കോഴിക്കോട്: മലയാളികൾക്ക് വിവരമുണ്ടെങ്കിലും തെരഞ്ഞെടുക്കാൻ പറ്റിയ കക്ഷികളില്ലാത്തതാണ് പ്രശ്നമെന്ന് നടൻ ശ്രീനിവാസൻ. പ്രകൃതി-പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ‘പരിസ്ഥിതി രാഷ്ട്രീയത്തിെൻറ പ്രസക്തിയും സാധ്യതകളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ഉത്തരേന്ത്യക്കാർക്ക് വിവരമില്ലാത്തതാണ് പ്രശ്നം. എന്നാൽ, ഇൗനാംപേച്ചി പോയാൽ മരപ്പട്ടി ഭരണത്തിൽ വരുമെന്ന സ്ഥിതിയാണ് കേരളത്തിൽ.
ഇന്ത്യയിൽ ഏതെങ്കിലും രാഷ്്ട്രീയ കക്ഷി മറ്റേതിനേക്കാൾ നല്ലത് എന്ന് തോന്നുന്നില്ല. തന്ത്രപൂർവമുണ്ടാക്കിയ മുദ്രാവാക്യത്തിൽ പറയുംേപാലെ ലക്ഷം, ലക്ഷം പേരെ പിന്നാലെ നടത്തിക്കുന്ന നേതാവ് നമുക്ക് വേണ്ട. നമുക്കൊപ്പം നടക്കുന്ന നേതാക്കളാണ് വേണ്ടത്. പരിസ്ഥിതി പ്രശ്നങ്ങളടക്കം പരിഹരിക്കാൻ സർക്കാറുകളോട് അപേക്ഷിച്ചിട്ട് കാര്യമില്ല. പകരം പരിസ്ഥിതി പ്രവർത്തകർ ഭരണം പിടിച്ചടക്കണം.
അവരിലേക്ക് അധികാരം വരുകയാണ് വേണ്ടത്. അങ്ങനെയുള്ള ജനാധിപത്യരാഷ്്ട്രത്തിൽ തനിക്ക് എം.എൽ.എയാകണമെന്നില്ല. എന്നാൽ, എപ്പോഴും അതിെൻറ കൂടെയുണ്ടാകും. ജനാധിപത്യമില്ലാത്ത രാഷ്ട്രങ്ങളേക്കാൾ മോശമാണ് ഇന്ത്യയിലെ സ്ഥിതി. ഗുണ്ടാധിപത്യമോ പണാധിപത്യമോ രാഷ്ട്രീയാധിപത്യമോ ഒക്കെയാണ് നടക്കുന്നത്.
കള്ളവോട്ട് ചെയ്താൽ എങ്ങനെ ജനാധിപത്യം വരും. ഒറ്റത്തെരഞ്ഞെടുപ്പിൽ 14 കള്ളവോട്ട് വരെ ചെയ്തയാൾ വിരൽ വല്ലാതെ എരിയുന്നുവെന്ന് പറയുന്നത് കേട്ട അനുഭവം തനിക്കുണ്ട്. പെരിയാറിെൻറ തീരത്ത് മാത്രം റെഡ് കാറ്റഗറിയിൽപെട്ട 83 ഫാക്ടറികളുണ്ട്. കോഴിയിലും വെളിച്ചെണ്ണയിലും കൊടിയ വിഷമാണ്. എൻഡോസൾഫാൻ നിരോധിച്ചാലും അതിൽ മുക്കിയെടുത്ത കറിവേപ്പിലയാണ് നമുക്ക് കിട്ടുന്നത്.
കാറ് കയറിയാൽ ചക്രം പൊട്ടിപ്പോകുന്ന തരത്തിൽ ഒരിക്കലും കേടാകാത്ത തക്കാളിയാണ് വിപണിയിൽ. പശ്ചിമഘട്ടത്തിൽ നൂറുകണക്കിന് ക്വാറികൾക്കാണ് അനുമതി കൊടുത്തത്. ഇതെല്ലാം വെറുതെ സർക്കാറിനോട് പറയുന്നതിന് പകരം ജനം ഇടപെടുകയാണ് വേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു.
ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. ഗവ. ലോ കോളജ് അസോ. പ്രഫസർ ഡോ. സി. തിലകാനന്ദൻ വിഷയമവതരിപ്പിച്ചു. ജോൺ പെരുവന്താനം, ഡോ. കെ. ശ്രീകുമാർ, ഡേവിസ് വളർക്കാട്, അഡ്വ. പി.എ. പൗരൻ, അംശുലാൽ, പ്രഫ. ശോഭീന്ദ്രൻ, പി. വാസു എന്നിവർ സംസാരിച്ചു. വി.എം. രവീന്ദ്രൻ സ്വാഗതവും എ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.