കോഴിക്കോട് / തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വൈകീട്ട് 5.35ഓടെയാണ് മരണം.
പുതിയ സിനിമയുടെ ചർച്ചകൾക്കായി ശനിയാഴ്ച കോഴിക്കോെട്ടത്തിയതായിരുന്നു. രാത്രി എട്ടോടെ ഹോട്ടൽ മഹാറാണിയിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. ഞായറാഴ്ച രാവിലെയോടെ മൃതദേഹം തിരുവനന്തപുരം പേട്ടയിലെ വസതിയായ ‘ആദിത്യ’യിലെത്തിക്കും. ഉച്ചക്ക് ഒന്നരക്കുശേഷം കലാഭവനിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നരക്ക് ശാന്തികവാടത്തിലാണ് സംസ്കാരം.
തമിഴ്നാട് മധുരാന്തകത്തിൽ ജനിച്ച രാമചന്ദ്രബാബു മദ്രാസ് ലെയോള കോളജിൽനിന്നാണ് ബിരുദം നേടിയത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണ പഠനം പൂർത്തിയാക്കി. സഹപാഠി ജോണ്‍ അബ്രഹാമിെൻറ ‘വിദ്യാര്‍ഥികളേ ഇതിലേ ഇതലേ’യിലൂടെ അരങ്ങേറ്റംകുറിച്ചു. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1976ൽ ദ്വീപ്, 1978ൽ രതിനിർവേദം, 1980ൽ ചാമരം, 1989ൽ വടക്കൻ വീരഗാഥ എന്നിവക്കാണ് അവാർഡ് ലഭിച്ചത്. സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്ന രാമചന്ദ്രബാബു മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലായി 130ലേറെ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
സ്വപ്നാടനം, കോലങ്ങൾ, മേള, നിര്‍മാല്യം, ബന്ധനം, സൃഷ്ടി, അമ്മേ അനുപമേ, ഇതാ ഇവിടെ വരെ, വാടകക്കൊരു ഹൃദയം, നിദ്ര, മര്‍മരം, ഗസൽ, കന്മദം എന്നിവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങൾ. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ‘പ്രൊഫസര്‍ ഡിങ്കന്റെ’ ചിത്രീകരണം പൂർത്തിയായിട്ടില്ല.
ഭാര്യ: കെ. ലതികറാണി. മക്കൾ: അഭിഷേക്, അഭിലാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.