മധ്യസ്ഥ ചർച്ചകൾ കണ്ണിൽ പൊടിയിടാൻ; അമ്മ ഇരയോടൊപ്പമല്ല -ഡബ്ല്യു.സി.സി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമ്മക്കെതിരെ കടുത്ത വിമർശവുമായി വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി). അംഗങ്ങളായ പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ തുടങ്ങിയവർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിനായെത്തിയാണ് അമ്മ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. അമ്മയിൽ നിന്ന് രാജിവെക്കുന്നതായുള്ള ആക്രമിക്കപ്പെട്ട നടിയുടെ സന്ദേശം ഡബ്ല്യു.സി.സി വെളിപ്പെടുത്തി. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് നടിമാർ എത്തിയത്. നടൻ ദിലീപ് തൻെറ അവസരങ്ങൾ തട്ടിമാറ്റിയെന്ന് നടി അമ്മയിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും കൈകൊണ്ടില്ല. ഇനിയും ഈ സംഘടനയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അറിയിച്ചാണ് നടിയുടെ രാജിക്കത്ത് അവസാനിക്കുന്നത്.

കുറച്ചു ദിവസം മുമ്പ് അമ്മ പ്രസിഡൻറ്​ മോഹൻലാൽ വാർത്താ സമ്മേളനത്തിൽ ഞങ്ങളെ വെറും നടിമാരെന്ന് പറഞ്ഞ് ആക്ഷേപിച്ചു. ഞങ്ങളുടെ പേരുപോലും പറയാൻ‌ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ ബുദ്ധിമുട്ടിച്ചു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ‌ പുറത്താണ്. ഇതാണോ നീതി- രേവതി ചോദിച്ചു. ആഗസ്റ്റ് ഏഴിലെ യോഗത്തിൽ 40 മിനിറ്റ് നടന്നത് മുഴുവൻ ആരോപണങ്ങളായിരുന്നു. സംസാരിക്കാന്‍ അവസരം തരാൻ കെഞ്ചി പറയേണ്ടി വന്നു. പക്ഷേ അവർ അതിനു തയാറായില്ലെന്ന് പാർവതി പറഞ്ഞു. ജനറൽ ബോഡിയുടെ തീരുമാനത്തെ തിരുത്താനാവി​െല്ലന്നും വ്യക്തിപരമായി പിന്തുണക്കാമെന്നും പ്രസിഡൻറ് പറഞ്ഞു. ക്രിമിനൽ കേസിൽ പ്രതിയായ ആളെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്. ഇപ്പോൾ അവർക്കിത് ഒരു അസാധാരണ സംഭവമാണ്. അമ്മയുടെ കഴിഞ്ഞ യോഗത്തിൽ 40 മിനിറ്റോളം ആരോപണങ്ങൾ നേരിടേണ്ടി വന്നു. പക്ഷെ തങ്ങളെ കേൾക്കാൻ ആരും തയാറായിരുന്നില്ല. ആക്രമിക്കപ്പെട്ട നടിയുടെ വോയ്​സ് മെസ്സേജ് കേൾപ്പിച്ചപ്പോഴാണ് അമ്മ ഭാരവാഹികൾ നിശബ്ദരായത്.


ഇരയെ തിരിച്ച് വിളിക്കണം, രാജി വെച്ച നടിമാരെ തിരിച്ചെടുക്കണം' എന്നും തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ തങ്ങളുടെ ഒരു ആവശ്യവും അംഗീകരിച്ചില്ല. കണ്ണിൽ പൊടിയിടാനായിരുന്നു ആ മധ്യസ്ഥ ചർച്ച. ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് അമ്മ യോഗങ്ങൾ ചേർന്നിരുന്നത്. എല്ലാം തങ്ങൾ വിശ്വസിച്ചു. നടി വീണ്ടും സംഘടനയിൽ അംഗത്വമെടുത്താൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണ് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. തിലകൻെറ കാര്യത്തിൽ തീരുമാനമെടുത്തത് എക്സിക്യൂട്ടിവാണ്. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഈ വിഷയത്തിൽ വ്യക്തമായ അജണ്ടയുണ്ട്. അവരുണ്ടാക്കിയ ബൈലോ തിരുത്തിയും മാറ്റിയുമാണ് നടപടികൾ സ്വീകരിക്കുന്നത്. അമ്മയിൽ നിന്ന് ചിലർ പുറത്ത് പോയതെന്തിനാണന്ന് പോലും അവർ അന്വേഷിക്കുന്നില്ല.

