കച്ചമുറുക്കി ഡബ്ല്യു.സി.സി; പ്രതിരോധം തീർക്കാൻ ‘അമ്മ’

കൊച്ചി: ശനിയാഴ്​ച വാർത്തസമ്മേളനം വിളിച്ച്​ അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും പ്രസിഡൻറ്​ മോഹൻലാലിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വിമൻ ഇൻ സിനിമ കലക്​ടിവ്​ (ഡബ്ല്യു.സി.സി) സിനിമക്കകത്തും പുറത്തും പോരാട്ടം തുടരാനുറച്ച്​ മുന്നോട്ട്​.

നടിമാർ ഉന്നയിച്ച ആരോപണങ്ങളോട്​ ‘അമ്മ’ പരസ്യ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും ആക്രമണത്തെ പ്രതിരോധിക്കാനാണ്​ തീരുമാനം. വിഷയം എക്​സിക്യൂട്ടിവ്​ ചേർന്ന്​ ചർച്ചചെയ്യുമെന്നും സൂചനയുണ്ട്​. നടിമാർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്ന്​ അഭിപ്രായപ്പെട്ട്​ മന്ത്രിമാരും രംഗത്തെത്തി.

നടിമാർ ഉന്നയിച്ച ആരോപണങ്ങൾക്ക്​ വലിയ പരിഗണന നൽകേണ്ടെന്നാണ്​ അമ്മയിലെ ഒരുവിഭാഗം അംഗങ്ങളുടെ നിലപാട്​. എന്നാൽ, പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ വിഷയം അവഗണിച്ച്​ മുന്നോട്ടുപോകുന്നതിനോട്​ മറ്റൊരു വിഭാഗത്തിന്​ എതിർപ്പുണ്ട്​. അവഗണിക്കാൻ ശ്രമിക്കുന്നത്​ ഡബ്ല്യു.സി.സിക്ക്​ പിന്തുണ വർധിക്കാനും ആരോപണങ്ങൾ ശരിയാണെന്ന സന്ദേശം നൽകാനുമേ സഹായിക്കൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റുകളിൽ ഒതുക്കിയിരുന്ന നിലപാടുകളും ആരോപണങ്ങളും ഡബ്ല്യു.സി.സി​ വാർത്തസമ്മേളനം നടത്തി തുറന്നടിച്ചത്​ ‘അമ്മ’ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്​. എങ്കിലും തൽക്കാലം അനുനയത്തിന്​ സംഘടന തയാറാകുമോ എന്ന സംശയം നിലനിൽക്കുന്നു. നേരത്തേ എക്​സിക്യൂട്ടിവ്​ ചേർന്ന്​ ചർച്ചചെയ്​തതിനാൽ ‘അമ്മ’ വീണ്ടും അതിന്​ തയാറാകുമെന്ന്​ ഡബ്ല്യു.സി.സിയും പ്രതീക്ഷിക്കുന്നില്ല.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും നീതിക്കായി ഏതറ്റംവരെ​ പോകാനും തീരുമാനിച്ച ഇവർ ബന്ധപ്പെട്ടവരുമായെല്ലാം ആലോചിച്ചെടുത്ത തീരുമാനമാണ്​ വാർത്തസമ്മേളനമെന്ന്​ ഡബ്ല്യു.സി.സിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഭാവി നടപടി കൂട്ടായി ചർച്ചചെയ്​ത്​ തീരുമാനിക്കുമെന്ന്​ സംഘടനയിലെ ഒരംഗം പറഞ്ഞു.

ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്​നങ്ങൾ ‘അമ്മ’ സമയബന്ധിതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാൽ മാത്രം സർക്കാർ ഇടപെടുമെന്നുമാണ്​ സാംസ്​കാരിക മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയത്​. നടിമാർ‘അമ്മ’ക്കകത്തുനിന്നുതന്നെ പോരാടണമെന്നും സർക്കാർ ഇരക​ൾക്കൊപ്പമാണെന്നുമായിരുന്നു മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയുടെ പ്രതികരണം.

ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്​ നടിമാരുടെ ആരോപണങ്ങളെന്ന്​ മന്ത്രി വി.എസ്​. സുനിൽകുമാറും പറഞ്ഞു. നടിമാരെ പിന്തുണച്ച്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.


Tags:    
News Summary - wcc press meet controversy; AMMA deffending -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.