പുലിമുരുകന്‍ ഇന്‍റര്‍നെറ്റിലിട്ട രണ്ടുപേര്‍ പിടിയില്‍; പ്രതികള്‍ക്ക് അന്താരാഷ്ട്രബന്ധമെന്ന് പൊലീസ് 

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇന്‍റര്‍നെറ്റിലിട്ട രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ പീലമേട് മുരുഗനഗര്‍ ഡി 68ല്‍ ഭുവനേഷ്, രാമനാഥപുരം പരമകുടി ചിന്തന അക്കര മാഡിയില്‍ സതീഷ് എന്നിവരെയാണ് ആന്‍റിപൈറസി സെല്‍ കോയമ്പത്തൂരില്‍നിന്ന് പിടികൂടിയത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളും വിദേശ ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന ഇവര്‍ക്ക് അന്താരാഷ്ട്രബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. www.tamilrockers.la എന്ന ടോറന്‍റ് സൈറ്റുവഴിയാണ് ഇവര്‍ പുലിമുരുകന്‍ അപ്ലോഡ് ചെയ്തത്. അന്താരാഷ്ട്രതലത്തില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്ന സൈറ്റിന്‍െറ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റര്‍മാരാണ് പിടിയിലായവരെന്നും പൊലീസ് പറയുന്നു. ഇവരുടെ കോയമ്പത്തൂര്‍, ചെന്നൈ ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ ഏഴ് ലാപ്ടോപ്പുകള്‍, നാല് ഹാര്‍ഡ് ഡിസ്കുകള്‍, ഒരു കമ്പ്യൂട്ടര്‍, ഒരു കാമറ, രണ്ട് മൊബൈല്‍ ഫോണ്‍, ഏഴ് വൈ-ഫൈ റൗട്ടറുകള്‍, 24000 രൂപ എന്നിവയും പിടിച്ചെടുത്തു. ഫിലിം എഡിറ്റിങ് സ്റ്റുഡിയോയുടെ മറവിലായിരുന്നു ഇവര്‍ സിനിമകള്‍ അപ്ലോഡ് ചെയ്തിരുന്നതത്രെ. 

പകര്‍പ്പവകാശമില്ലാതെ സിനിമകളും സോഫ്റ്റ്വെയറുകളും അപ്ലോഡ് ചെയ്തതുവഴി സിനിമാവ്യവസായത്തിനും നിര്‍മാതാക്കള്‍ക്കും സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കും ഭീമമായ സാമ്പത്തികനഷ്ടമാണ് ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു. പല പേരുകളിലും വ്യാജ വിലാസങ്ങളിലും പല സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഇവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ആഴ്ചകളുടെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്.

 ഇതിന് ആന്‍റിപൈറസി സെല്‍ ഡിവൈ.എസ്.പി എം. ഇക്ബാലിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഡിക്റ്റക്ടിവ് ഇന്‍സ്പെക്ടര്‍മാരായ ജിംസ്റ്റല്‍, രതീഷ്, തുളസി, ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എസ്. ഷാന്‍, ബെന്നി, സുബീഷ്, കണ്ണന്‍ ബോസ്, സൈബര്‍ സെല്‍ വിദഗ്ധന്‍ ബിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നും www.tamilrockers.com സൈറ്റ് തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായും ആന്‍റിപൈറസി സെല്‍ എസ്.പി പി.ബി. രാജീവ് അറിയിച്ചു. 
 
Tags:    
News Summary - two arrested spread pulimurugan piracy copy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.