അകത്ത് മേള, പുറത്ത് പ്രതിഷേധം

തിരുവനന്തപുരം: ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രവേശം നല്‍കിയില്ളെന്നും ഉദ്ഘാടനച്ചിത്രം കാണാന്‍ അനുവദിച്ചില്ളെന്നും ആരോപിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കുപുറത്ത് പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും. തുടര്‍ന്ന് നിശാഗന്ധിയില്‍ സമാന്തരമായി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പ്രതിനിധികള്‍ പ്രതിഷേധിച്ചു. ഡെലിഗേറ്റ് ഫോറം കണ്‍വീനര്‍ വിനോദ് വൈശാഖിയുടെ നേതൃത്വത്തിലായിരുന്നു സമാന്തര ഉദ്ഘാടനം.
ഉദ്ഘാടനവേദിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശമെന്ന് അക്കാദമി മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും നാലുമണിയോടെ  നിശാഗന്ധിയിലേക്ക് ഡെലിഗേറ്റുകള്‍ എത്തിത്തുടങ്ങി. ചില പ്രതിനിധികള്‍ തിയറ്ററിനകത്ത് കടന്നെങ്കിലും സുരക്ഷാജീവനക്കാര്‍ ഇവരെ പുറത്താക്കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. സുരക്ഷാ ജീവനക്കാരും പ്രതിനിധികളും തമ്മിലെ തര്‍ക്കം കൈയാങ്കളിയിലേക്ക് എത്തുമെന്നായതോടെ അക്കാദമി അധികൃതര്‍ ഇടപെട്ടു. എല്ലാ ഡെലിഗേറ്റുകള്‍ക്കും അവസരമുണ്ടാക്കുമെന്നും ക്യൂ പാലിക്കണമെന്നും അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടതോടെ കനകക്കുന്നിലെ മുഖ്യകവാടം വരെ ക്യൂ നീണ്ടു. 5.30ഓടെ പ്രതിനിധികളെ  കടത്തിവിട്ടെങ്കിലും 600 പേര്‍ തിയറ്ററിനുള്ളില്‍ കടന്നതിനാല്‍ ഇനിയാരെയും കടത്തിവിടാനാവില്ളെന്നും ബാക്കി സീറ്റുകള്‍ വി.ഐ.പികള്‍ക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് ഒരുവിഭാഗം പ്രതിനിധികള്‍ അക്രമാസക്തരായത്.
മുദ്രാവാക്യം വിളികളുമായി തിയറ്ററിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചവരെ  കന്‍േറാണ്‍മെന്‍റ് എ.സി സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രതിനിധികളുമായി ബലപ്രയോഗവും വാക്പോരും നടന്നു. ഇതിനിടെ, പ്രതിനിധികളുമായി സംസാരിക്കാന്‍ കനത്ത സുരക്ഷാവലയത്തില്‍ രാജേന്ദ്രന്‍ നായരെ പൊലീസ് എത്തിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഈസമയം വി.ഐ.പികള്‍ക്ക് മാത്രം പ്രവേശമുള്ള രണ്ടാം കവാടത്തിലേക്കും പ്രതിനിധികള്‍ ഇരച്ചുകയറി. ഇവരെയും നിയന്ത്രിക്കാനാവാതെ വന്നതോടെയാണ്  60ഓളം റിസര്‍വ് ബറ്റാലിയനില്‍ നിന്നുള്ള പൊലീസുകാരെ ഇറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിലെ എം.സി.ജെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ‘സ്പോട്ട് ലൈറ്റ്  ടാബ്ളോയ്ഡ്’ പത്രം പ്രതിനിധികള്‍ അഗ്നിക്കിരയാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.