എന്നിവ മികച്ച അഭിപ്രായം നേടി.

ലോക സിനിമാവിഭാഗത്തിൽ ധീപൻ, ഡിഗ്രേഡ്, മൈ സെക്കൻറ് മദർ, ദി തിൻ യെല്ലോ ലൈൻ, ടാക്സി, നഹീദ്, വൂൾഫ് ടോട്ടം, ദ ഐഡൽ, ദ അസാസിൻ, ഫോഴ്സ്​ ഓഫ് ഡെസ്​റ്റിനി, മസ്​താങ്, സ്​റ്റോപ്, മൂർ തുടങ്ങിയ ചിത്രങ്ങളും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ഒഴിവുദിവസത്തെ കളി, മൺറോതുരുത്ത് എന്നീ മലയാള സിനിമകളും ശ്രദ്ധിക്കപ്പെട്ടു. എങ്കിലും തിയറ്റർ കോംപ്ലക്സ്​ എന്ന സ്വപ്നം ബാക്കിവെച്ചാണ് മേള സമാപിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.