പൊന്‍തിളക്കത്തോടെ അവാര്‍ഡ്; കമ്മട്ടിപ്പാടം ഇളകിമറിഞ്ഞു

കൊച്ചി: എറണാകുളത്തുകാര്‍ കരുത്തല ദേശമെന്നും കമ്മട്ടിപ്പാടമെന്നും വിളിക്കുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റേഷന് എതിര്‍വശത്തെ റെയില്‍വേ പാളത്തിന് സമീപപ്രദേശത്തെ വിനായകന്‍െറ തലങ്ങണത്രെ തറവാട്ടില്‍ വൈകുന്നേരം നാലരയോടെതന്നെ ടി.വി തുറന്നുവെച്ചിരുന്നു. അമ്മ തങ്കമ്മയും ജ്യേഷ്ഠന്മാരും കുടുംബാംഗങ്ങളും പ്രതീക്ഷകളോടെ കാത്തിരുന്നു.

സഹോദരന്മാരായ വിക്രമന്‍, വിജയന്‍, ഭാര്യമാരായ പ്രമീള, ഗംഗ, മറ്റൊരു സഹോദരന്‍ വിദ്യാധരന്‍െറ ഭാര്യ ഷൈലജ, അവരുടെ മക്കള്‍...അഞ്ചുമണിയോടെ മന്ത്രി എ.കെ. ബാലന്‍െറ വാര്‍ത്തസമ്മേളനം തത്സമയം. മികച്ചനടന്‍ വിനായകന്‍... മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ വീട്ടിനകത്ത് ആഹ്ളാദത്തിന്‍െറ  ആര്‍പ്പുവിളികളുയര്‍ന്നു.

പാളത്തിന്‍െറ തൊട്ടപ്പുറത്ത് സുഹൃത്തുക്കള്‍ മാലപ്പടക്കത്തിന് തിരികൊളുത്തി. ഒപ്പം ശിങ്കാരിമേളവുമുയര്‍ന്നു. ഏവരുടെയും പ്രതീക്ഷകളാണ് നിറവേറിയത്. അവാര്‍ഡ് ലഭിച്ചാലുള്ള ആഘോഷങ്ങള്‍ക്ക് അവര്‍ നേരത്തേതന്നെ ഒരുങ്ങിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചാനല്‍ വാര്‍ത്തകള്‍ കണ്ട് പ്രതീക്ഷയിലായിരുന്നു വീട്ടുകാരും അയല്‍വാസികളും.

വീട്ടിലും പരിസരത്തും ആഹ്ളാദത്തിര ആഞ്ഞടിക്കുമ്പോള്‍ വിനായകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നാലരയോടെ പുറത്ത് പോയിരുന്നു. അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ 5.10 ഓടെ തിരിച്ചത്തെുമെന്നും പറഞ്ഞു. വാക്കുപാലിച്ച് വിനായകന്‍ എത്തി, അമ്മയെ ആലിംഗനം ചെയ്യാനും അവരില്‍നിന്ന് മധുരം വാങ്ങി കഴിക്കാനും. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘‘ദയവായി അഭിനയിക്കാന്‍ പറയരുത്’’ എന്നായിരുന്നു മറുപടി. ‘‘ജീവിതത്തില്‍ തനിക്ക് അഭിനയിക്കാനാവില്ല’’ എന്നും വിനായകന്‍ പറഞ്ഞു.

അപ്പോഴേക്കും സുഹൃത്തുക്കള്‍ എത്തി. അവരുമായി പുറത്തേക്ക്. കൊട്ടിക്കയറുന്ന ശിങ്കാരിമേളക്കാര്‍ക്ക് വിനായകനെ കണ്ടപ്പോള്‍ ഇരട്ടി ആവേശം. അല്‍പനേരം അവരുമൊത്ത് താളം പിടിച്ചു. തന്നെ കാത്തുനിന്ന അയല്‍വാസികളോട് കൈവീശി കാണിച്ചും കുശലാന്വേഷണം നടത്തിയും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തെ തട്ടുകടയിലേക്ക്. അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ച വിനായകന്‍ മാധ്യമപ്രവര്‍ത്തകരെയും ക്ഷണിച്ചു. ഈ സമയമത്രയും മറ്റൊരു വിലയേറിയ വ്യക്തി സ്ഥലത്തുണ്ടായിരുന്നില്ല-ഓറിയന്‍റല്‍ കമേഴ്സ്യല്‍ ബാങ്ക് മാനേജറായ ഭാര്യ വിനീത. കഴിഞ്ഞ അഞ്ചുമാസമായി കെ.എസ്.ആര്‍.ടി.സിക്ക് സമീപം ഫ്ളാറ്റിലാണ് വിനായകനും ഭാര്യയും താമസം. അതിനുമുമ്പ് വാടക ഫ്ളാറ്റിലായിരുന്നു.

ഫയര്‍ ഡാന്‍സറായിരുന്ന വിനായകന് സ്വന്തമായി നൃത്തസംഘമുണ്ടായിരുന്നു. മോഹന്‍ലാലിന്‍െറ ‘മാന്ത്രിക’ത്തില്‍ ഫയര്‍ ഡാന്‍സറായാണ് സിനിമയില്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളില്‍ 38 സിനിമയില്‍ അഭിനയിച്ചു. ഗുണ്ടകളുടെ കഥ പറയുന്ന ജയറാം നായകനായ ‘ഇവര്‍’ ചിത്രത്തില്‍ അന്ധനായ ഗുണ്ട വിനായകന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. മമ്മൂട്ടിയുടെ ‘ബിഗ് ബി, ‘ബെസ്റ്റ് ആക്ടര്‍’, സുരേഷ് ഗോപിയുടെ ‘ചിന്താമണി കൊലക്കേസ്’ എന്നീ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു.

 

Tags:    
News Summary - vinayakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.