മധ്യസ്ഥ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. ഇരയോടൊപ്പമല്ല അമ്മ ഭാരവാഹികൾ. അമ്മയിലെ ചർച്ചകൾ പൂർണമായും ഇരക്കെതിരായിരുന്നു. കുറ്റാരോപിതനെ സംരക്ഷിക്കാനാണ് അമ്മ ഭാരവാഹികൾ ശ്രമിക്കുന്നത്. ഇരയെ ചുടുവെള്ളത്തിൽ വീണ പൂച്ച എന്നു വിളിച്ച ബാബുരാജി​​​​െൻറ വാക്കുകൾ വേദനിപ്പിച്ചു. അമ്മക്കെതിരല്ല തങ്ങൾ, അമ്മയുടെ ഭാരവാഹികളുടെ നിലപാടിനെതിരാണ് പോരാട്ടം.

ഒന്നര വർഷങ്ങൾക്ക് മുമ്പ് തന്നെ പീഡിപ്പിച്ചുവെന്ന് ഒരു നടി തന്നോട് പറഞ്ഞിരുന്നതായി രേവതി വ്യക്തമാക്കി. അവൾക്ക് പരാതിപ്പെടാൻ കഴിയാവുന്ന ഒരിടം ഇന്നും അമ്മയില്ല. സിനിമയിലേക്ക്​ കടന്ന് വരുന്ന എല്ലാ സ്ത്രീകൾക്കും ഒരു സുരക്ഷിത ഇടമൊരുക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം. അമ്മ സംഘടനയിൽ നിന്നുകൊണ്ട് തന്നെ പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ല്യു.സി.സി തങ്ങളുടെ നിലയിൽ തന്നെ ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. ഇന്ത്യ മുഴുവനും ഒരു മൂവ്മ​​​െൻറ്​ നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ നടപടി സ്വീകരിക്കുന്നു. പക്ഷേ കേരളത്തിൽ‌ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ‌ പ്രതീക്ഷിക്കുന്നു- അഞ്ജലി മേനോൻ പറഞ്ഞു.

മീ ടു ക്യാമ്പയിന് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഒരുനാട് മുഴുവൻ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നിട്ടും അമ്മയുടെ പ്രസിഡൻറ്​ എത്ര നിസാരമായാണ് കാര്യങ്ങളെ നോക്കി കാണുന്നതെന്ന് റിമ കല്ലിങ്കൽ ചോദിച്ചു. മലയാളത്തിൽ അഭിനേതാക്കൾക്ക് ഒരേയൊരു സംഘടനയേ ഉള്ളൂ. അതുകൊണ്ടാണ് അമ്മ സംഘടനയിൽ നിന്നുകൊണ്ട് ഇവർ പോരാടുന്നത്. ഇനി ഞാൻ അമ്മയുടെ യോഗത്തിൽ പങ്കെടുക്കില്ല. അടുത്തിടെ ലൈംഗികാരോപണം നേരിട്ട നടന്‍ മുകേഷിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സംഭവത്തില്‍ നടപടി വേണമെന്നും ഞങ്ങള്‍ ടെസ് ജോസഫിനൊപ്പമാണെന്നുമാണ് നടി റീമ കല്ലിങ്കല്‍ പ്രതികരിച്ചത്. മുകേഷ് വിഷയത്തിലും എന്താണ് സംഭവിക്കേണ്ടതെന്ന് അറിയേണ്ടതുണ്ട്. അദ്ദേഹം ജനപ്രതിനിധിയാണ്. ആ വിഷയത്തിലും അമ്മയുടെ തീരുമാനം അറിേയണ്ടതുണ്ട്.
Full View
Tags:    
News Summary - wcc against mohanlal and amma- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.