തിരുവനന്തപുരം: 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം ‘വാജിബി’ന്. നവാഗത സംവിധായകനുള്ള രജതചകോരം മലയാളിയായ സഞ്ജു സുരേന്ദ്രനാണ് (ഏദൻ). മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും ഏദൻ സ്വന്തമാക്കി. മികച്ച സംവിധായികക്കുള്ള രജതചകോരം തായ്ലൻഡ് സംവിധായിക അനൂച ബൂന്യവതന (മലില ദ ഫെയര്‍വെല്‍ ഫ്ലവര്‍) സ്വന്തമാക്കി. ജോണി ഹെൻഡ്രിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ‘കാന്‍ഡലേറിയ’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ ചിത്രം ‘ന്യൂട്ടന്‍’ നേടി (സംവിധായകന്‍ അമിത് മസൂര്‍ക്കര്‍). സജീവ് പാഴൂരിെൻറ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യുമാണ് നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായ മലയാള ചിത്രം.
ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന ഒബെയ്‌മെറുടെ ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കി’ന് ലഭിച്ചു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സ്ത്രീ ശരീരങ്ങള്‍ എങ്ങനെ പ്രതിരോധിക്കുന്നുവെന്ന് തീവ്രതയോടെ ആവിഷ്‌കരിച്ചതായിരുന്നു ചിത്രം. ലോകമെമ്പാടുമുള്ള സ്ത്രീ ജീവിതങ്ങള്‍ക്ക് അംഗീകാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി സംവിധായിക റെയ്ഹാന പറഞ്ഞു. മേളയുടെ ആർട്ടിസ്റ്റ് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീനാപോളാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ധനമന്ത്രി തോമസ് ഐസക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ നൂറോളം തിയറ്ററുകൾ നിർമിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രിലോടുകൂടി ഫെസ്റ്റിവൽ കോംപ്ലക്സിനുള്ള പണി ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ചിത്രാഞ്ജലി സ്റ്റുഡിയോയിലെ 10 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. 25ാമത്തെ ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ കോംപ്ലക്സിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം മന്ത്രി എ.കെ. ബാലൻ സമ്മാനിച്ചു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജൂറി ചെയർമാൻ മാർക്കോ മുള്ളവർ എന്നിവർ സംബന്ധിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. സുവർണചകോരം നേടിയ ‘വാജിബ്’ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു.
മീഡിയവണ്ണിന് പ്രത്യേക ജൂറി പുരസ്കാരം
തിരുവനന്തപുരം: ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് മീഡിയവണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമര്‍ശം. അച്ചടി മാധ്യമങ്ങളില്‍ കേരളകൗമുദിയിലെ ഐ.വി. രൂപശ്രീയും ദൃശ്യമാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിലെ വി.പി. വിനീതയും മികച്ച റിപ്പോർട്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം മനോരമ ഓണ്‍ലൈനിനാണ്. മാതൃഭൂമി ഓണ്‍ലൈന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. ശ്രവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഓള്‍ ഇന്ത്യ റേഡിയോയും പ്രവാസിഭാരതി 810 എ.എമ്മും പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.