സെൻസർ ബോർഡിനെതിരെ മേളയിൽ പ്രതിഷേധം

തിരുവനന്തപുരം: മലയാള സിനിമയോടുള്ള സെൻസർ ബോർഡിെൻറ വിവേചനത്തിനെതിരെ ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഷേധം. ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിന് മുന്നിലായിരുന്നു ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ്​ അസോസിയേഷൻ, അമ്മ തുടങ്ങിയ വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിഷേധം.

സെൻസർ ബോർഡ് മലയാള സിനിമകളോട് കാണിക്കുന്ന സമീപനം മാറ്റിയില്ലെങ്കിൽ മേഖല സ്​തംഭിപ്പിക്കുന്ന തരത്തിലുള്ള സമരം ആരംഭിക്കുമെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ആറുമാസമായി സെൻസർ ബോർഡിന് കത്തുകളും നിവേദനങ്ങളും നൽകിയിട്ടും ഒന്നിനുപോലും മറുപടി നൽകാൻ തയാറായിട്ടില്ല. ‘പ്രേമം’ സിനിമയുടെ സീഡി പുറത്തായത് സെൻസർബോർഡിൽനിന്നാണ്. ഇതിനുശേഷം സെൻസർബോർഡ് 100 രൂപയുടെ ബോണ്ട് കൊണ്ടുവന്നു. അതിൽ പറയുന്ന നിബന്ധനകൾ വിചിത്രമാണ്. സെൻസറിങ്ങിന് എത്തിക്കുന്ന സിനിമയുടെ സീഡി നഷ്ടമായാൽ അതിന് ഉത്തരവാദി നിർമാതാവാണെന്നതാണ് ഒരു വ്യവസ്​ഥ.

മലയാള സിനിമയിൽ പുക ഉയർന്നാൽ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിക്കാണിക്കുന്ന സെൻസർബോർഡ് ഇപ്പോൾ പുറത്തുവന്ന ഹിന്ദി സിനിമയിലെ  ഗാനരംഗത്ത് നായികയും നായകനും മദ്യപിച്ച് പാടുന്നതിനെതിരെ ഒരു ആരോഗ്യ മുന്നറിയിപ്പും കാണിക്കുന്നില്ല. ഇങ്ങനെ പ്രാദേശിക സിനിമകൾക്ക് ഒരു നീതി, ഹിന്ദി സിനിമകൾക്ക് വേറെ നീതി എന്ന നയമാണ് സെൻസർ ബോർഡിേൻറതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. സംവിധായകരായ ടി.വി. ചന്ദ്രൻ, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, നടൻ പി. ശ്രീകുമാർ, നിർമാതാവ് കല്ലിയൂർ ശശി, കമൽ എന്നിവർ സംസാരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.